Connect with us

Articles

പലിശരഹിത ക്രമത്തിന്റെ പ്രസക്തി

Published

|

Last Updated

കമ്പോള സമ്പദ്ഘടനയുടെ വിപണി ഘടകങ്ങളെ ഇസ്‌ലാം നിഷേധിക്കുകയോ സ്വകാര്യ ഉടമസ്ഥതാവകാശത്തെ പൂര്‍ണ്ണമായി അവഗണിക്കുകയോ ചെയ്യുന്നില്ല. ലാഭേച്ഛയും ഒരു പരിധിവരെ സ്വീകാര്യമാണ്. സമൂഹത്തിന്റെ അസന്തുലിതാവസ്ഥക്ക് ഇടയാക്കുന്ന പലിശ, ചൂതാട്ടം, ഊഹക്കച്ചവടം തുടങ്ങിയ നിരവധി ശീലങ്ങളെ ഇത് സൃഷ്ടിക്കുകയും സമ്പത്ത് ഏതാനും വ്യക്തികളുടെ കരങ്ങളില്‍ കേന്ദ്രീകരിക്കാനിടയാക്കുകയും ചെയ്യുന്ന സാഹചര്യത്തെ വ്യത്യസ്ത സാമ്പത്തിക സങ്കേതങ്ങള്‍ വഴി ഇസ്‌ലാം തടയുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് പലിശരഹിത, ആസ്തിയധിഷ്ഠിത ധനവിനിയോഗമാണ്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ ബേങ്കുകളും ധനകാര്യസ്ഥാപനങ്ങളും പണത്തെയും കടലാസ് പ്രമാണത്തെയുമാണ് ധനവിനിമയ മാധ്യമങ്ങളായി കൈകാര്യം ചെയ്യുന്നത്. എന്നാല്‍ നൂറ് രൂപ എന്നത് നൂറ് രൂപക്ക് തുല്യം എന്നല്ലാതെ മറ്റൊരു വില അതിനില്ല. പണത്തെ ഉപഭോഗ വസ്തുവിനെപ്പോലെ കണക്കാക്കുമ്പോഴാണ് അത് ഉപയോഗിക്കുന്നതിന് വിലയായി പലിശ രംഗപ്രവേശം ചെയ്യുന്നത്. സഹജ മൂല്യമുള്ള ഒരു വസ്തു പണത്തിന് പകരം വില്‍ക്കുമ്പോഴോ വ്യത്യസ്ത കറന്‍സികള്‍ പരസ്പരം കൈമാറുമ്പോഴോ മാത്രമാണ് ലാഭം ഉത്ഭവിക്കുന്നത്. പണത്തിന് പകരം പണം വിനിമയം നടത്തി ലാഭമുണ്ടാക്കുന്നത് പലിശയാണ്. പലിശയാകട്ടെ നിഷിദ്ധവും. അതിനാല്‍ സാമ്പ്രദായിക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി യഥാര്‍ഥ ആസ്തിയും സ്റ്റോക്കെടുപ്പും(Inventory) സൃഷ്ടിക്കുന്ന പ്രത്യക്ഷ ആസ്തികളെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിലെ ധനവിനിയോഗം.
ഇസ്‌ലാമിക ശരീഅത്ത് പ്രകാരം മുശാറക, മുദാറബ എന്നിവയാണ് ധനവിനിയോഗത്തിന്റെ ഉദാത്തവും യഥാര്‍ഥവുമായ ഉപകരണങ്ങള്‍. ഇവിടെ ധനദാതാവ് പണം നല്‍കുമ്പോള്‍ അത് പ്രകൃത്യാ പ്രയോജനത്വമുള്ള ആസ്തിയാക്കി മാറ്റാന്‍ കഴിയുന്നു. ആസ്തികളുടെ വില്‍പനയിലൂടെയാണ് ഇവിടെ ലാഭം ലഭിക്കുന്നത്.
സലം, ഇസ്തിസ്‌ന, ഇജാറ, മുഅജ്ജല്‍ ഇവകളിലൂടെയുള്ള ഇടപാടിലൂടെ ലഭിക്കുന്ന ആസ്തികള്‍ കമ്പോളത്തില്‍ വില്‍പ്പന നടത്തി ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് മുമ്പ് വിശദീകരിച്ചിട്ടുണ്ടല്ലോ. ലീസിംഗ്, മുറാബഹ എന്നിവ വകഭേദം വരുത്തിയും സമ്മിശ്രമായും ശരീഅത്ത് അനുശാസിക്കുന്ന രീതിയല്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
