ജനായത്ത ഇന്ത്യ സ്വാതന്ത്ര്യമാഘോഷിക്കുമ്പോള്‍

Posted on: August 15, 2015 3:56 am | Last updated: August 14, 2015 at 11:59 pm
SHARE

india governmentബ്രിട്ടന്റെ കാക്കിരാജില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റത്തെ ഓര്‍മിപ്പിക്കുന്ന ഒരു സ്വാതന്ത്ര്യദിനം കൂടി. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളില്‍ ചിലത് പട്ടാളഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും കൂപ്പുകുത്തിയിട്ടും ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും വലിയപോറലേല്‍ക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് ആശ്വാസകരമാണ്. ജനാധിപത്യസംവിധാനങ്ങളുടെ ഇടര്‍ച്ചകള്‍ ഇന്ത്യക്ക് അന്യമായിരുന്നു എന്ന് ഇതിനര്‍ഥമില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ട യുഗത്തിലേക്കു കൊണ്ടുപോയ അടിയന്തരാവസ്ഥ തന്നെ ഇതിനുദാഹരണം. അതിനെയെല്ലാം അതിജീവിക്കാന്‍ നമ്മുടെ ജനാധിപത്യസംവിധാനങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് ലോകരാഷ്ട്രങ്ങള്‍ ഏറെ വിസ്മയത്തോടെയാണ് കണ്ടത്. നമ്മുടെ ഭരണഘടനാ ശില്‍പ്പികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമ നിര്‍മാണസഭകള്‍ക്കും കാര്യനിര്‍വഹണ വിഭാഗത്തിനും നീതിന്യായ സംവിധാനത്തിനും കഴിഞ്ഞിട്ടുണ്ടോ?.
ഈ മൂന്ന് വിഭാഗങ്ങളില്‍ പ്രാധാന്യമുള്ളത് നിയമനിര്‍മാണ സഭകള്‍ക്കുതന്നെയാണ്. ആ പേരു സൂചിപ്പിക്കുന്നതുപോലെ നിയമനിര്‍മാണം തന്നെയാണ് പ്രഥമവും, പ്രധാനവുമായ കര്‍ത്തവ്യം. നിയമനിര്‍മാണത്തിനായി നമ്മുടെ സഭകള്‍ എത്രസമയമാണ് നീക്കിവെക്കുന്നത്?
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയിലെ നിയമനിര്‍മാണ സഭകളുടെ ചരിത്രം പരിശോധിച്ചാല്‍ നിയമനിര്‍മാണത്തിനായി ചെലവഴിക്കുന്ന സമയം കുറഞ്ഞുവരുന്നതായി കാണാം. 2008 ല്‍ എട്ട് ബില്ലുകളാണ് 17 മിനുട്ടിനുള്ളില്‍ നമ്മുടെ പാര്‍ലിമെന്റ് പാസാക്കിയത്. സര്‍ക്കാരിനെ പ്രതിപക്ഷം മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യോത്തര വേളകള്‍ ഇന്ന് അപ്രസക്തമായി മാറിയിരിക്കുന്നു. 2009 ല്‍ 28 എം പിമാരാണ് ചോദ്യോത്തരവേളയില്‍ ഹാജരാകാതിരുന്നത്. സഭയില്‍ അവതരിപ്പിക്കുന്ന നിയമങ്ങള്‍ അവധാനതയോടെ പരിശോധിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ അനുരൂപമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുക എന്ന ഭരണഘടനാപരമായ ചുമതല ഇവിടെ വിസ്മരിക്കപ്പെടുകയാണ്. മാത്രമല്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിതാന്ത ജാഗ്രതയോടെ പരിശോധിക്കുക എന്ന പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം അവഗണിക്കപ്പെടുകയും ചെയ്യുന്നു.
