പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി ഗ്രാന്‍ഡ് മോസ്‌ക്ക് സന്ദര്‍ശിച്ചു

Posted on: August 16, 2015 11:25 pm | Last updated: August 17, 2015 at 6:58 pm
SHARE

Narendra-Modi-take-a-selfie.jpg.image.784.410

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ പ്രസിദ്ധമായ ഷെയ്ഖ് സെയ്ദ് ഗ്രാന്‍ഡ് മോസ്‌ക്ക് സന്ദര്‍ശിച്ചു.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ യു എ ഇ സമയം ഉച്ചയ്ക്ക് 2.55 ന് എത്തിയ അദ്ദേഹത്തിന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ യു എ ഇ ഉപപ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഉപസര്‍വസൈന്യാധിപനുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. യു എ ഇ സന്ദര്‍ശനത്തിനായി ഇന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെയെത്തിയത്. ഉജ്ജ്വലമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. നാളെ അദ്ദേഹം ദുബായിലേക്ക് പോകും.

യു എ ഇയിലെ പ്രൊട്ടോക്കോള്‍ തെറ്റിച്ചാണ് കിരീടാവകാശി ഇന്ത്യന്‍ പ്രധാനമന്ത്രിയെസ്വീകരിക്കാന്‍ എത്തിയത്. അബുദാബി എയര്‍പോര്‍ട്ടില്‍ നരേന്ദ്രമോദിക്കായി പ്രത്യേക ഗാര്‍ഡ് ഓഫ് ഓര്‍ണറും തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും അബുദാബിയിലെ എമിറേറ്റ്‌സ് ഹോട്ടലിലേക്ക് പോയി.

തിങ്കളാഴ്ച ദുബായ് ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. 50,000 ലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കും. കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

യു എ ഇ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീവ്രവാദം അടക്കമുള്ളവ ചര്‍ച്ചാവിഷയമാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിടെ വിലപ്പെട്ട സുഹൃത്താണ് യു എ ഇയെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യ വ്യാപാര രംഗത്തെ പ്രമുഖരുമായും ചര്‍ച്ചകള്‍ നടത്തും. 28,000 ത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലും മോദി സന്ദര്‍ശനം നടത്തും. തിരഞ്ഞെടുക്കപ്പെട്ട 300 ഓളം തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

നാളെ രാവിലെ എട്ടരയ്ക്ക് ഹൈടെക്‌സിറ്റിയായ അബുദാബി മസ്ദര്‍ സിറ്റി മോദി സന്ദര്‍ശിക്കും. 34 വര്‍ഷം മുന്‍പ് യു എ ഇ സന്ദര്‍ശിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയില്‍ സന്ദര്‍ശനത്തിനെത്തുന്നത്.