Connect with us

Kozhikode

പ്രതിസന്ധികള്‍ക്ക് പരിഹാരം ആത്മീയത: കാന്തപുരം

Published

|

Last Updated

ഫറോക്ക്: ലോകം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പ്രതിവിധി ആത്മീയതയിലേക്കുള്ള മടക്കമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഫറോക്ക് ഖാദിസിയ്യ ക്യാമ്പസില്‍ നടന്ന ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യ സമൂഹം സ്വാര്‍ഥതയും ലാഭാര്‍ഥിയും ജീവിത ലക്ഷ്യമായി സ്വീകരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മാനവിക മൂല്യങ്ങളാണ്. മനുഷ്യന് പ്രപഞ്ചത്തില്‍ ശ്രേഷ്ഠമായ ദൗത്യങ്ങളുണ്ട്. സഹജീവികളുടെ വേദനയും സങ്കടവും ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിച്ച് ആധ്യാത്മിക വഴി സ്വീകരിച്ചവര്‍ക്ക് ലോകത്തിന് വെളിച്ചം കാണിക്കാന്‍ കഴിയുമെന്ന് കാന്തപുരം പറഞ്ഞു. ഖാദിസിയ്യയില്‍ നടന്നുവരുന്ന ബദര്‍ മൗലിദ്, ബുര്‍ദ, ദിക്ര്‍, സ്വലാത്ത് മജ്‌ലിസുകളുടെ വാര്‍ഷികമായാണ് ആത്മീയ സമ്മേളനം സംഘടിപ്പിച്ചത്. മണ്‍മറഞ്ഞ മഹാന്മാരുടെ അനുസ്മരണവും ഖുര്‍ആന്‍ തഹ്‌ലീല്‍ സമര്‍പ്പണവും നടന്നു.
സയ്യിദ് അലിബാഫഖി തങ്ങള്‍, സയ്യിദ് പി കെ എസ് പൂക്കോയ തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ നേതൃത്വം നല്‍കി. ശാഫി സഖാഫി മുണ്ടമ്പ്ര ഖുര്‍ആന്‍ പ്രഭാഷണം നടത്തി. ഖാദിസിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പൊന്മള മുഹ്‌യുദ്ദീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, തായിപ്ര മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ കെ അബ്ദുല്‍ ഹമീദ്, പി എ കെ മുഴപ്പാല, ലത്വീഫ് സഖാഫി, മുഹമ്മദലി സഖാഫി, ഇബ്‌റാഹിം കരീം ബാഖവി, ഫസല്‍ അഹ്‌സനി, ഉസ്മാന്‍ ബുഖാരി, പി സി അബ്ദുര്‍റഹ്മാന്‍, സലാം സഖാഫി സംബന്ധിച്ചു.