വിളിച്ചാലുടന്‍ ഓട്ടോ; ‘ഏയ് ഓട്ടോ’ പദ്ധതി ഉടന്‍

Posted on: August 15, 2015 2:21 pm | Last updated: August 15, 2015 at 2:21 pm
SHARE

hey auto logo---------------3കോഴിക്കോട്:ഓട്ടോ ഡ്രൈവര്‍മാരെ കുറിച്ച് നല്ലത് മാത്രം കേട്ട കോഴിക്കോട്ട് ഇനി ഓട്ടോ വിളിച്ചാല്‍ വിളിപ്പുറത്ത്. യാത്രക്കാര്‍ക്ക് ഓട്ടോ സേവനം എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനായി ‘ഏയ് ഓട്ടോ’ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത് ജില്ലാ ഭരണകൂടമാണ്.
സമീപത്തുള്ള ഓട്ടോറിക്ഷകള്‍ ഏതൊക്കെയെന്നറിയാനും മൊബൈല്‍ സ്‌ക്രീനില്‍ തെളിയുന്ന നമ്പറില്‍ ഡ്രൈവറെ വിളിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഏയ് ഓട്ടോ. മികച്ച ഓട്ടോറിക്ഷാ സേവനത്തിന് പേരെടുത്ത കോഴിക്കോട് അത് കൂടുതല്‍ ജനസൗഹൃദവും സുരക്ഷിതവും ലാഭകരവുമാക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്. നിരവധി പുതിയ പദ്ധതികള്‍ അവതരിപ്പിച്ച് കൈയടി നേടിയ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് തന്നെയാണ് ഏയ് ഓട്ടോക്കും മുന്‍കൈയെടുക്കുന്നത്.
ഇന്റര്‍നെറ്റ് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഫോണിലെ പ്ലേസ്റ്റോറില്‍ നിന്ന് Hey Auto എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്ലിക്കേഷന്‍ തുറന്നാലുടന്‍ സമീപത്ത് ലഭ്യമായ ഓട്ടോകളുടെ നമ്പറും ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളും സ്‌ക്രീനില്‍ തെളിയും. ഡ്രൈവറുടെ നമ്പറില്‍ വിളിച്ചാല്‍ മിനിട്ടുകള്‍ക്കകം ഓട്ടോ കണ്‍മുന്നിലെത്തും. പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത ഓട്ടോകളുടെ വിവരങ്ങളാണ് മൊബൈലില്‍ തെളിയുക.
ഇതിന് ഓട്ടോ ഡ്രൈവര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനില്‍ പാസ്‌വേഡ് ഉപയോഗിച്ച് സൈന്‍ അപ് ചെയ്ത ശേഷം പേര്, ഓട്ടോ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഓട്ടത്തിന് റെഡിയാണെങ്കില്‍ ആപ്ലിക്കേഷനിലെ പ്രത്യേക ബട്ടന്‍ ഓണ്‍ ചെയ്താല്‍ മതി. വിശ്രമവേളകളില്‍ ഇത് ഓഫ് ചെയ്ത ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകില്ല. ഓട്ടോ തൊഴിലാളി സംഘടനകള്‍ വഴിയാണ് ഡ്രൈവര്‍മാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. വാട്ട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ വര്‍ക്ക് ചെയ്യുന്ന ഏതാണ്ടെല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഏയ് ഓട്ടോ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.
ഓണത്തിനു മുന്നോടിയായി ഏയ് ഓട്ടോ പദ്ധതി റിലീസ് ചെയ്യാനാവുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. ഏയ് ഓട്ടോ ആപ്പ് ഇപ്പോള്‍ തന്നെ മൊബൈലില്‍ ലഭ്യമാണെങ്കിലും ഔദ്യോഗിക ലോഞ്ചിംഗിനു ശേഷം മാത്രമേ സേവനം ആരംഭിക്കുകയുള്ളൂ. ഇതിന്റെ മുന്നോടിയായി ജില്ലാ കലക്ടര്‍ ഓട്ടോറിക്ഷാ യൂനിയന്‍ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്താനും താത്പര്യമുള്ളവരെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനും ഈ മാസം 18 ന് രാവിലെ 11 മണിക്ക് പോലിസ് ക്ലബില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള ശില്‍പശാല നടക്കും. യൂനിയന്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
യാത്രക്കാര്‍ക്കും ഓട്ടോക്കാര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് ഏയ് ഓട്ടോ പദ്ധതിയെന്ന് കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. യാത്രക്കാര്‍ക്ക് ഏത് പാതിരാത്രിയിലും എളുപ്പത്തില്‍ ഓട്ടോസേവനം ലഭ്യമാക്കാമെന്നും ഡ്രൈവര്‍മാര്‍ക്ക് ക്യൂ നിന്ന് വലയുകയോ യാത്രക്കാരെ തേടി അലയുകയോ വേണ്ടന്നതും ഇതിന്റെ സൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവറുടെ പേരിനു നേരെ സേവനത്തിന്റെ മികവനുസരിച്ച് സ്റ്റാറുകളുണ്ടാകുമെന്നതിനാല്‍ നല്ല ഓട്ടോക്കാര്‍ക്ക് കൂടുതല്‍ കസ്റ്റമേഴ്‌സിനെ നേടാനാവുമെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്.