പലിശാധിഷ്ഠിത വായ്പകള്‍ സമാനമായ വിഭവങ്ങളോ സേവനങ്ങളോ ഉത്പാദിപ്പിക്കുന്നില്ല. പലിശ കൃത്രിമ പണം സൃഷ്ടിക്കുകയും വിലവര്‍ധനവിനുള്ള പ്രധാന കാരണമാകുകയും ചെയ്യുന്നു എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. വിഭവങ്ങളുടെ ഉത്പാദനവും പണത്തിന്റെ വിതരണവും തമ്മിലുള്ള ഈ അന്തരം പണപ്പെരുപ്പത്തിന് കാരണമാകുന്നു. ഇസ്‌ലാമിക ധനവിനിമയം ആസ്തികളെ അടിസ്ഥാനമാക്കി ആയതിനാല്‍ അതിന്റെ വളര്‍ച്ച എല്ലായ്‌പോഴും വിഭവങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആനുപാതികമായിട്ടായിരിക്കും.
പലിശരഹിത സംവിധാനത്തില്‍ മൂലധനവും സംരംഭകത്വവും ഉത്പാദനത്തിന്റെ രണ്ട് ഘടകങ്ങളായി കാണുന്നില്ല. മറിച്ച്, ഒന്നായി കാണുകയും വാണിജ്യ സംരംഭത്തില്‍ മൂലധനമിറക്കുന്ന ഓരോ വ്യക്തിയും അതിന്റെ നഷ്ടബാധ്യത സഹിക്കാന്‍ കടപ്പെട്ടവനാണെന്നതിനാല്‍ ബിസിനസ് സംരംഭം കരസ്ഥമാക്കുന്ന ലാഭത്തിന്റെ ആനുപാതിക വിഹിതം ലഭിക്കാനും അര്‍ഹതപ്പെട്ടവനാണ്. ബിസിനസ് റിസ്‌കിനെ സംബന്ധിച്ചിടത്തോളം മൂലധനവും സംരംഭകത്വവും പ്രകൃത്യാ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നിശ്ചിത ശതമാനം പലിശ എന്നതിന് പകരം മൂലധനം ലാഭം തിരിച്ച് നല്‍കുന്നു. ബിസിനസ് കൂടുതല്‍ ലാഭകരമാണെങ്കില്‍ മൂലധനത്തില്‍ നിന്നുള്ള വരുമാനവും ഉയര്‍ന്നിരിക്കും. കൂടാതെ എല്ലാവര്‍ക്കും തുല്യമായി വിഹിതപ്പെടുന്നു. എന്നാല്‍ വാണിജ്യ വ്യവസായിക സംരംഭങ്ങള്‍ക്ക് ബേങ്കുകള്‍ നല്‍കുന്ന വായ്പ യഥാര്‍ഥത്തില്‍ ബേങ്കുകളിലെ നിക്ഷേപകരുടെ പണമാണ്. ഒരു വ്യക്തി ബേങ്കില്‍ നിന്നും നിശ്ചിത ശതമാനം (ഉദ:10%) പലിശക്ക് വായ്പ എടുത്ത് ബിസിനസ് നടത്തി വന്‍ ലാഭമുണ്ടാക്കമ്പോള്‍ (ഉദാ:50%) വളരെ കുറഞ്ഞ വിഹിതമാണ് നിക്ഷേപകര്‍ക്ക് (ഉദാ:7%) പലിശവരുമാനമായി ലഭിക്കുന്നത്. ഇതിന് പകരം ബേങ്കിലെ മുഴുവന്‍ നിക്ഷേപകര്‍ക്കും തങ്ങളുട നിക്ഷേപത്തിനാനുപാതികമായി ബിസിനസിലെ വരുമാനം വീതിക്കപ്പെടുമ്പോള്‍ ലാഭം എല്ലാവര്‍ക്കും തുല്യ അളവില്‍ വിതരണം ചെയ്യുന്ന അവസ്ഥയുണ്ടാകും. ധനം ഏതാനും വ്യക്തികളുടെ കരങ്ങളില്‍ കേന്ദ്രീകരിക്കുന്നത് ഇല്ലാതാക്കാനും സമൂഹത്തില്‍ മൊത്തത്തില്‍ അതിന്റെ പ്രയോജനം ലഭ്യമാക്കാനും ഇടയാക്കും.
