Connect with us

Editorial

വരള്‍ച്ചാ വര്‍ഷമോ?

Published

|

Last Updated

സംസ്ഥാനം വരള്‍ച്ചാ വര്‍ഷത്തിന്റെ പടിവാതില്‍ക്കലാണെന്ന കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് തികച്ചും ആശങ്കാജനകമാണ്. ആവശ്യത്തിലധികം മഴ കിട്ടുന്നുവെന്ന അഹങ്കാരത്തില്‍ വെള്ളം ധൂര്‍ത്തടിച്ചു തള്ളുന്ന നമ്മുടെ ജീവിതം മഴക്കുറവിന്റെയും വരള്‍ച്ചയുടെയും നാളുകളില്‍ ദുരിത പൂര്‍ണമായിരിക്കുമെന്നുറപ്പാണ്. ആപേക്ഷിക വരള്‍ച്ച മാത്രമാണ് നമ്മെ കാത്തിരിക്കുന്നതെന്ന് വേണമെങ്കില്‍ ആശ്വസിക്കാം. കാരണം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിക്കാറുള്ള ആത്യന്തിക വരള്‍ച്ചയില്‍ കേരളം എത്തിപ്പെടില്ലെന്ന് തന്നെയാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍ 2015 വരള്‍ച്ചാ വര്‍ഷമായി പ്രഖ്യാപിക്കാവുന്ന തരത്തിലാണ് മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നതെന്നതും ആഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നുമുള്ള നിരീക്ഷണം നിസ്സാരമായി തള്ളാനാകില്ല. വലിയ ഓര്‍മപ്പെടുത്തലുകള്‍ മുന്നോട്ട് വെക്കുന്നുണ്ട് ഈ കണക്കുകള്‍. പാരിസ്ഥിതികമായ കരുതല്‍ കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്. ജല ഉപയോഗത്തിലും പരിപാലനത്തിലും സംഭരണത്തിലുമെല്ലാം പരിപൂര്‍ണ അച്ചടക്കം പാലിച്ചില്ലെങ്കില്‍ ഭീകരമായ ഭാവിയാകും ഈ ഹരിത ദേശത്തെ കാത്തിരിക്കുന്നതെന്ന് ശാസ്ത്രീയ നിഗമനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മണ്‍സൂണ്‍ രണ്ടര മാസം പിന്നിടുമ്പോള്‍ കേരളത്തില്‍ 30 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ 1098 മില്ലി മീറ്ററാണ്. കിട്ടേണ്ടിയിരുന്നത് 1565.7 മില്ലി മീറ്റര്‍ മഴയായിരുന്നു. എല്ലാ ജില്ലകളിലും ഇക്കുറി ശരാശരിയില്‍ താഴെയാണ് മഴ ലഭിച്ചത്. ഏറ്റവും വലിയ മഴക്കുറവ് അനുഭവപ്പെട്ടത് പത്തനം തിട്ടയിലാണ്. 46 ശതമാനമാണിത്. കണ്ണൂരാണ് സ്ഥിതി ഭേദം. ഇവിടെ 21 ശതമാനമാണ് മഴക്കുറവ്. മറ്റ് ജില്ലകളിലെ കണക്കുകള്‍ ഇതിനിടയില്‍ കിടക്കുന്നു. കഴിഞ്ഞ വര്‍ഷം ശരാശരിയേക്കാള്‍ 12 ശതമാനം മഴ കിട്ടിയിരുന്നു. അന്ന് ജൂണിലും ജൂലൈയിലും മഴ കുറഞ്ഞപ്പോള്‍ ആഗസ്റ്റിലും സെപ്തംബറിലും താരതമ്യേന നല്ല മഴ കിട്ടിയതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തവണ മണ്‍സൂണിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ മഴ കുറയുകയും ആഗസ്റ്റില്‍ ഇതുവരെ കാര്യമായ മഴ പെയ്യാതിരിക്കുകയും ചെയ്തതാണ് ആശങ്ക വിതക്കുന്നത്. ആകെ മഴയുടെ 12 ശതമാനം പെയ്യേണ്ട സെപ്തംബറില്‍ ഇക്കുറി അത് പ്രതീക്ഷിക്കാനാകില്ലെന്നാണ് നിരീക്ഷകരുടെ പക്ഷം. ഈ കണക്കുകള്‍ വെച്ചാണ് വരള്‍ച്ചാ വര്‍ഷത്തിന്റെ മുന്നറിയിപ്പ് വരുന്നത്.
