വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കല്‍ നിര്‍ത്തിവെച്ചു

Posted on: August 17, 2015 6:19 am | Last updated: August 17, 2015 at 6:59 pm
SHARE

aadhaar

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ആഗസ്റ്റ് 11ലെ ഉത്തരവ് കണക്കിലെടുത്ത് വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്ന പദ്ധതി മറ്റൊരുത്തരുവുണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചുകൊണ്ട് തിരഞ്ഞടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഇതിനായി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തി വ്യക്തത വരുത്താനുള്ള എന്‍ ഇ ആര്‍ പി എ പി പദ്ധതി പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാരുടെ ആധാര്‍ നമ്പറുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഈ പദ്ധതി പ്രകാരമുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടരും. എന്നാല്‍, ഇക്കാലയളവിനുള്ളില്‍ യു ഐ ഡി (യുനീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) യുമായി ബന്ധിപ്പിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ ഡുകളെ അതില്‍ നിന്ന് ഡീലിങ്ക് ചെയ്യണമെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന സാങ്കേതികവിദ്യ കുറ്റമറ്റതല്ലെന്നും ഇത്തരം വിവരങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും ചൂണ്ടിക്കാട്ടി പൗരാവകാശ ഫോറം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിട്ടുണ്ട്.
പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ എല്ലാ ഡാറ്റാബേസുകളിലെ വിവരങ്ങളും എത്രയും പെട്ടെന്ന് നശിപ്പിക്കണമെന്നാണ് പൗരാവകാശ സംഘടനകളുടെ ആവശ്യം.