1952 മുതല്‍ 1972 വരെ ലോക്‌സഭയുടെ ശരാശരി പ്രവൃത്തി ദിനങ്ങള്‍ പ്രതിവര്‍ഷം 120 ദിവസങ്ങളായിരുന്നു. എന്നാല്‍, കഴിഞ്ഞ ദശകത്തില്‍ അത് 70 പ്രവൃത്തി ദിനങ്ങളായി ചുരുങ്ങി. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം എന്‍ വെങ്കിട ചെല്ലയ്യ അധ്യക്ഷനായ ഭരണഘടന പുനരവലോകന സമിതിയുടെ പരിശോധനക്ക് ഈ വിഷയം വന്നു. ലോക്‌സഭയുടെ ചുരുങ്ങിയ പ്രവൃത്തി ദിവസം പ്രതിവര്‍ഷം 120 ദിനങ്ങളായും രാജ്യസഭയുടേത് 100 ദിനങ്ങളായും നിജപ്പെടുത്തി. ഭരണഘടന ഭേദഗതി ചെയ്യണമെന്ന് സമിതി വാജ്പയ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. പ്രതിവര്‍ഷം കുറഞ്ഞത് 130 ദിവസങ്ങളെങ്കിലും പാര്‍ലമെന്റ് കൂടിയിരിക്കണമെന്ന് ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി 2008 ല്‍ നിര്‍ദേശിക്കുകയുണ്ടായി. രാജ്യസഭാംഗമായ മഹേന്ദ്ര മോഹന്‍ ഇതിനായി ഒരു സ്വകാര്യ ബില്ല് അവതരിപ്പിച്ചു. 120 ദിവസങ്ങളെങ്കിലും സഭ സമ്മേളിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്നതായിരുന്നു ബില്ലിലെ ആവശ്യം. എന്നാല്‍, നിയമനിര്‍മാണസഭയുടെ പ്രവൃത്തിദിനങ്ങള്‍ നിജപ്പെടുത്തുന്നതിനെ കേന്ദ്രസര്‍ക്കാര്‍ ശക്തിയായി എതിര്‍ക്കുകയാണ് ചെയ്തത്.
ഓര്‍ഡിനന്‍സ് രാജ്
ഭരണഘടനയുടെ 123-ാം അനുഛേദപ്രകാരം രാഷ്ട്രപതിക്കും 213-ാം അനുഛേദപ്രകാരം ഗവര്‍ണര്‍ക്കും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ അധികാരമുണ്ട്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ മാത്രമാണ് ഈ വ്യവസ്ഥയുള്ളത്. പാര്‍ലിമെന്റിന്റെ ഇരുസഭകളുടെയും സമ്മേളനങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ അടിയന്തിരനടപടി ആവശ്യമുണ്ടെന്ന് ബോധ്യമാകുമ്പോഴാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നത്. നിയമനിര്‍മാണ സഭ പാസാക്കുന്ന നിയമം പോലെ തന്നെ പ്രാബല്യവും ഫലവും ഈ ഓര്‍ഡിനന്‍സിനുണ്ടാകും. പാര്‍ലമെന്റ് അല്ലെങ്കില്‍ നിയമസഭ സമ്മേളിച്ച് ആറാഴ്ച കഴിയുന്നതിനു മുമ്പ് നിയമം പാസാക്കുകയും വേണം. ഈ വ്യവസ്ഥ പാലിക്കാതിരിക്കുകയോ ആറാഴ്ചക്കുള്ളില്‍ നിയമനിര്‍മാണസഭ എതിരഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്താല്‍ ഓര്‍ഡിനന്‍സ് അസാധുവാകും. അടിയന്തര ഘട്ടങ്ങളില്‍ മാത്രം പുറപ്പെടുവിക്കേണ്ട ഓര്‍ഡിന്‍സ് ഇന്ന് സാധാരണ രീതിയായി മാറിയിരിക്കുന്നു. 1971 മുതല്‍ 1981 വരെ 2000 ഓര്‍ഡിനന്‍സുകളാണ് ബീഹാര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഓര്‍ഡിനന്‍സിന്റെ ചുരുങ്ങിയ ജാവിതകാലം കഴിയുമ്പോള്‍ പിന്നെയും കൃത്രിമശ്വാസം നല്‍കി ഓര്‍ഡിനന്‍സുകളെ പുനര്‍ജ്ജീവിപ്പിക്കുന്നു. ചില ഓര്‍ഡിനന്‍സുകള്‍ 14 വര്‍ഷം വരെ ജീവിച്ചു. 256 ഓര്‍ഡിനന്‍സുകള്‍ ഒരു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ തുടര്‍ന്നു. ഡോ. ഡി സി വാദ്ധ്വഭരണഘടനാവിരുദ്ധമായ ഈ നടപടിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. ഇത്തരത്തില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ ഭരണഘടനയെ തന്നെയാണ് വഞ്ചിക്കുന്നതെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി 1986 ല്‍ ഓര്‍ഡിനന്‍സ് അസാധുവായി പ്രഖ്യാപിച്ചു.
ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ഉള്‍പ്പെടെ നിരവധി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാജ് ആണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതുതന്നെയാണ് ചെയ്തതെന്ന് ഭരണപക്ഷവും തിരിച്ചടിക്കുന്നു. 1947 ആഗസ്റ്റ് 15 നു ശേഷം 771 ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതി പുറപ്പെടുവിച്ചു. നെഹ്‌റുവിന്റെ കാലത്ത് 200 ഓര്‍ഡിനന്‍സുകള്‍ ഉണ്ടായി. 6126 ദിവസം അധികാരത്തിലിരുന്നപ്പോഴാണ് ഇത്. ശരാശരി ഓരോ മുപ്പത് ദിവസവും ഓരോ ഓര്‍ഡിനന്‍സുകള്‍ വീതം പുറപ്പെടുവിച്ചു. ഇന്ദിരാഗാന്ധിയുടെ കാലമായപ്പോള്‍ ഓരോ 28 ദിവസവും ഒരു ഓര്‍ഡിനന്‍സ് എന്ന രീതിയിലായി. 5825 ദിവസം അധികാരത്തിലിരുന്നപ്പോള്‍ 208 ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. നരസിംഹറാവുവിന്റെ ഭരണകാലം ഓര്‍ഡിനന്‍സിന്റെ പൂക്കാലമായി മാറി. ഓരോ 16 ദിവസം കൂടുമ്പോഴും ഒരു ഓര്‍ഡിനന്‍സ്. വാജ്‌പേയി സര്‍ക്കാര്‍ ഓരോ 39 ദിവസവും ഒന്ന് എന്ന നിരക്കിലായി. ലാല്‍ ബഹദൂര്‍ ശാസ്ത്രി നല്ല മാതൃക സൃഷ്ടിച്ചു. 581 ദിവസത്തെ ഭരണത്തില്‍ ആകെ ഒന്‍പത് ഓര്‍ഡിനന്‍സുകള്‍ മാത്രം. 65 ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍.
നിയമ നിര്‍മാണം
കേരള നിയമസഭയില്‍
പുരോഗമനപരമായ നിരവധി നിയമനിര്‍മാണങ്ങള്‍ക്ക് ഈറ്റില്ലമായ കേരള നിയമസഭ ഇന്ന് ഇതര നിയമസഭകള്‍ക്ക് മാതൃകയല്ല. ഇപ്പോള്‍ പ്രവൃത്തിദിനങ്ങള്‍ കുറയുന്നുവെന്നത് നമ്മുടെ നിയമസഭാ സാമാജികര്‍ കാണുന്നില്ല. 2001 മുതല്‍ 2006 വരെ 14 ബില്ലുകളാണ് ചര്‍ച്ച ചെയ്യാതെ സഭ പാസാക്കിയത്. 2006 മുതല്‍ 2011 വരെ 21 ബില്ലുകള്‍ക്കും ചര്‍ച്ചയുണ്ടായില്ല. സത്ഭരണത്തിലേക്കുള്ള പാതയില്‍ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന കേരള സംസ്ഥാന സേവന അവകാശ നിയമം – 2012 തന്നെ ഉദാഹരണം. പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചയില്ലാതെ നിയമം പാസായി. ജനനവശാലുള്ള അപാകം ഈ നിയമത്തില്‍ അന്തര്‍ലീനമായിരിക്കുന്നു ഇപ്പോഴും. 12-ാം നിയമസഭയുടെ (2006-2011) കാലത്താണ് ഏറ്റവും അധികം വാക്ക് ഔട്ടുകള്‍ നടന്നത്. 128 എണ്ണം. 13-ാം നിയമസഭയുടെ (2011) പത്താം സമ്മേളനം വരെ മാത്രം 104 വാക്ക് ഔട്ടുകള്‍ നടന്നെങ്കില്‍ 112 വാക്ക് ഔട്ടുകളാണ് എട്ടാം നിയമസഭാ സമ്മേളനത്തില്‍ നടന്നത് (1987-91).
ഒന്നാം നിയമസഭയില്‍ 175 ദിവസം സമ്മേളനങ്ങള്‍ നടക്കുകയും 88 ബില്ലുകള്‍ പാസാക്കുകയും ചെയ്തു. അഞ്ചാം നിയമസഭയായപ്പോള്‍ പ്രവൃത്തിദിനങ്ങള്‍ 143 ആയി ചുരുങ്ങി. ആറാം നിയമസഭയില്‍ 112 ബില്ലുകളാണ് പാസായത്. ഒന്‍പതാം നിയമസഭയായപ്പോള്‍ 264 പ്രവൃത്തിദിനങ്ങളായി. 104 ബില്ലുകളും പാസായി. 13-ാം നിയമസഭയില്‍ 215 പ്രവൃത്തിദിനങ്ങളും. പ്രതിപക്ഷം നടത്തിയ വാക്ക് ഔട്ടുകള്‍, ബഹിഷ്‌കരണം എന്നിവ 175 ആണ്. നടുത്തളത്തില്‍ വന്ന് ബഹളം വച്ചതുമൂലം സഭാ നടപടികള്‍ തടസപ്പെടുകയും ബിസിനസ് ചര്‍ച്ചകൂടാതെ പൂര്‍ത്തിയാക്കുകയും ചെയ്തത് 66 ദിവസങ്ങളാണ്.
