ദക്ഷിണേന്ത്യയുടെ ടൂറിസം കവാടമായി നിലമ്പൂര്‍

Posted on: August 15, 2015 11:05 am | Last updated: August 15, 2015 at 11:05 am
SHARE

നിലമ്പൂര്‍: നിലമ്പൂരിനെ ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുന്ന ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ ഒന്നാം ഘട്ട സമര്‍പ്പണവും രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനവും നാളെ ഉച്ചതിരിഞ്ഞ് മൂന്നരക്ക് വടപുറം പാലത്തിന് സമീപം ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ആധ്യക്ഷത വഹിക്കും. പി വി അബ്ദുല്‍വഹാബ് എം പി മുഖ്യാതിഥിയായിരിക്കും. കലക്ടര്‍ ടി ഭാസ്‌ക്കരന്‍, നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് സംബന്ധിക്കും. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമായി നിലമ്പൂരിനെ മാറ്റുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായി ഒരു കോടി രൂപ ചെലവിട്ട് നിലമ്പൂരിന്റെ പ്രവേശന കവാടത്തില്‍ ടൈലുകള്‍ പാകി മനോഹരമാക്കി നടപ്പാതയും വിശ്രമ സ്ഥലും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ലഘുഭക്ഷണങ്ങള്‍ നല്‍കാന്‍ കുംടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു കഫ്റ്റീരിയയും സജ്ജമാക്കികഴിഞ്ഞു.
ഇനി കോഴിക്കോട് നിലമ്പൂര്‍ ഗൂഢല്ലൂര്‍ റോഡിലൂടെ നിലമ്പൂര്‍ വഴി ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിനേദ സഞ്ചാരികള്‍ക്ക് നിലമ്പൂരിന്റെ പ്രവേശന കവാടം വിശ്രമ കേന്ദ്രമായി മാറും. രണ്ടാം ഘട്ടമായി ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് ഒരു കോടി രൂപയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപയും ഉള്‍പ്പെടെ 1.80 കോടിയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. സഞ്ചാരികള്‍ക്ക് നിലമ്പൂരിന്റെ പ്രവേശന കവാടത്തില്‍ തന്നെ 90 സെന്റ് സ്ഥലത്ത് രണ്ടു നിലകളുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററും വിശ്രമ കേന്ദ്രവുമാണ് ഒരുക്കുന്നത്.
ആദിവാസി കലകള്‍ അടക്കമുള്ള നിലമ്പൂരിന്റെ തനത് കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ 500 പേര്‍ക്കിരിക്കാവുന്ന ആംഫി തിയറ്റര്‍, കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമമുറി, റസ്റ്ററന്റ്, കുട്ടികള്‍ക്ക് കളിക്കാനുള്ള മിനി പാര്‍ക്ക്, നിലമ്പൂരിലെ വനവിഭവങ്ങളും ഉത്പന്നങ്ങളും വില്‍ക്കുന്ന കടകള്‍, സുവനീര്‍ ഷോപ്പുകള്‍, നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും ഡിജിറ്റല്‍ വിവരങ്ങള്‍. അവിടങ്ങളിലേക്കുള്ള വാഹനസൗകര്യം ഇവിടെ ലഭ്യമാകും.
നിലമ്പൂരിലെ മലനിരകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ട്രക്കിംഗിന് ആവശ്യമായ ഉപകരണങ്ങളും പ്രകൃതി സൗഹൃദമായി നിലമ്പൂര്‍ കണ്ടറിയാന്‍ സൈക്കിളുകളും നല്‍കും. സഞ്ചാരികള്‍ക്ക് സൈക്കിള്‍ സവാരിക്കായി നിലമ്പൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സൈക്കിള്‍ പോയിന്റുകള്‍ ഉണ്ടാകും. ഒരു സ്ഥലത്തു നിന്നും മറ്റൊരു കേന്ദ്രത്തിലെത്തി അവിടെ സൈക്കിള്‍ തിരിച്ചു നല്‍കാവുന്ന ക്രമീകരണങ്ങളും സജ്ജീകരിക്കും. ഡി ടി പി സി യുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here