Connect with us

National

സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഒരു റാങ്ക് ഒരു പെന്‍ഷനില്ല

Published

|

Last Updated

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തത് കേന്ദ്ര സര്‍ക്കാറിന് പുതിയ തലവേദനയാകുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ശനിയാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഇതുസംബന്ധിച്ച കൃത്യമായ പ്രഖ്യാപനം ഉണ്ടാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കായി ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ റിലേ നിരാഹാരം സത്യഗ്രഹം നടത്തുന്ന റിട്ട. സൈനിക ഉദ്യോഗസ്ഥര്‍ രോഷാകുലരായാണ് പ്രതികരിച്ചത്. മോദി പറയുന്ന ടീം ഇന്ത്യയില്‍ തങ്ങളില്ലേ എന്ന് അവര്‍ ചോദിച്ചു. വര്‍ഷങ്ങളായി വിമുക്തഭടന്മാര്‍ ഉന്നയിക്കുന്ന ആവശ്യം മുന്‍ സര്‍ക്കാറുകള്‍ തുടര്‍ച്ചയായി നിരാകരിച്ചത് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം മാത്രമായി ഒതുങ്ങിയതിന്റെ നിരാശയിലും രോഷത്തിലുമാണ് വിമുക്ത ഭടന്മാര്‍.
പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തിലേറെയായി ഡല്‍ഹി ജന്തര്‍ മന്തറില്‍ വിമുക്തഭടന്മാരുടെ സമരം തുടരുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കല്ലു കടിയാകുമെന്നതിനാല്‍ സമരം നടത്തുന്നവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. കാര്‍ഗില്‍ യുദ്ധ വിജയത്തിന് നേതൃത്വം നല്‍കിയ സൈനിക മേധാവിയെ ഇടനിലക്കാരനായി നിയോഗിച്ച് സമരം അവസാനിപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തിയിരുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന പതിവ് പ്രഖ്യാപനത്തില്‍നിന്ന് വ്യത്യസ്തമായി ഒന്നും ഈ സ്വാതന്ത്ര്യ ദിനത്തിലും ഉണ്ടായില്ല. വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ജന്തര്‍ മന്തറിലെ സമര വേദിയിലിരുന്ന് വിമുക്ത ഭടന്മാര്‍ കണ്ടത്. പ്രസംഗം പൂര്‍ത്തിയായപ്പോള്‍ വിമുക്ത ഭടന്മാരില്‍ നിരാശയും രോഷവും പടര്‍ന്നു. സമയക്രമം പോലും പ്രഖ്യാപിക്കാതെ വന്നതോടെ വിമുക്ത ഭടന്‍മാര്‍ സര്‍ക്കാറിനെതിരെ രോഷാകുലമായി മുദ്രാവാക്യം വിളിച്ചു. സമരം ശക്തമായി തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
20 വര്‍ഷത്തിലേറെയായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണെന്നും ഇതുവരെ ഒരു സര്‍ക്കാറിനും സാധ്യമായിട്ടില്ലെന്നും താനും അതില്‍ വിജയിച്ചിട്ടില്ലെന്നും ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ മോദി പറഞ്ഞു. വാഗ്ദാനം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. 2014നെ അടിസ്ഥാനമാക്കി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാണ് വിമുക്ത ഭടന്മാരുടെ ഇപ്പോഴത്തെ ആവശ്യം. 2011 അടിസ്ഥാനമാക്കി പെന്‍ഷന്‍ അനുവദിക്കുകയെന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 20,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

---- facebook comment plugin here -----

Latest