ശിലാ യുഗത്തിലെ ചരിത്ര രേഖകളും പുരാവസ്തുക്കളും മലയാളം സര്‍വകലാശാലക്ക് കൈമാറി

Posted on: August 14, 2015 10:05 am | Last updated: August 14, 2015 at 10:05 am
SHARE

തിരൂര്‍: മലയാളംസര്‍വകലാശാലയുടെ പുരാവസ്തു ശേഖരത്തിലേക്ക് ശിലാ യുഗവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറി. ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവ വാര്യരുടെ കൈവശമുണ്ടായിരുന്ന ഏതാനും ചരിത്ര ശേഖരങ്ങളാണ് മലയാള സര്‍വകലാശാല ചരിത്ര മ്യൂസിയത്തിലേക്ക് കൈമാറിയത്.
അക്ഷരം ക്യാമ്പസിലെത്തി അദ്ദേഹം വൈസ് ചാന്‍സിലര്‍ കെ ജയകുമാറിന് സമര്‍പ്പിക്കുകയായിരുന്നു. ഗൂഹാവശിഷ്ടങ്ങളും ശിലായുഗത്തിലെ ആയുധങ്ങളും ഉള്‍പ്പടെയുള്ള രേഖകളാണ് കൈമാറിയത്. പ്രത്യേകം സൂക്ഷിച്ച മലയാള ലിപിയുടെ ആദ്യകാല കയ്യെഴുത്ത് പ്രതി, ചെമ്പ് തകിടില്‍ ആലേഖനം ചെയ്ത തെരസപ്പള്ളി ശാസനം, വയനാട് പുല്‍പള്ളി കബനിഗിരിയില്‍ നിന്നുള്ള ആദിവാസി ഗോത്ര വിഭാഗത്തിലെ കത്തിയമ്പ്, കോഴിക്കോട് ഒളവണ്ണയില്‍ നിന്നും ലഭിച്ച മഹാ ശിലായുഗത്തിലെ ചെങ്കല്‍ ഗുഹാവശിഷ്ടങ്ങള്‍, പുല്‍പള്ളിയില്‍ നിന്നുള്ള നവീന ശിലായുഗത്തിലെ കന്മഴു, പാലക്കാട് അട്ടപ്പാടിയില്‍ നിന്നും ലഭിച്ച ശിലായുഗത്തിലെ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് ഡോ. രാഘവ വാര്യര്‍ മ്യൂസിയത്തിലേക്ക് കൈമാറിയത്. സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ ആരംഭിച്ച ചരിത്ര പഠന വിഭാഗത്തിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ് രാഘവ വാര്യര്‍. പുതുതായി ലഭിച്ച ശേഖരം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ മുതല്‍കൂട്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള പുരാവസ്തുക്കള്‍ അവരുടെ പേരില്‍ സൂക്ഷിക്കുമെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here