സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകള്‍ അഴിമതിയുടെ വിളനിലം

Posted on: August 17, 2015 6:05 am | Last updated: August 17, 2015 at 12:09 am
SHARE

checkpost

കൊല്ലം: സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകള്‍ അഴിമതിയുടെ വിളനിലമാകുമ്പോഴും ഇത് തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, പാലക്കാട് ജില്ലയിലെ വാളയാര്‍ എന്നീ ചെക്ക്‌പോസ്റ്റുകളില്‍ അഴിമതി അനസ്യൂതം തുടരുകയാണ്. കൃത്യമായ പടി നിശ്ചയിച്ചാണ് ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പുനലൂര്‍ ചെങ്കോട്ട ദേശീയപാതയില്‍ തെന്മലക്ക് സമീപമാണ് ആര്യങ്കാവ് ചെക്ക്‌പോസ്റ്റ്. തമിഴ്‌നാട്ടില്‍ നിന്നും മധ്യതിരുവിതാംകൂറിലേക്ക് ചരക്കുകള്‍ എത്തിക്കുന്നത് പ്രധാനമായും ഈ ചെക്ക്‌പോസ്റ്റ് വഴിയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് വരുമ്പോള്‍ ആദ്യം ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ്. പിന്നീട് എക്‌സൈസ്, സെയില്‍ ടാക്‌സ്, ആര്‍ ടി ഒ എന്നീ ക്രമത്തിലാണ് ചെക്ക്‌പോസ്റ്റുകള്‍. സെയില്‍ ടാക്‌സ് ചെക്ക്‌പോസ്റ്റില്‍ ലോഡനുസരിച്ച് കണക്കു പറഞ്ഞ് പണം വാങ്ങുമ്പോള്‍ എക്‌സൈസ്, ആര്‍ ടി ഒ ചെക്ക്‌പോസ്റ്റുകളില്‍ പടിയാണ്. സിമന്റ് ലോറികള്‍ക്ക് പത്തുരൂപ മാത്രമാണ് പടി. എന്നാല്‍ പച്ചക്കറി വണ്ടികളും മറ്റുമാകുമ്പോള്‍ പടി നൂറിലേക്കെത്തും. ടാങ്കറുകളില്‍ നിന്ന് 500 രൂപ വരെ എക്‌സൈസുകാര്‍ വാങ്ങാറുണ്ടെന്ന് ലോറിക്കാര്‍ പറയുന്നു. തടി ലോറികള്‍ മാത്രമാണ് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ പരിശോധിക്കുന്നത്. വാഹനത്തിന്റെ അടുത്തുവന്ന് പരിശോധിക്കുന്ന രീതിയൊന്നും ഇവിടെയില്ല. എല്ലാ ലോഡിലും തടിയുടെ നീളം നിശ്ചയിച്ചിട്ടുള്ളതിലും അധികമായിരിക്കും. അതുകൊണ്ടുതന്നെ കൈമടക്ക് വാങ്ങി പാസ് നല്‍കുകയാണ് ചെയ്യുന്നത്. ആര്‍ ടി ഒ ചെക്ക്‌പോസ്റ്റിലും നിത്യവും പതിനായിരങ്ങളാണ് കോഴ വാങ്ങുന്നത്. കടത്തിക്കൊണ്ടുവരുന്ന ലോഡുകള്‍ക്ക് പണം ഇടനിലക്കാരന്‍ മുഖാന്തരമാണ് കൈമാറ്റം ചെയ്യുന്നത്. സ്പിരിറ്റ് ലോറികളും മറ്റും വരുമ്പോള്‍ കൃത്രിമത്തിരക്കുണ്ടാക്കി വാഹനങ്ങള്‍ കടത്തിവിടുകയാണ് പതിവെന്ന് ലോറിക്കാര്‍ പറയുന്നു.
ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളെയും പടി വാങ്ങുന്നതില്‍ നിന്ന് ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഒഴിവാക്കാറില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അയ്യപ്പഭക്തരുടെ ഓരോ വാഹനങ്ങള്‍ക്കും നൂറുരൂപ വീതമാണ് നല്‍കേണ്ടത്. വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റിലെ കാഴ്ചകള്‍ ഇതിനെക്കാളെല്ലാം ഞെട്ടിക്കുന്നതാണ്. ഇവിടെയും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങളുമായെത്തുന്നവര്‍ തന്നെയാണ് സീലടിക്കലും മറ്റും ചെയ്യുന്നത്. പ്രധാന കൗണ്ടറിനുള്ളില്‍ രണ്ട് ജീവനക്കാര്‍ ഇരിക്കുമ്പോള്‍ ഒരാള്‍ പുറത്ത് കറങ്ങിനടന്ന് വാഹനങ്ങള്‍ നിയന്ത്രിക്കുകയും ലോഡിനനുസരിച്ച് പടി വാങ്ങുകയും ചെയ്യും. വാങ്ങുന്ന പണം പേപ്പറില്‍ പൊതിഞ്ഞ് പുറത്തേക്കുകൊണ്ടുപോകും. ഇത് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും ഏജന്റുമാരുണ്ട്.
