Connect with us

Kerala

സര്‍ക്കാര്‍ ഇടപെടല്‍ ഫലം കാണുന്നില്ല; ഓണത്തിന് വന്‍വില നല്‍കേണ്ടിവരും

Published

|

Last Updated

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്ന ഈ ഓണക്കാലത്ത് പൊതുവിപണിയില്‍ ഇടപെടാനുള്ള സര്‍ക്കറിന്റെ നീക്കം ഫലം കാണാത്തതിനാല്‍ ഇത്തവണ ഓണം ആഘോഷിക്കുന്ന മലയാളിക്ക് വന്‍ വില നല്‍കേണ്ടി വരും.
പച്ചക്കറിയും പലവ്യഞ്ജനവും ഉള്‍പ്പെടെ എല്ലാ അവശ്യ സാധനങ്ങള്‍ക്കും പൊതുവിപണിയില്‍ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയില്‍ നേരിയ കുറവുണ്ടെങ്കിലും ഈ ആഴ്ചയില്‍ വിലയുടെ ഗ്രാഫ് നന്നായി ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് ദിവസങ്ങള്‍ മാത്രമെയുള്ളൂവെങ്കിലും ഓണം മുന്നില്‍ കണ്ടുള്ള കച്ചവടം മന്ദഗതിയിലാണെന്നും അവര്‍ പറഞ്ഞു. വിപണിയില്‍ ക്രമാതീതമായ വിലക്കയറ്റമുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ചിരുന്നു.
പൊതുവിപണിയിലെ വില നിയന്ത്രിക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. മാവേലിസ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ വിലക്കൂടുതലാണ്. മാവേലി സൂപ്പര്‍മാര്‍ക്കറ്റുകളിലും സമാനമായ അവസ്ഥയാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ നീതി സ്റ്റോറുകള്‍ സംസ്ഥാനത്തൊട്ടാകെ പ്രതിസന്ധിയിലും. ഈ സാഹചര്യത്തിലാണ് വിലക്കയറ്റം രൂക്ഷമായത്. ഉള്ളി ഇനങ്ങള്‍ക്കാണ് വില കുതിച്ചുയരുന്നത്. ഒരു കിലോ വെളുത്തുള്ളിക്ക് 95 രൂപയാണ് വില. സവാള 46ഉം ഉള്ളി 30 ആണ്. പാവയ്ക്ക-35, ഇഞ്ചി-40, പയര്‍-45 എന്നിങ്ങനെയാണ് വില. കാരറ്റ്-35, ബീന്‍സ്-27, ബീറ്റ് റൂട്ട്-20, മുരിങ്ങ-14, പച്ചമുളക് 24, കറിവേപ്പില-30, മല്ലിയില-27, ഏത്തക്ക-38, തക്കാളി-20 എന്നിങ്ങനെ പോകുന്നു പച്ചക്കറി വില. ഓണക്കാലത്ത് പൊതുവെ വിലകൂടാറുണ്ടെങ്കിലും ഈ വര്‍ഷത്തെ വിലക്കയറ്റം അതിശയിപ്പിക്കുന്നതാണെന്ന് ചാല മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ പലവ്യഞ്ജനങ്ങള്‍ക്കും വിലകൂടി.
കണ്‍സ്യൂമര്‍ ഫെഡിന് സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുള്ളത് 450 കോടിയിലേറെ രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം മാത്രം സര്‍ക്കാറില്‍ നിന്ന് 3.46 കോടി ലഭിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ നിലനില്‍പ്പിന് മാര്‍ഗമില്ലാതെയാണ് നന്മ ഉള്‍പ്പെടെയുള്ള സ്റ്റോറുകള്‍ അടച്ചുപൂട്ടേണ്ടി വന്നതെന്ന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കണ്‍സ്യൂമര്‍ഫെഡിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലയര്‍മാര്‍ക്ക് നല്‍കാനുള്ളത് 357.99 കോടി രൂപയാണ്. അതിനാലാണ് സ്റ്റോറുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തത്. വിലക്കയറ്റം കഠിനമായിട്ടും 25 കോടി രൂപ മാത്രമാണ് ഓണവിപണിക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതും കണ്‍സ്യൂമര്‍ഫെഡിന് തിരിച്ചടിയായി. അരിവരവ് നിലച്ചത് അരിയുടെ വില വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 100 കോടിയോളം രൂപയാണ് ആന്ധ്രയിലെ അരി വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക.
കണ്‍സ്യൂമര്‍ ഫെഡിന്റെ മാത്രം കുടിശ്ശികയാണിത്. ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും സര്‍ക്കാര്‍ പൊതുവിപണിയില്‍ കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന ആക്ഷേപം രൂക്ഷമാണ്. ചോദ്യപേപ്പര്‍ മാറി; ഐ എസ് ആര്‍ ഒയുടെ പരീക്ഷ മുടങ്ങി

---- facebook comment plugin here -----

Latest