അക്കാദമിക രംഗത്തെ എന്‍ ഡി എ സര്‍ക്കാറിന്റെ കൈകടത്തലിനെതിരെ അമര്‍ത്യാ സെന്‍

Posted on: August 17, 2015 6:26 am | Last updated: August 17, 2015 at 12:26 am
SHARE

VBK-AMARTYA_SEN_921820f

ന്യൂഡല്‍ഹി: എന്‍ ഡി എ സര്‍ക്കാറിന്റെ അക്കാദമിക് രംഗത്തെ കൈകടത്തലിനെ രൂക്ഷമായി വിമര്‍ശിച്ച് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. അക്കാദമിക് വിഷയങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ അസാധാരണമാം വിധം പതിവായെന്നും അങ്ങേയറ്റം രാഷ്ട്രീയത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായല്ല അക്കാദമിക് രംഗങ്ങളില്‍ സ്വന്തം താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാറുകള്‍ ഇടപെടുന്നത്. മുന്‍ യു പി എ സര്‍ക്കാറിന്റെ കാലത്തും ഇടപെടലുകള്‍ ഉണ്ടായിരുന്നു. എന്നാ ല്‍, നിലവിലെ സര്‍ക്കാറിന്റെ ഇടപെടല്‍ അത്യന്തം രാഷ്ട്രീയപരവും സാധാരണവുമായിരിക്കുന്നു. 81കാരനായ സെന്നിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ദി കണ്‍ട്രി ഓഫ് ഫസ്റ്റ് ബോയ്‌സ്’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയുടെ ചരിത്രവും ഭാവിയിലെ ആവശ്യങ്ങളും തമ്മിലുള്ള ധാരണ അന്വേഷിക്കുന്ന പുസ്തകമാണിത്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് ഹിന്ദുത്വ മുന്‍ഗണനകള്‍ പ്രചരിപ്പിക്കുന്നവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഐ സി എച്ച് ആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്) മേധാവിയായി യെല്ലപ്രഗഡ സുദര്‍ശന്‍ റാവുവിനെ നിയമിച്ചത് മികച്ച ഉദാഹരണമായി സെന്‍ ചൂണ്ടിക്കാട്ടുന്നു.
ചരിത്ര ഗവേഷകന്‍ എന്ന നിലക്ക് അദ്ദേഹം ഇതുവരെ അറിയപ്പെട്ടിട്ടില്ലെങ്കിലും ഹിന്ദുത്വ വീക്ഷണങ്ങളില്‍ പേരെടുത്തയാളാണ്. ‘മോദി ദൈവത്തിന്റെ പുനരവതാരമാണെ’ന്ന അഭിപ്രായമുള്ള ലോകേഷ് ചന്ദ്രയാണ് ഐ സി സി ആറി (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ്)ന്റെ മേധാവി.
നളന്ദ സര്‍വകലാശാലയില്‍ മാത്രമല്ല മറ്റ് നിരവധി സ്ഥാപനങ്ങളില്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ സര്‍ക്കാര്‍ സദാജാഗരൂകരാണ്. ഈയടുത്ത കാലത്തായി ഇവയുടെ ബൗദ്ധിക സ്വാതന്ത്ര്യം അതീവ ഭീഷണിയിലുമാണ്. ഓക്‌സ്‌ഫോഡ് യൂനിവേഴ്സ്റ്റി പ്രസ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നീതി, സ്വത്വം, ദാരിദ്ര്യം, അസമത്വം, ലിംഗരാഷ്ട്രീയം, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, നളന്ദ യൂനിവേഴസിറ്റി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നളന്ദ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം അമര്‍ത്യാ സെന്‍ ഈയടുത്ത് പിന്‍വലിച്ചിരുന്നു. താന്‍ തുടരുന്നതില്‍ മോദി സര്‍ക്കാറിന് താത്പര്യമില്ലെന്ന് പറഞ്ഞായിരുന്നു പിന്‍വലിക്കല്‍. തുടര്‍ന്ന് സിംഗപ്പൂര്‍ മുന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് യോയെ ചാന്‍സലറായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
താന്‍ തുടരുന്നതില്‍ നളന്ദ ഗവേണിംഗ് ബോഡിയും സര്‍ക്കാറും തമ്മിലെ പോരാട്ടം വ്യക്തമായതിനാലാണ് താന്‍ ഒഴിയാന്‍ തീരുമാനിച്ചതെന്നും സെന്‍ പറയുന്നു.