സമീപ നാളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ആര്യങ്കാവിലെ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ കഥകള്‍ പുറത്തുവന്നിരുന്നു. മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ ഒരു ദിവസം സര്‍ക്കാറിന് 39,000 രൂപ വരുമാനം ലഭിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് പടിയായി ഒന്നര മണിക്കൂറിനുള്ളില്‍ ലഭിച്ചത് 10,250 രൂപയാണെന്ന് കണ്ടെത്തി. ആര്യങ്കാവിലെ വില്‍പ്പന നികുതി, എക്‌സൈസ്, ആര്‍ ടി ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് ഡി വൈ എസ് പി. ബി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ചെക്ക്‌പോസ്റ്റുകളില്‍ ഓണം പ്രമാണിച്ച് വ്യാപകമായി പണം പിരിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു മിന്നല്‍ പരിശോധന. ആര്‍ ടി ചെക്ക്‌പോസ്റ്റില്‍ ഏജന്റുമാര്‍ മുഖാന്തരം പണം പിരിക്കുന്നതായി ആരോപണമുണ്ടായിരുന്നെങ്കിലും വിജിലന്‍സ് പരിശോധനയില്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍, നികുതിയിനത്തില്‍ സര്‍ക്കാറിന് ഒരു ദിവസം 39,000 രൂപ പിരിഞ്ഞുകിട്ടിയപ്പോള്‍ പടിയായി ഒന്നര മണിക്കൂറിനുള്ളില്‍ 10,250 രൂപ ലോറിക്കാര്‍ നല്‍കിയിരുന്നു. ആര്‍ ടി ചെക്ക്‌പോസ്റ്റില്‍ എ എം വി ഐ, ഓഫീസ് അസിസ്റ്റന്റ് എന്നിവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. വാഹന ജീവനക്കാര്‍ രേഖകളോടൊപ്പം ലോഡിന്റെ തോത് അനുസരിച്ച് 100 രൂപക്ക് മുകളിലുള്ള തുകയാണ് നല്‍കുന്നത്. വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റില്‍ കമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ ഉള്‍പ്പെടെ എട്ട് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്ന് ഡിക്ലയര്‍ ചെയ്തതില്‍ നിന്ന് അധികമായി 970 രൂപ കണ്ടെടുക്കുകയും ഓഫീസിനുള്ളില്‍ നിന്നും കണക്കില്‍പ്പെടാത്ത 830 രൂപ പിടിച്ചെടുക്കുകയും പരിശോധനാവേളയില്‍ പടിയായി 500 രൂപ ലഭിക്കുകയും ചെയ്തു. എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവിടെ പരിശോധന നടത്തിയ ഒന്നര മണിക്കൂര്‍ കൊണ്ട് 1630 രൂപ വാഹനത്തിലെ ഡ്രൈവര്‍മാര്‍ പടിയായി നല്‍കുകയുണ്ടായെന്നും വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പാലക്കാട് ജില്ലയിലെ വാളയാര്‍ ചെക്ക്‌പോസ്റ്റാണ് അഴിമതിയുടെ മറ്റൊരു കേന്ദ്രം. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും ഏറ്റവുമധികം ചരക്കുനീക്കം നടക്കുന്നത് ഇതുവഴിയാണ്. ഏറ്റവുമധികം അഴിമതി നടക്കുന്നതും ഇവിടെത്തന്നെ. അഴിമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും പാളുന്ന കാഴ്ചയാണ് വാളയാറിലുള്ളത്. ഏറ്റവുമൊടുവില്‍ നടപ്പാക്കിയ ഇ -ഡിക്ലറേഷനും പോരായ്മകള്‍ നിറഞ്ഞതാണ്. എക്‌സൈസ്, ആര്‍ ടി ഒ, വില്‍പ്പന നികുതി ചെക്ക് പോസ്റ്റുകളാണ് ഇവിടെയുള്ളത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നതിനാല്‍ കിട്ടുന്ന കാലാവധിക്കുള്ളില്‍ പരമാവധി സമ്പാദിക്കുകയാണ് മിക്കവരുടെയും ലക്ഷ്യം.
പാഴ്‌സല്‍ വണ്ടികള്‍ക്ക് 50 രൂപയാണ് പടി. രേഖകള്‍ വെറുതെ മറിച്ചുനോക്കുന്നതൊഴിച്ചാല്‍ മറ്റൊരു പരിശോധനയുമില്ല. പണം നല്‍കാന്‍ അല്‍പ്പം മടിച്ചാല്‍ കേസെടുക്കണോ എന്ന ചോദ്യം വരും. എക്‌സൈസ് ചെക്ക്‌പോസ്റ്റിലും പടി നല്‍കിയാല്‍ പരിശോധനയില്ല. പാഴ്‌സല്‍ വണ്ടികളില്‍ നിന്ന് ലോഡ് കൊണ്ടുവരുന്നയാളുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് തുക പറഞ്ഞുറപ്പിക്കും. അതിനും പണം വാങ്ങാനുമൊക്കെ ഏജന്റുമാരുണ്ട്. എല്ലാം പറഞ്ഞുറപ്പിച്ചശേഷമാകും ലോറികള്‍ വിട്ടയക്കുക. വിജിലന്‍സ് പരിശോധന ശക്തമായതോടെയാണ് ഈ ബദല്‍ മാര്‍ഗം കണ്ടെത്തിയത്. വാളയാറില്‍ ശാസ്ത്രീയമായ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇന്നും കടലാസിലാണ്. സംയോജിത ചെക്ക്‌പോസ്റ്റ് നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട പണത്തില്‍ നല്ലൊരു ഭാഗം ജീവനക്കാര്‍ കീശയിലൊതുക്കുന്ന പ്രവര്‍ത്തനമാണ് സംസ്ഥാനത്തെ എല്ലാ ചെക്ക്‌പോസ്റ്റുകളിലും നടക്കുന്നത്.