Connect with us

International

ഇന്തോനേഷ്യന്‍ വിമാനം കാണാതായി

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും വിമാന ദുരന്തം. 54 യാത്രക്കാരുമായി ജയപുരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. പപുവയിലെ ഉള്‍പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പപുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയില്‍ നിന്ന് ഒക്‌സിബില്ലിലേക്ക് പുറപ്പെട്ട ട്രിഗാന എയറിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ബിന്‍ടാംഗ് മലമ്പ്രദേശത്തു നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗ്രാമീണരാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്. ഉടന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട എ ടി ആര്‍- 42 വിമാനത്തില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ 49 യാത്രക്കാരാണുണ്ടായിരുന്നത്. അഞ്ച് പേര്‍ വിമാനത്തിലെ ജീവനക്കാരാണ്. പ്രാദേശിക സമയം 2.21നാണ് വിമാനം സെന്റാനി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. അര മണിക്കൂറിനുള്ളില്‍ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വിമാനം തകര്‍ന്നുവീണത് മലമ്പ്രദേശമായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതിന് തടസ്സമായി.
വിമാനം കാണാതായതിന് പിന്നാലെ തിരച്ചിലിനായി പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചിറക്കി. 1991 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ട്രിഗാന കമ്പനി ഓപറേറ്റ് ചെയ്ത 14 വിമാനങ്ങള്‍ വലിയ അപകത്തില്‍പ്പെട്ടിട്ടുണ്ട്. 2007ല്‍ കമ്പനിയെ യൂറോപ്യന്‍ യൂനിയന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 192 യാത്രക്കാരുമായി പോയ എയര്‍ ഏഷ്യ വിമാനം ജാവ സമുദ്രത്തില്‍ കഴിഞ്ഞ ഡിസംബറില്‍ തകര്‍ന്നുവീണിരുന്നു.

Latest