സ്വകാര്യ ബില്ലുകളും
അവഗണിക്കപ്പെടുന്നു
പാര്‍ലിമെന്റില്‍ മാത്രമല്ല നിയമസഭകളിലും സ്വകാര്യ ബില്ലുകള്‍ അവഗണിക്കപ്പെടുകയാണ്. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ അല്ലാതെ അവതരിപ്പിക്കുന്ന ബില്ലാണിത്. ഏറെ പൊതുജനപ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന സ്വകാര്യബില്ലുകളെ കുറിച്ച് മാധ്യമങ്ങള്‍ പോലും പരാമര്‍ശിക്കാറില്ല. ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ചരിത്രത്തില്‍ 15 സ്വകാര്യ ബില്ലുകള്‍ മാത്രമാണ് പാസാക്കിയിട്ടുള്ളത്. 1970 ലാണ് അവസാനമായി ഒരു സ്വകാര്യബില്ല് പാര്‍ലമെന്റ് പാസാക്കിയത്. സുപ്രീംകോടതിയുടെ ക്രിമിനല്‍ അപ്പീല്‍ അധികാരത്തെപ്പറ്റിയായിരുന്നു ആ ബില്ല. 45 വര്‍ഷം പിന്നിട്ടതിനുശേഷമാണ് ഡി എം കെ അംഗം തിരുച്ചി ശിവ, ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തെ സംബന്ധിച്ച ഒരു ബില്ല് പാര്‍ലിമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയത്. കേരള ചരിത്രത്തില്‍ ഒരു സ്വകാര്യബില്ല് മാത്രമാണ് ഇതുവരെ നിയമമായത്. 1958 ല്‍ നിയമസഭാ സമാജികരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മഞ്ചേശ്വരം എം എല്‍ എ ഉമേഷ് റാവു അവതരിപ്പിച്ച ബില്ല് സഭ ഒന്നടങ്കം പാസാക്കുകയായിരുന്നു.
16-ാം ലോക്‌സഭയുടെ മൂന്നാഴ്ച നീണ്ടുനിന്ന രണ്ടാമത്തെ മഴക്കാല സമ്മേളനവും നിയമനിര്‍മാണ രംഗത്ത് യാതൊരു സംഭാവനയുമില്ലാതെ അലസിപ്പിരിഞ്ഞു. കേന്ദ്ര പാര്‍ലിമെന്ററി കാര്യ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സില്‍ 2012 ല്‍ നല്‍കിയ കണക്കനുസരിച്ച് ഓരോ മിനിറ്റും പാര്‍ലിമെന്റ് ചേരുന്നതിന് വരുന്ന ചെലവ് രണ്ടര ലക്ഷം രൂപയാണ്. ഒരു ദിവസത്തെ പാര്‍ലിമെന്റ് സമ്മേളനത്തിന് 9 കോടിയോളം രൂപയാണ് ദരിദ്രമായ ഈ രാജ്യം ചെലവഴിക്കുന്നത്.
ലളിത് മോദിയും സുഷമസ്വരാജും വസുന്ധരരാജെയും വ്യാപം അഴിമതിയും ചേര്‍ന്ന് നമ്മുടെ ഖജനാവ് ചോര്‍ത്തുകയാണ്. ആരും രാജിവെച്ചതുമില്ല. ആരോപണം ഉന്നയിച്ചവരുടെ പില്‍ക്കാല അഴിമതി ഓര്‍മിപ്പിച്ച് രക്ഷപ്പെടുകയാണ് ഭരണപക്ഷം ചെയ്തത്. ചുരുക്കത്തില്‍ അഴിമതിയെന്ന ചക്കരക്കുടത്തില്‍ കൈയിടാത്ത ആരുമില്ലായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ 30 കോടി ജനങ്ങള്‍ ഇന്ത്യയില്‍ കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരാണ്. ലോകത്ത് പോഷകാഹാര കുറവ് അനുഭവിക്കുന്നവരില്‍ മൂന്നില്‍ ഒന്നും ഇന്ത്യന്‍ കുട്ടികളാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം അഭിമാനം കൊള്ളുമ്പോഴും നിരുത്തരവാദപരമായ ഈ സമീപനം പൊതുജന പരിശോധനക്ക് വിധേയമാക്കണം.
നിയമനിര്‍മാണ സഭയില്‍ നിന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ജനസമക്ഷത്തിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ തങ്ങളുടെ പ്രതിനിധി എങ്ങനെ അവിടെ പ്രവര്‍ത്തിച്ചുവെന്ന് ജനങ്ങള്‍ ശരിയായി വിലയിരുത്തുമ്പോഴാണ് ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിധിതാവും വിധികര്‍ത്താവുമായി പരിണമിക്കുന്നത്.