മൂല്യം ഇടിയുന്നത് തുടരുന്നു; ദിര്‍ഹത്തിന് 17.66 രൂപ

Posted on: August 14, 2015 5:44 pm | Last updated: August 14, 2015 at 5:44 pm
SHARE

RUPEEദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്നലെയും തുടര്‍ന്നു. ഇന്നലെ യു എ ഇ കമ്പോളത്തില്‍ ഒരു ദിര്‍ഹത്തിന് 17.66 രൂപയായിരുന്നു. രാവിലെ 17.57ല്‍ വ്യാപാരം ആരംഭിച്ചെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ഇടിഞ്ഞ് 17.66ല്‍ എത്തുകയായിരുന്നു. ഇത് എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണെന്നാണ് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്കുകളില്‍ നേരിയ ഏറ്റക്കുറച്ചിലുകളും ഇന്നലെ പ്രകടമായിരുന്നു. കറന്‍സിയുടെ മൂല്യം കുറക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ചുവട് പിടിച്ച് ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്നാണിത്. വിനിമയ നിരക്ക് കൂടിയെങ്കിലും ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി കിടക്കുന്നതിനാല്‍ പതിവുപോലെ ഏറെ പേര്‍ക്കും അവസരം മുതലാക്കാനായിട്ടില്ല. എങ്കിലും പല എക്‌സ്‌ചേഞ്ചുകളിലും ഇന്നലെയും കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്. പലരും ബേങ്കില്‍ നിന്നു വായ്പ എടുത്തും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം സ്വരൂപിച്ചുമെല്ലാം നാട്ടിലേക്ക് പണം അയക്കുന്ന കാഴ്ചയായിരുന്നു കാണാനായത്.
ചൊവ്വാഴ്ച രാത്രി മുതല്‍ പ്രവാസികളുടെ മൊബൈലിലേക്ക് മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ടെന്ന് അറിയിച്ച് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതോടെ പണം കൈവശമുള്ളവര്‍ ഇന്നലെ മണി എക്‌സ്‌ചേഞ്ചുകളിലേക്ക് ഓടി. മൂല്യം കൂടാന്‍ സാധ്യതയുണ്ടെന്ന ആഭ്യൂഹം പ്രവാസികള്‍ക്കിടയില്‍ പരന്നതോടെ കൂടുതല്‍ പേര്‍ എക്‌സ്‌ചേഞ്ചുകളില്‍ തടിച്ചുകൂടി. ചൈനീസ് യുവാന്റെ മൂല്യം കുറഞ്ഞതാണ് ഇന്ത്യയടക്കമുള്ള ലോകത്തെ പല രാജ്യങ്ങളുടെയും നാണയത്തിന് മൂല്യം കുറയാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ രൂപക്കെതിരെ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ടെന്നും ഇതിന് കാരണമായത് ചൈനീസ് യുവാന്റെ മൂല്യമിടിഞ്ഞതാണെന്നും രാജ്യത്തെ എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടൊപ്പം നാട്ടില്‍ വിലക്കയറ്റ സാധ്യത പലരെയും ആശങ്കപ്പെടുത്തുന്നു. അതേസമയം, വ്യവസായികളും മറ്റും വന്‍ തുക നാട്ടിലേക്കയച്ച് അവസരം മുതലാക്കുന്നുണ്ട്. ബേങ്ക് വായ്പ ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ തീര്‍ക്കുന്നവര്‍ പരമാവധി പണം നാട്ടിലേക്കയക്കാന്‍ ശ്രമിക്കുന്നുണ്ട്. വായ്പക്ക് അപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ മെച്ചപ്പെടാന്‍ സാധ്യതയില്ലെന്ന സൂചനയും ചില കേന്ദ്രങ്ങള്‍ നല്‍കുന്നു. ഇത് വരും ദിനങ്ങളിലും ഇടിവിന് വഴിവെച്ചേക്കും.