Connect with us

Wayanad

കുടുംബശ്രീ ജില്ലാതല ഓണച്ചന്ത 19 മുതല്‍ കല്‍പ്പറ്റയില്‍ തുടങ്ങും

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാതല ഓണചന്ത ആഗസ്റ്റ് 19 മുതല്‍ 27 വരെ കല്‍പ്പറ്റയില്‍ നടക്കും. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്താണ് ചന്ത നടക്കുക. പഞ്ചായത്ത്, ബ്ലോക്ക് തല ചന്തകള്‍ ആഗസ്റ്റ് 23 മുതല്‍ 27 വരെ നടക്കും. ഒരു കോടി രൂപയാണ് ഈ വര്‍ഷം വിറ്റുവരവ് പ്രതീക്ഷിക്കുന്നത്.
ജില്ലാതല ചന്ത കല്‍പ്പറ്റയിലും നാല് ബ്ലോക്ക്തല ചന്തകളും 1 മുനിസിപ്പല്‍ തല ചന്തയും, 21 പഞ്ചായത്ത് തല ചന്തകളും നടക്കും.
ജില്ലാ തലത്തില്‍ മൂന്ന് ദിവസം നടത്തിയിരുന്ന ഓണചന്ത 10 ദിവസവും സി.ഡി.എസ് തലത്തില്‍ 3 പൂര്‍ണ്ണ ദിവസവും ചന്ത നടക്കും. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും പങ്കാളിത്തവും വൈവിദ്യവും ആവശ്യവും കണക്കിലെടുത്താണ് ചന്തകളുടെ ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.
കുടുംബശ്രീ ചന്തകളില്‍ ജൈവ പച്ചക്കറികള്‍, കാന്റീന്‍, ഭക്ഷ്യമേള, ചക്ക ഉല്‍പന്നങ്ങള്‍, പായസ മേള, ജിവിത ശൈലി രോഗനിര്‍ണ്ണയത്തിനായി സാന്ത്വനം കൗണ്ടര്‍, നാടന്‍ കോഴി ചന്ത, ആട് ചന്ത, അപ്പാരല്‍ പാര്‍ക്ക് ഉല്‍പന്നങ്ങള്‍, മാറ്റ് ഉല്‍പന്നങ്ങള്‍, വിവിധ തുണിയുല്‍പന്നങ്ങള്‍, ബ്രാന്‍ഡ് ചെയ്ത ഹോം ഷോപ്പ് ഉല്‍പന്നങ്ങള്‍, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിവിധയിനം പച്ചക്കറികളും ചന്തകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും. പ്രിയദര്‍ശിനി ചായപ്പൊടി ഓണ ചന്തകളില്‍ വില്‍പന നടത്തും.
ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 27 ഓണ ചന്തകള്‍ പ്രവര്‍ത്തിക്കും. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍പന നടത്തുക.
ജില്ലയിലെ മുഴുവന്‍ ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, സമഗ്ര യൂണിറ്റുകള്‍, വിവിധ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ ഓണ ചന്തയിലെത്തിക്കും. 27 ചന്തകളിലും ഹോംഷോപ്പ് ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കും.
23 മുതല്‍ 27 വരെ നടക്കുന്ന പഞ്ചായത്ത് ചന്തകള്‍ക്കായി പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറുമായി പ്രത്യേക സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കും. പഞ്ചായത്ത് തലത്തില്‍ സംരംഭകരുടേയും കൃഷി ഗ്രൂപ്പുകളുടേയും സംയുക്ത യോഗം ചേര്‍ന്ന് ഓണചന്ത വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനം ആരംഭിച്ചു.
ചന്തകള്‍ പ്ലാസ്റ്റിക്ക് മുക്തവും, ശുചിത്വം, അച്ചടക്കം എന്നിവ പ്രത്യേകം ശ്രദ്ധിക്കും. മികച്ച സംഘാടനം, സംരംഭങ്ങളുടെ പങ്കാളിത്തം, വൈവിധ്യം, ശുചിത്വം, ജനകീയമായ നടത്തിപ്പ്, വിറ്റുവരവ് എന്നിവക്ക് സി.ഡി.എസുകള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും.