സ്‌ഫോടന പരമ്പര: ചൈന രാസായുധ വിദഗ്ധരെ പരിശോധനക്കയച്ചു

Posted on: August 15, 2015 12:17 am | Last updated: August 15, 2015 at 12:17 am
SHARE

CHINAബീജിംഗ്: സ്‌ഫോടന പരമ്പരകള്‍ക്ക് ശേഷം പുറത്തുവരുന്ന വിഷ വാതകങ്ങള്‍ പരിശോധിക്കാന്‍ ചൈന രാസായുധ വിദഗ്ധരെ ടിയാന്‍ജിനിലേക്കയച്ചു. വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനില്‍ നടന്ന രണ്ട് വന്‍ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് 55 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ആണവ-രാസ വിദഗ്ധരെ ഇവിടേക്കയച്ചത്. സംഭവസ്ഥലത്ത് നൂറ് കണക്കിന് ടണ്‍ മാരക രാസപദാര്‍ഥങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
സ്‌ഫോടനത്തില്‍ പരുക്കേറ്റ 701 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ചൈനീസ് സൈന്യത്തിലെ 217 ആണവ -ബയോകെമിക്കല്‍ സ്‌പെഷ്യലിസ്റ്റുകള്‍ വ്യാഴാഴ്ച തങ്ങളുടെ ജോലിയാരംഭിച്ചിരുന്നു. ടിയാന്‍ജിനിലെ ബിന്‍ഹായി ന്യൂ പ്രദേശത്തെ ഗോഡൗണില്‍ ബുധനാഴ്ച രാവിലെ 11.30ഓടെയാണ് ആദ്യ സ്‌ഫോടനം നടന്നത്. സെക്കന്‍ഡുകള്‍ക്കകം രണ്ടാമത്തെ സ്‌ഫോടനവും നടന്നു.
സ്‌ഫോടന സ്ഥലത്ത് വിഷപദാര്‍ഥങ്ങളുണ്ടെന്ന ഭയത്താല്‍ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബീജിംഗിലെ പത്ത് സിവില്‍, സൈനിക ആശുപത്രികളിലെ 36 ക്ലിനിക്കല്‍ -സൈക്കോളജിക്കല്‍ സ്‌പെഷലിസ്റ്റുകളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ കുടുംബാസൂത്രണ കമ്മീഷനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് കൂടുതല്‍ മരുന്നുകള്‍, രക്തം, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്കായും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് എന്ത് വസ്തുക്കളായിരുന്നുവെന്നോ സ്‌ഫോടനത്തിന് കാരണമെന്തെന്നോ ഇതുവരെ അറിയാനായിട്ടില്ലെന്ന് ടിയാന്‍ജിനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് വസ്തുക്കള്‍ക്കൊപ്പം 700 ടണ്‍ സോഡിയം സയനേഡ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതായി ഉത്പാദകരെ ഉദ്ധരിച്ച് ബീജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമീപത്തെ ഓടകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ വിഷരാസ പദാര്‍ഥങ്ങളുടെ സാന്നിധ്യം മേഖലയില്‍ കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വെള്ളിയാഴ്ച പത്രത്തിന്റെ വെബ്‌സൈറ്റില്‍ ഈ വാര്‍ത്ത ലഭ്യമായിരുന്നില്ല. സ്‌ഫോടന സ്ഥലത്തു നിന്നും പലയിടങ്ങളിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. സമീപത്തുള്ള പ്രദേശവാസികളെ പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നുവെന്ന് സര്‍ക്കാര്‍ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.