ധനം സമ്പാദിക്കുന്നവനും വിനിയോഗിക്കുന്നവനും തമ്മില്‍ കൂട്ടായ്മ ഉണ്ടായാല്‍ പ്രത്യുത്പാദനപരമായി രാജ്യം വളരെ പുരോഗമിക്കും. പലിശരഹിത ബേങ്കിംഗിന്റെ അടിസ്ഥാന തത്വം ഇതാണ്. സാമ്പ്രദായിക ബേങ്കുകള്‍ പണത്തിന്റെ ഉടമയേയും സംരംഭകനെയും യോജിപ്പിക്കുന്നത് പലിശകൊണ്ട് മാ്രമാണ്. സംരംഭകന് നഷ്ടം വന്നാലും ലാഭം 100% ഉണ്ടായാലും ഒരു നിശ്ചിത തുക (Fixed Rate of Interest ) ബാങ്കിലടച്ചുകൊണ്ടിരിക്കുന്നു. ഇത് എന്തുകൊണ്ടും ഒരു സാമ്പത്തിക അനീതിയാണ്. ധനം എവിടെയെങ്കിലും കുന്നുകൂടുകയും കൃഷി, കച്ചവടം, വ്യവസായം മുതലായവ കാര്യക്ഷമമായി ചെയ്യാന്‍ കഴിവുള്ളവര്‍ ആവശ്യത്തിന് മൂലധനമില്ലാതെ വിഷമിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് പുരോഗതി ഉണ്ടാവില്ല. രണ്ടുകൂട്ടരേയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ബേങ്കുകള്‍. നിലവിലുള്ള ബേങ്കുകള്‍ പലിശയിലധിഷ്ഠിതമായി ബന്ധിപ്പിക്കുമ്പോള്‍ പലിശരഹിത ബേങ്കുകള്‍ ലാഭനഷ്ടങ്ങളില്‍ പങ്കാളികളാക്കിക്കൊണ്ടും ബിസിനസ് റിസ്‌ക് ഷെയര്‍ ചെയ്തുകൊണ്ടുമാണ് ബന്ധിപ്പിക്കുന്നത്. ഇവിടെ ബിസിനസ് നടത്തുന്നവന് നഷ്ടം വന്നാല്‍ മറ്റൊരാള്‍ ഷെയര്‍ ചെയ്യാനുണ്ട് എന്ന സാഹചര്യം കൂടുതല്‍ ഉത്സാഹത്തോടെ ഏത് റിസ്‌കും ഏറ്റെടുത്ത് നടത്താനുള്ള സാഹചര്യം ഒരുക്കുന്നു.
പലിശാധിഷ്ഠിത ബേങ്കിംഗ് സമ്പ്രദായത്തില്‍ കടമെടുക്കുന്നവന്‍ അതുകൊണ്ട് ലാഭമുണ്ടാക്കിയാലും ഇല്ലെങ്കിലും ഒരു നിര്‍ണ്ണിത ശതമാനം പലിശ അടച്ചുകൊള്ളണമെന്ന കരാറിലാണല്ലോ ഏര്‍പ്പെടുന്നത്. ഇത് ഇസ്‌ലാമിക് സമ്പദ്ഘടനയില്‍ ഒരിക്കലും അംഗീകരിക്കാവതല്ല. മാത്രമല്ല പ്രത്യുത്പാദനപരമല്ലാത്ത സാമ്പത്തിക ഇടപാടാണ് പലിശയിലധിഷ്ഠിതമായിട്ടുള്ളത്. പ്രത്യുത്പാദനപരമല്ലാത്ത പണം വര്‍ധിക്കുന്നത് സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുകയും സാമൂഹ്യ വ്യവസ്ഥിതിയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് വിലവര്‍ധനവിന് കാരണമാകുന്നു. സമ്പന്ന വര്‍ഗ്ഗം ദരിദ്ര വര്‍ഗ്ഗത്തിന്റെ പണം തട്ടിയെടുക്കാനുള്ള ചൂഷണോപാധിയായാണ് പലിശയെ കാണുന്നത്. കൂടാതെ പലിശ മനുഷ്യനെ അലസനാക്കുകയും ചെയ്യുന്നു.
വിതരണത്തിലെ അനീതിക്കും സാധനങ്ങളുടെ വിലവര്‍ധനവിനും നാണ്യപ്പെരുപ്പത്തിനും പലിശാധിഷ്ഠിത വ്യവസ്ഥ കാരണമാകുന്നത് പോലെ തന്നെ പണത്തെ ഒരു ഉപഭോഗ വസ്തുവായിക്കണ്ട് ഒരു വിലയായി പലിശയെ കണക്കാക്കുകയും മൂലധനത്തിന്റെ കാര്യക്ഷമത കുറയാനും ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ കമ്പോള മാന്ദ്യവും നാണയപ്പെരുപ്പത്തിനും കാരണമാകുകയും സാമ്പത്തിക വിതരണത്തിന് അസന്തുലിതാവസ്ഥ ഉണ്ടാകാനും കാരണമാകുന്നു.
(തുടരും)

 

---- facebook comment plugin here -----

Latest