ഏവര്‍ക്കും ആഹ്‌ളാദമായേക്കാവുന്ന സന്ദര്‍ശനം

Posted on: August 14, 2015 5:52 pm | Last updated: August 14, 2015 at 5:52 pm
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ സന്ദര്‍ശിക്കുന്നത് ഇന്ത്യയിലെ വാണിജ്യ വ്യവസായ പ്രമുഖരില്‍ ആവേശവും രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകവും ഉണര്‍ത്തിയിട്ടുണ്ട്. പൊടുന്നനെയാണ് സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തും ഇത് ചര്‍ച്ചയായി. പലതരത്തില്‍ വ്യാഖ്യാനം വന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നാണ് അനുമാനം. അതേസമയം, ഗള്‍ഫ് ഇന്ത്യക്കാരില്‍ സന്ദര്‍ശന പ്രഖ്യാപനം വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തു.
34 വര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിമാരാരും യു എ ഇ സന്ദര്‍ശിച്ചിട്ടില്ല. ഡോ. മന്‍മോഹന്‍ സിംഗിനെ പലതവണ യു എ ഇ ക്ഷണിച്ചിരുന്നു. അവസാന നിമിഷം രണ്ടു തവണ മാറ്റിവെക്കപ്പെട്ടു. മൂന്നു വര്‍ഷം മുമ്പ് പ്രസിഡന്റ് പ്രതിഭാപാട്ടീല്‍ എത്തിയതാണ് ഓര്‍മിക്കത്തക്കതായുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപൗരസ്ത്യദേശ പര്യടനം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഇതിനിടയില്‍, ഇസ്‌റാഈല്‍ സന്ദര്‍ശനം തീരുമാനിക്കപ്പെട്ടു. എന്നിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ അജണ്ടയിലുണ്ടോയെന്നതിന് വ്യക്തതയുണ്ടായിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ധാരാളം യു എ ഇ ഇന്ത്യക്കാര്‍ പങ്കെടുത്തു. യു എ ഇയിലെ ഭരത്ഭായിഷാ, അശ്‌റഫ് താമരശ്ശേരി എന്നിവര്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ചു. യു എ ഇയിലെ ഇന്ത്യക്കാരെക്കുറിച്ച് മതിപ്പോടെയാണ് അന്ന് ഏവരും സംസാരിച്ചത്. യു എ ഇ ഭരണാധികാരികളെക്കുറിച്ചും നല്ല വാക്കുകളേ പറയാനുണ്ടായിരുന്നുള്ളു. എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി, ഇസ്മാഈല്‍ റാവുത്തര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെക്കണ്ട്, യു എ ഇ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതെല്ലാം പ്രധാനമന്ത്രിയില്‍ അഭിവാജ്ഞ ജനിപ്പിച്ചു.
വിദേശ ഇന്ത്യക്കാര്‍ ധാരാളമുള്ളതും ഇന്ത്യ യു എ ഇ ബന്ധം ദൃഡമാണെന്നതും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പ്രേരകമായിരിക്കണം. അതിലുപരി, ഭീകരതക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന രാജ്യമെന്ന നിലയില്‍ യു എ ഇക്ക്, ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു എ ഇയിലെത്തയിരുന്നു. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി താമസിയാതെ യു എ ഇ സന്ദര്‍ശിക്കണമെന്നത് പൊതുവികാരമായി മാറി. യു എ ഇക്ക് ഇന്ത്യയില്‍ വലിയ നിക്ഷേപ താല്‍പര്യങ്ങളുണ്ടെന്നതാണ് പ്രധാന കാരണം. മോദി ഇസ്‌റാഈല്‍ സന്ദര്‍ശിക്കുമെന്നത്, ഗള്‍ഫ് പര്യടനങ്ങളെ ഒരു വിധത്തിലും സ്വാധീനിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദ പാലത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കപ്പെടുന്നത് ഒരുതരത്തിലും ബാധിക്കുന്നതല്ല. പ്രതിരോധ മേഖലയിലാണ് ഇന്ത്യ ഇസ്‌റാഈല്‍ ബന്ധമെങ്കില്‍ വാണിജ്യം, മാനവശേഷി, ഊര്‍ജം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മണ്ഡലങ്ങളിലൂടെയുള്ള ഇഴയടുപ്പമാണ് ഇന്ത്യ-ഗള്‍ഫ് സാഹോദര്യം.
അല്‍പം ദൂരെയുള്ള അയല്‍ രാജ്യം എന്ന നിലയിലാണ് ഇന്ത്യ യു എ ഇയെ കാണുന്നത്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ യു എ ഇ ഭരണാധികാരിയായപ്പോള്‍ ബന്ധം കൂറേക്കൂടി ശക്തമായി. ഇന്ത്യയില്‍ ഭരണാധികാരികള്‍ മാറി മാറി വന്നപ്പോള്‍, പരസ്പര സന്ദര്‍ശനം അധികം ഉണ്ടായില്ലെങ്കിലും ജനങ്ങള്‍ തമ്മിലെ അടുപ്പം കൂടിക്കൂടി വന്നു. ഇന്ന്, ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് അത് എത്തിപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ രാഷ്ട്രീയ സംഘര്‍ഷം കനത്തിരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരിക്കും യു എ ഇയിലെ രണ്ടു ദിവസം. കക്ഷി ഭേദമന്യെ ഇന്ത്യന്‍ സമൂഹം സ്വീകരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു.
കെ എം എ