വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

Posted on: August 14, 2015 10:07 am | Last updated: August 14, 2015 at 10:07 am
SHARE

വേങ്ങര: സേഫ് കേരളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് വേങ്ങരയില്‍ നടത്തിയ പരിശോധനയില്‍ 2600 രൂപ പിഴ ഈടാക്കി. ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
വേങ്ങര ടൗണിലെ ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി 14 സ്ഥാപനങ്ങള്‍ പരിശോധിച്ചതിലാണ് വ്യാപകമായ ശുചിത്വ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഹോട്ടലുകളിലും ബേക്കറികളില്‍ നിന്നുമായി പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നിരോധിച്ച പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും വില്‍പ്പന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി. അന്യ സംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങളിലും കെട്ടിട നിര്‍മാണ സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി. വേങ്ങര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എച്ച് ഐ മോഹന്‍ദാസ്, ജെ എച്ച് ഐ അബ്ദുര്‍റസാഖ് കെ, പഞ്ചായത്ത് ജൂനിയര്‍ ക്ലര്‍ക്ക് വിഷ്ണു പങ്കെടുത്തു.