Connect with us

Kerala

പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍

Published

|

Last Updated

തിരുവനന്തപുരം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ട് പോലീസ് സേനക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പുതിയ സര്‍ക്കുലര്‍. പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെടുന്ന ഡി ജി പിയുടെ സര്‍ക്കുലര്‍, സഹായം ചെയ്യുന്ന വ്യക്തികളോട് നന്ദി പറയണമെന്നും തെറ്റുപറ്റിയാല്‍ ക്ഷമ പറയാന്‍ മടിക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. ഇനിയും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായാല്‍ ഇത് മേലുദ്യോഗസ്ഥരുടെ കഴിവുകേടായി കണക്കാക്കുമെന്നും ഡി ജി പി. ടി പി സെന്‍കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ വാഹനപരിശോധനക്കിടെ അമ്മയും കുഞ്ഞും ബസ് കയറി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ പുതിയ സര്‍ക്കുലര്‍.
ചില പോലീസ് ഉദ്യോഗസ്ഥര്‍ മോശമായ രീതിയില്‍ പെരുമാറുന്നുവെന്നും തെറ്റായ പ്രവര്‍ത്തനശൈലി പുലര്‍ത്തുന്നുവെന്നുമുള്ള പരാതികള്‍ വ്യാപകമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ പുതിയ നീക്കം. ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവര്‍ത്തനശൈലിയും ഉണ്ടാകാതെ നോക്കണമെന്നും ഡി ജി പി നിര്‍ദേശിച്ചു.
അസഭ്യം പറയുക, പ്രായം മറന്നും മറ്റും എടാ…. പോടാ വിളികള്‍ നടത്തുക, ദ്വയാര്‍ഥ പ്രയോഗമോ പരിഹാസച്ചുവയോ ഉള്ള പ്രയോഗങ്ങള്‍ നടത്തുക, തനിക്ക് യാതൊരു വിധത്തിലുമുള്ള ഉത്തരവാദിത്വവുമില്ലാത്ത പരാതിക്കാരോടും കേസില്‍ ഉള്‍പ്പെടുന്നവരോടും അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ പോലീസിനെ പൊതുജനങ്ങളുടെ ശത്രുവാക്കും. ആരുടെയെങ്കിലും സ്വാധീനമില്ലാത്തവരും പാവപ്പെട്ടവരുമായ വ്യക്തികളോട് സഹാനുഭൂതി കാണിക്കാതിരിക്കുക, തങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും കാണേണ്ട വിധത്തില്‍ കാണാത്തതു കൊണ്ടാണ് കാര്യം നടക്കാത്തത് എന്ന ധ്വനി ഉണ്ടാക്കുക എന്നിവ പൊതുജനങ്ങളെ പോലീസിന് എതിരാക്കുകയും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസിനെ പൊതുജനങ്ങളുടെ പരിഹാസപാത്രവും ശത്രുക്കളുമാക്കുമെന്നും ഡി ജി പി ഓര്‍മിപ്പിക്കുന്നുണ്ട്. “മൃദുഭാവേ: ദൃഢകൃത്യേ” എന്ന കേരള പോലീസിന്റെ ആപ്തവാക്യത്തിന് വിരുദ്ധമായ അത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴിവാക്കണം,
ഡി വൈ എസ് പിമാര്‍, എസ് പിമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിരന്തരമായി ശ്രദ്ധിക്കുകയും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഒരു ജില്ലയിലെ വിവിധ സ്റ്റേഷനുകളിലോ സ്ഥലങ്ങളിലോ ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ അവരുടെ തൊട്ടടുത്ത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ജില്ലാ പോലീസ് മേധാവിമാര്‍ വരെയുള്ളവര്‍ ശ്രദ്ധിക്കണം. താഴേതലത്തിലുളള ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ വഴിയും മറ്റും ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുകയും ഇക്കാര്യത്തില്‍ നല്ല പുരോഗതി ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Latest