രണ്ടായിരത്തിന് ശേഷം മൂന്ന് വര്‍ഷങ്ങളിലാണ് സംസ്ഥാനത്ത് വരള്‍ച്ചാ വര്‍ഷം പ്രഖ്യാപിച്ചത്. 2002ലായിരുന്നു കടുത്ത വരള്‍ച്ച . അന്ന് 30ശതമാനത്തിലധികമായിരുന്നു മഴക്കുറവ്. തുടര്‍ന്ന് 2004ഉം 2012ഉം വരള്‍ച്ചാ വര്‍ഷങ്ങളായി. ഇത്തവണ ന്യൂനമര്‍ദങ്ങളൊന്നും രൂപപ്പെടാത്തത് മഴക്കുറവിന്റെ രൂക്ഷതയേറ്റുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. നദികളാലും കായലുകളാലും സ്വാഭാവിക ജല സ്രോതസ്സുകളാലും സമ്പന്നമായ കേരളീയ സാഹചര്യം ജല ഉപഭോഗത്തിന്റെ കാര്യത്തില്‍ ഗുരുതരമായ ഉദാസീനത സൃഷ്ടിക്കുന്നു. പരിസ്ഥിതി സംരക്ഷണവും വികസനവും ഏറ്റുമുട്ടുകയാണിവിടെ. ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് നടക്കുന്ന വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന പരുക്ക് അതീവ ഗുരുതരമാണ്. ഒരു വശത്ത് വികസനത്തിനായുള്ള മുറവിളി. മറുവശത്ത് കണ്ണുമടച്ചുള്ള പരിസ്ഥിതി വാദം. ഈ രണ്ട് ധാരയെയും സമന്വയിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ വികസന മാതൃക രൂപപ്പെടുത്തിയെടുക്കുകയെന്നത് മാത്രമാണ് പോംവഴി. ജലസ്രോതസ്സുകളെയും സംഭരണികളെയും മലിനമാക്കുന്നതില്‍ ആര്‍ക്കും ഒരു മനസ്സാക്ഷിക്കുത്തുമില്ല. വലിയ സാംസ്‌കാരിക മുന്നേറ്റം അവകാശപ്പെടുന്ന മലയാളി വൃത്തി കെട്ട വലിച്ചെറിയല്‍ സംസ്‌കാരം ഉപേക്ഷിക്കാത്തിടത്തോളം കാലം ഇവിടെ ജീവജലം സംരക്ഷിക്കപ്പെടില്ല. ഉത്തരവാദിത്വ പൂര്‍ണമായ ജല ഉപയോഗ സംസ്‌കാരം നാം ആര്‍ജിക്കേണ്ടതുണ്ട്. “ആടി മുകില്‍ മാല കുടിനീരു തിരയുന്നു, ആറുകളൊക്കെയുമൊഴുക്കു തിരയുന്നു” എന്ന കവി വാക്യം ഇതാണ് ഓര്‍മപ്പെടുത്തുന്നത്.
മഴ കുറയുന്നതിന് ആനുപാതികമായി ഭൂഗര്‍ഭ ജലവും കുറയുന്നുണ്ട്. അടിമണ്ണിലൂടെ വരേണ്ട ഉറവ നിലച്ചു പോകുന്നു. ഇത് വരള്‍ച്ചയുടെ കാഠിന്യം കൂട്ടും. കേരളത്തിലെ ചില പ്രദേശങ്ങളിലെങ്കിലും മരുവത്കരണത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വരണ്ട മേഖലയില്‍ കാണപ്പെടുന്ന 34 ഇനം പക്ഷികള്‍ ഇവിടെ കണ്ടു തുടങ്ങിയെന്നതും ചില ദേശാടന പക്ഷികളുടെ വരവും ഓറഞ്ച് പോലുള്ള പഴ വര്‍ഗങ്ങള്‍ വിളയുന്നതുമെല്ലാം ഈ ലക്ഷണങ്ങളില്‍ ചിലതാണ്. വര്‍ഷപാതവും കാലാവസ്ഥയുമെല്ലാം മനുഷ്യ നിയന്ത്രണത്തിന് പുറത്താണ്. അവ പ്രവചാനാതീതവുമാണ്. ദൈവത്തിന്റെ നടത്തിപ്പിലാണ് അവയെല്ലാം. മനുഷ്യന്‍ വിനീത വിധേയന്‍ മാത്രം. ഈ വിധേയത്വം അംഗീകരിച്ചു കൊണ്ട് പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ മഹാദുരന്തങ്ങള്‍ വഴിമാറിപ്പോകുകയുള്ളൂ.