Connect with us

Malappuram

കല്ലാമൂല വള്ളിപ്പൂളയിലെ കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

Published

|

Last Updated

കാളികാവ്: കല്ലാമൂല വള്ളിപ്പുളയിലെ ഏതാനും കുടുംബങ്ങള്‍ വീണ്ടും കുടിയിറക്ക് ഭീഷണിയില്‍. വള്ളിപ്പൂള- ചിങ്കക്കല്ല് റോഡിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി അധിവസിക്കുന്ന പതിനൊന്ന് കുടുംബങ്ങള്‍ക്കാണ് കുടിയിറക്ക് ഭീഷണി.
ഈ കുടുംബങ്ങളുടെ താമസം 1977 ന് ശേഷമാണെന്നും ഇവിടത്തെ പതിനൊന്ന് കുടുംബങ്ങളുടേയും താമസം കയ്യേറ്റമാണെന്നും സൂചിപ്പിച്ച് വനം വകുപ്പിന്റെ പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അറിയിപ്പ് ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൈനാട്ടില്‍ അശ്‌റഫിന് കഴിഞ്ഞ ദിവസം ലഭിച്ചു. അതേ സമയം 2000 വരെ നികുതിയടച്ച് പോന്നതും നിരവധി തവണ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഭൂമിയിലെ താമസമാണ് ഇപ്പോള്‍ കൈയ്യേറ്റമായി വനം അധികൃതര്‍ വിശദീകരിക്കുന്നത്. ഇവിടെനിന്നും ഇറങ്ങിപ്പോവണമെന്നാണ് വനം വകുപ്പ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇവിടത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ പ്രദേശത്തെ ജന പ്രതിനിധികളടക്കം കുടുംബങ്ങളെ കുടിയിറക്കുന്നതിനെതിരെ രംഗത്തുവന്നു. തുടര്‍ന്ന് ചോക്കാട് പഞ്ചായത്ത് അശ്‌റഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉന്നത വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചോക്കാട് കൃഷി ഓഫീസര്‍ കെ വി ശ്രീജയും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നാല്‍പത് വര്‍ഷം മുമ്പേ തന്നെ ഇവിടെ ജനതാമസവും കൃഷിയും ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് കൃഷി വകുപ്പ് നല്‍കിയത്. എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് ആകെ മൂന്നേക്കറില്‍ താഴെ വരുന്ന സ്ഥലത്ത് വിലകൊടുത്തുവാങ്ങിയ അഞ്ചും പത്തും സെന്റും സ്ഥലത്ത് പതിറ്റാണ്ടുകളായി താമസിച്ച് കൃഷി നടത്തുന്ന കുടുംബങ്ങളെ ഒഴിപ്പിക്കുവാന്‍ അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് പരാതി. എന്നാല്‍ ഇതിനടുത്ത് തന്നെ ഉള്‍വനത്തില്‍ പച്ചയായി നടക്കുന്ന കൈയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും വന്‍കിടക്കാരുടെ കൈയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും പാവപ്പെട്ട കുടുംബങ്ങളെ ദ്രോഹിക്കുക്കുകയും ചെയ്യുന്നതാണ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നിലപാടെന്ന് ആക്ഷേപമുണ്ട്.