Connect with us

National

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: വിമുക്തഭടന്മാര്‍ സമരം തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരം നടത്തുന്ന വിമുക്ത ഭടന്‍മാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുവാനും, സമരത്തിനായി നിര്‍മിച്ച പന്തലുകള്‍ പൊളിച്ചുമാറ്റാനുമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായി. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കുന്നുവെന്നും സമരക്കാര്‍ അവിടെ പ്രതിഷേധം തുടരുമെന്നും ന്യൂഡല്‍ഹി ഡി സി പി വിജയ് കുമാര്‍ പറഞ്ഞു. സമരക്കാരെ അവിടെ തുടരാന്‍ അനുവദിക്കുന്നതിന് സര്‍ക്കാറില്‍ നിന്ന് അനുമതിയൊന്നും ലഭിച്ചില്ലെങ്കിലും അവരെ ഒഴിപ്പിക്കേണ്ടെന്ന തീരുമാനമാണ് പോലീസ് കൈക്കൊണ്ടിട്ടുള്ളതെന്ന് കുമാര്‍ പറഞ്ഞു. പോലീസും എന്‍ ഡി എം സിയും സംയുക്തമായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോട നുബന്ധിച്ച് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ തിരക്കിട്ട നടപടിക്ക് മുതിര്‍ന്നത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച സൈനികര്‍ രണ്ട് മാസമായി ജന്തര്‍ മന്തറില്‍ റിലേ നിരാഹാര സത്യഗ്രഹം നടത്തി വരികയാണ്. 24 മണിക്കൂറിനകം സമരപ്പന്തല്‍ വിട്ടുപോകണമെന്നായിരുന്നു പോലീസ് നേരത്തേ നല്‍കിയ നിര്‍ദേശം. അല്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നും പോലീസ് ഭീഷണി മുഴക്കി. എന്നാല്‍ ഒഴിഞ്ഞു പോകുന്ന പ്രശ്‌നമില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. അതിനിടെ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ സമരപ്പന്തലിലെത്തിപ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു . ഇതോടെ സമരക്കാരെ ഒഴിപ്പിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് വഴി വെക്കുമെന്ന് പോലീസ് ഭയന്നു. ഇതാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തി വെക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് സമയക്രമം പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സമരപ്പന്തലിലെത്തിയ രാഹുലിനെതിരെ ചില വിമുക്ത ഭടന്‍മാര്‍ പ്രതിഷേധിച്ചു. ഈ സമരം തുടങ്ങിയിട്ട് കാലമേറെയായെന്നും രാഹുല്‍ ഇതുവരെ എവിടെയായിരുന്നുവെന്നും അവര്‍ ചോദിച്ചു.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി മുന്നോട്ട് വച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍. അധികാരത്തിലേറിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ മന്‍ കി ബാത്ത് പരിപാടിയിലൂടെ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതുമാണ്. എന്നാല്‍ അധികാരത്തിലേറി വര്‍ഷമൊന്ന് കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പാകാത്തതിനെ തുടര്‍ന്നാണ് വിമുക്ത ഭടന്‍മാര്‍ സമരവുമായി രംഗത്തെത്തിയത്.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി നാല് മുന്‍ സൈനിക മേധാവികള്‍ ഒപ്പു വെച്ച തുറന്ന കത്ത് ഇന്ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് കൈമാറാനിരിക്കെയാണ് സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടന്നത്.
നിലവില്‍ 2006നു മുന്‍പ് സര്‍വീസില്‍ നിന്ന് വിരമിച്ച സെനികര്‍ക്ക് അതിനുശേഷം വിരമിച്ചവരെക്കാള്‍ കുറഞ്ഞ പെന്‍ഷനാണ് ലഭിക്കുന്നത്. തുടര്‍ന്നു വന്ന ഓരോ ശമ്പള കമ്മീഷനുകളിലും പെന്‍ഷന്‍ തുകയിലുള്ള വ്യത്യാസം ഇവര്‍ക്കിടയില്‍ വര്‍ധിക്കുകയും ചെയ്തു. ഈ വ്യത്യാസം ചൂണ്ടിക്കാട്ടി വിരമിക്കുന്ന കാലം പരിഗണിക്കാതെ ഒരേ റാങ്കില്‍ നിന്ന് ഒരേ സര്‍വീസുമായി പിരിയുന്നവര്‍ക്ക് തുല്യ പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്‍മാര്‍ സമരത്തിനിറങ്ങിയത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തായാക്കിയാണ് തങ്ങള്‍ അധികാരം ഒഴിഞ്ഞതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.