Connect with us

Kerala

ശശീന്ദ്രന്‍ കേസ്: വി എം രാധാകൃഷ്ണനെ സഹായിക്കാന്‍ സി പി എം ശ്രമിച്ചെന്ന മൊഴി വിവാദമാകുന്നു

Published

|

Last Updated

പാലക്കാട്: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച കേസുകളില്‍ വിവാദ വ്യവസായി വി എം രാധാകൃഷ്ണനെ സഹായിക്കാന്‍ സി പി എം മൂന്ന് പ്രത്യേക യോഗങ്ങള്‍ വിളിച്ചുവെന്ന് പൊതുപ്രവര്‍ത്തകന്‍ മൊഴി നല്‍കിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയുടെ പ്രസിഡന്റ് ഐസക് വര്‍ഗീസ് സി ബി ഐക്ക് മൊഴി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. തുടക്കം മുതല്‍ ഐസക് വര്‍ഗീസിന്റെ നിലപാടുകള്‍ സംശയകരമായിരുന്നെന്നും ശശീന്ദ്രന്‍ കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട ഐസക് വര്‍ഗീസിന്റെ സംഘടന പിന്നീട് സി പി എമ്മുമായി സഖ്യമുണ്ടാക്കിയെന്നും മൊഴി പുറത്തുവിട്ട ശശീന്ദ്രന്റെ സഹോദരന്‍ ഡോ. സനല്‍കുമാര്‍ പറഞ്ഞു. എന്നാല്‍ തന്റെ മൊഴി സംബന്ധിച്ച വാര്‍ത്ത തെറ്റാണെന്നും പൂര്‍ണ രൂപത്തിലുള്ള മൊഴി തന്റെ പക്കലുള്ളത് അടുത്തദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഐസക് വര്‍ഗീസ് അറിയിച്ചു. ശശീന്ദ്രന്‍ കേസില്‍ രാധാകൃഷ്ണനെ സഹായിക്കാന്‍ സി പി എം രംഗത്തിറങ്ങിയതായും മൂന്ന് തവണ ഐസക് വര്‍ഗീസ് ഇടനിലക്കാരനായി സി പി എം യോഗം വിളിച്ചെന്നും ഐസക് വര്‍ഗീസ് സി ബി ഐക്ക് മൊഴി നല്‍കിയെന്നാണ് ഡോ. സനല്‍കുമാറിന് ലഭിച്ച മൊഴിപ്പകര്‍പ്പിലുള്ളത്. അഴിമതിക്കേസ് നല്‍കിയതിനെത്തുടര്‍ന്ന് നേരത്തെ പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ടയാളായിരുന്നു ഐസക് വര്‍ഗീസെങ്കിലും മലബാര്‍ സിമന്റ്‌സ് സംബന്ധിച്ച കേസുകളില്‍ ഇദ്ദേഹം സജീവമായിരുന്നതാണ് ഇടനിലക്കാരാനാകാന്‍ കാരണമെന്ന് സി ബി ഐക്ക് മൊഴി നല്‍കിയെന്ന് ഡോ. സനല്‍കുമാര്‍ പറയുന്നു. എന്നാല്‍ സി പി എം നേതാക്കളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അത് വി എം രാധാകൃഷ്ണനെ സഹായിക്കുന്നതിനല്ല, മറിച്ച് കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടിയായിരുന്നെന്നും ഐസക് വര്‍ഗീസ് പറഞ്ഞു. കൊല്ലങ്കോട് പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ ഒരു വട്ടവും രാധാകൃഷ്ണന്റെ ഓഫീസില്‍ രണ്ട് തവണയും ഇത്തരത്തില്‍ യോഗങ്ങള്‍ ചേര്‍ന്നതായി മൊഴിയുണ്ട്. ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച് ഐസക് വര്‍ഗീസ് നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായതായും വാര്‍ത്തകളുണ്ടായിരുന്നു. കേസ് സംബന്ധിച്ച് രാധാകൃഷ്ണനെ താന്‍ കണ്ടതായും അദ്ദേഹത്തിന് പറയാനുള്ളത് കേട്ടതിന് ശേഷമാണ് കേസുമായി മുന്നോട്ടു പോകേണ്ടെന്ന് തീരുമാനിച്ചതെന്നും ഐസക് വര്‍ഗീസ് പറയുന്നു.
ശശീന്ദ്രന്‍ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആദ്യം കേസ് കൊടുത്തത് ഐസക് വര്‍ഗീസിന്റെ സംഘടനയായിരുന്നു. ശശീന്ദ്രന്‍ കേസില്‍ വി എം രാധാകൃഷ്ണനെ സഹായിക്കാന്‍ സി പി എം പ്രാദേശിക നേതൃത്വം മുന്നിട്ടിറങ്ങിയെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ സി പി എം നേതൃത്വം തുടര്‍ച്ചയായി ഇത് നിഷേധിക്കുകയായിരുന്നു. സി പി എം നേതാക്കളും രാധാകൃഷ്ണനുമായി കേസില്‍ നടന്ന ആശയവിനിമയം നിഷേധിക്കുന്നില്ലെങ്കിലും പാര്‍ട്ടി തന്നെ ഇടനിലക്കാരാക്കി ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ഐസക് വര്‍ഗീസിന്റെ ആരോപണം. ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ അടുത്ത ദിവസം മൊഴിപ്പകര്‍പ്പ് പുറത്തുവിടുമെന്നും അദ്ദേഹം പറയുന്നു. സി പി എം ചാക്ക് രാധാകൃഷ്ണനുമായി നടത്തിയ ഗൂഢാലോചനകളെത്തുടര്‍ന്ന് ശശീന്ദ്രന്‍ കേസ് അട്ടിമറിക്കപ്പെട്ടത് എവിടെയും അന്വേഷണ വിധേയമായിട്ടില്ല- ഡോ. സനല്‍കുമാര്‍ പറഞ്ഞു.
ഐസക് വര്‍ഗീസിന്റെ മൊഴി ഇത് സാധൂകരിക്കുന്നു. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്നതാണ്. സി ബി ഐ രേഖപ്പെടുത്തിയ മൊഴി നിഷേധിക്കാവുന്നതല്ല. സി പി എമ്മുമായി സന്ധി ചെയ്തും ഗൂഢാലോചന നടത്തിയുമാണ് ചാക്ക് രാധാകൃഷ്ണന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് ഡോ. സനല്‍കുമാര്‍ പറഞ്ഞു.

Latest