Connect with us

Kerala

ഹനീഫ വധത്തെ മുന്‍ നിര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് സി പി എം ശ്രമം

Published

|

Last Updated

ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് ഹനീഫയെ മാതാവിന്റെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയ പ്രചാരണവുമായി സി പി എം രംഗത്തെത്തി. ഹനീഫയുടെ വീട്ടില്‍ സി പി എം പ്രാദേശിക നേതാക്കള്‍ നടത്തുന്ന പതിവു സന്ദര്‍ശനത്തിനു പുറമെ ഇന്നലെ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എം പിയും ഹനീഫയുടെ വീട്ടിലെത്തി. ഇവര്‍ക്ക് പുറമെ ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഹനീഫയുടെ വീട് സന്ദര്‍ശിക്കുന്നുണ്ട്.
ഡി വൈ എഫ് ഐ ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരദേശ മേഖലയില്‍ വ്യാപകമായി ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തി കഴിഞ്ഞു. “ശ്രദ്ധ തിരിക്കുക” എന്ന തലക്കെട്ടോടെയുള്ള ബോര്‍ഡില്‍ ഹനീഫയുടെയും മക്കളുടെയും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ഭാഗമായുണ്ടായ ഹനീഫ വധം സംസ്ഥാന വ്യാപകമായി പ്രചരിപ്പിച്ചാല്‍ വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടം കൊയ്യാമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍.
അതേസമയം 2014 മാര്‍ച്ച് രണ്ടിന് പെരിഞ്ഞനം തളിയപ്പാടത്ത് ആളുമാറി കൊലചെയ്യപ്പെട്ട നവാസിന്റെ വീട്ടില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സന്ദര്‍ശനം നടത്താത്ത പിണറായി ചാവക്കാട്ടെ ഹനീഫയുടെ വീട്ടിലെത്തിയതിനെ ചൊല്ലി സേഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്. പെരിഞ്ഞനത്തെ ഡി വൈ എഫ് ഐ നേതാവായിരുന്ന ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട അക്രമികള്‍ അന്ന് ആളുമാറി നവാസിനെ കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെരിഞ്ഞനം നവാസ് കൊലക്കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം പത്ത് പേര്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Latest