നെടുമ്പാശ്ശേരിയില്‍ ഇന്നുമുതല്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും

Posted on: August 17, 2015 8:55 am | Last updated: August 17, 2015 at 8:55 am
SHARE

HAJJ 2015
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇത്തവ ണ നടക്കുന്ന ഹജ്ജ് യാത്ര സുഗമമാക്കുന്നതിന് ഇന്ന് മുതല്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് നെടുമ്പാശേരിയില്‍ പ്രവര്‍ ത്തനം ആരംഭിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ വിമാനത്താവള അറ്റകുറ്റപ്പണി കേന്ദ്രമായ ഹാങ്കറിലാണ് ഹജ്ജ് കമ്മിറ്റിയുടെ ഓഫീസ് താത്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിച്ചിട്ടുള്ള താത്കാലിക ഹജ്ജ് ക്യാമ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി.
മൂത്രപ്പുര, റെസ്റ്റോറന്റുകള്‍, വിശ്രമമുറികള്‍, സന്ദര്‍ശക ഗാലറികള്‍ തുടങ്ങിയവക്ക് വേണ്ടി താത്കാലികമായി പണികഴിപ്പിക്കുന്ന കെട്ടിടങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും പണികളാണ് നടന്നുവരുന്നത്. കൊച്ചി വിമാനത്താവളം വഴി ഹജ്ജ് യാത്രക്ക് ട്രെയിന്‍ വഴി എത്തുന്നവരെ സ്വീകരിക്കാന്‍ ആലുവയില്‍ പ്രത്യേക സംവിധാനവും ഹെല്‍പ്പ് ഡെസ്‌ക്കും ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് 24ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി പ്രതിനിധികള്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അധികൃതര്‍, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍, മറ്റ് സുരക്ഷാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. 31ന് ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കും. സെപ്തംബര്‍ രണ്ടിന് ഉച്ചക്ക് 2.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് യാത്ര ആരംഭിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓരോ വിമാനങ്ങള്‍ എല്ലാ ദിവസവും ഹജ്ജ് യാത്രക്കായി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.
ഹജ്ജ് യാത്രക്ക് എയര്‍ ഇന്ത്യയുടെ ഷെഡ്യൂള്‍ ലഭിച്ചാല്‍ ഹാജിമാരെ വിവരമറിയിക്കും. വിമാന സമയത്തിനും 20 മണിക്കൂര്‍ മുമ്പ് ക്യാമ്പില്‍ എത്തിച്ചേരണമെന്ന് ഹാജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാജിമാര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ താത്കാലിക ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ഇതിനകം എല്ലാ ജില്ലകളിലും പൂര്‍ത്തിയായിട്ടുണ്ട്. ഹാജിമാര്‍ക്ക് കൈയില്‍ കരുതാനുള്ള രേഖകള്‍, 1500 റിയാല്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ തുടങ്ങിയവ ക്യാമ്പില്‍ വിതരണം ചെയ്യും. ഹജ്ജിനെ കുറിച്ചും ഉംറയെ കുറിച്ചും വിവിധ പണ്ഡിതന്മാരുടെ ക്ലാസുകളും ക്യാമ്പില്‍ നടക്കും. 14 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജ് യാത്ര നടക്കുന്നത്.