Connect with us

Gulf

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പ്രതീക്ഷയോടെ പ്രവാസ ലോകം

Published

|

Last Updated

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎ ഇ സന്ദര്‍ശിക്കുന്നത് ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് എത്തുമ്പോള്‍ സാധാരണക്കാരായ എന്‍ ആര്‍ ഐക്കാര്‍ക്കും ഗുണകരമായ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയോട് അടുപ്പമുള്ള വൃത്തങ്ങളും ഈ സൂചന നല്‍കുന്നു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ക്ഷണം സ്വീകരിച്ച് 16, 17 തീയതികളില്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്രമോദി, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായും കൂടിക്കാഴ്ച നടത്തും. കേന്ദ്രസര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി യു എ ഇയിലെ വ്യവസായ പ്രമുഖരുമായുള്ള ബിസിനസ് മീറ്റ് അബുദാബിയില്‍ ഉണ്ടാകും. ഇന്ത്യയിലേക്കു കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളോടൊപ്പം പദ്ധതികളും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. തിരക്കേറിയ പരിപാടികള്‍ക്കിടയില്‍ മോദി ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും അറിയുന്നു.
17ന് വൈകീട്ട് ആറരക്ക് ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയില്‍ മോദി പ്രസംഗിക്കും. ഇതര രാജ്യങ്ങളില്‍ ലഭിച്ച വന്‍സ്വീകരണത്തിന്റെ പശ്ചാത്തലത്തില്‍ 30 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു എ ഇയിലെ സന്ദര്‍ശനം അവിസ്മരണീയമാകുമെന്നാണ് പ്രതീക്ഷ. സമ്മേളനത്തില്‍ 50,000ലേറെ പേര്‍ പങ്കെടുക്കുമെന്നു കരുതുന്നു. ഇന്ത്യയില്‍ നിന്നുള്ള നാല്‍പ്പതോളം കലാകാരന്മാരുടെ സംഘം പരിപാടികള്‍ അവതരിപ്പിക്കും.
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍സുരക്ഷാസംവിധാനങ്ങളാണ് ഒരുങ്ങുന്നത്. സന്ദര്‍ശനത്തിനു മുന്നോടിയായി മോദിയുടെ മെഡിക്കല്‍ സംഘത്തിന്റെ തലവന്‍ യു എ ഇയിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയിരുന്നു. ദുബൈ പോലീസിന്റെ പ്രത്യേക കമാന്‍ഡോകളും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലുള്ള സന്നദ്ധസേവകരും നിയന്ത്രണം ഏറ്റെടുക്കും. എല്ലാ എമിറേറ്റുകളില്‍ നിന്നും ഇതര ജിസി സി രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുമെന്നു കരുതുന്നു. പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട “നമോ ഇന്‍ ദുബൈ” സൂപ്പര്‍ ഹിറ്റ് ആയിമാറിയിട്ടുണ്ട്.
സ്‌റ്റേഡിയത്തിനു പുറത്തുള്ളവര്‍ക്ക് പരിപാടി വീക്ഷിക്കാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ സജ്ജമാക്കും. വൈകിട്ട് ആറരയ്ക്കു ശേഷം ആര്‍ക്കും പ്രവേശനം ഉണ്ടാകില്ലെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ. ബി ആര്‍ ഷെട്ടിയും കെ കുമാറും പത്രക്കുറിപ്പില്‍ അറിയിച്ചു. ഏഴുമണിയോടെ പ്രധാനമന്ത്രി സ്റ്റേഡിയത്തില്‍ എത്തിച്ചേരും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest