Connect with us

National

ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്തല ചര്‍ച്ച 23ന്

Published

|

Last Updated

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യ- പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്തല ചര്‍ച്ച ഡല്‍ഹിയില്‍ നടക്കും. ഈ മാസം 23നാണ് ചര്‍ച്ച. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ദേശീയ സുരക്ഷ, വിദേശകാര്യ ഉപദേഷ്ടാവായ സര്‍താജ് അസീസ് 23ന് ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവലുമായി സര്‍താജ് അസീസ് കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തലത്തിലുള്ള ചര്‍ച്ചകള്‍ക്കായി 23ന് ന്യൂഡല്‍ഹിയിലെത്തുമെന്ന് സര്‍താജ് അസീസ് സ്ഥിരീകരിച്ചു. 23നോ 24നോ ചര്‍ച്ച നടത്താമെന്ന നിര്‍ദേശമാണ് ഇന്ത്യ മുന്നോട്ടുവെച്ചിരുന്നത്.
റഷ്യയിലെ ഉഫയില്‍ നടന്ന ഷാംഗ്ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിക്കിടെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നരേന്ദ്ര മോദിയും നവാസ് ശരീഫും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനും അന്ന് ധാരണയായിരുന്നു. ഉഫയില്‍ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉപദേഷ്ടാവ് തലത്തില്‍ ചര്‍ച്ച നടക്കുന്നത്. ആതിഥ്യം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയാണ് ചര്‍ച്ചകള്‍ക്കുള്ള തീയതി മുന്നോട്ടുവെച്ചത്.
പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും ജമ്മു കാശ്മീരിലെ ഉധംപൂരിലും നടന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യോഗം നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. മൂന്ന് ദിവസത്തെ ബെലാറസ് സന്ദര്‍ശനം കഴിഞ്ഞ് നവാസ് ശരീഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹവുമായി നടത്തിയ കൂടിയാലോചനയിലാണ് അസീസിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് അന്തിമ അംഗീകാരമായത്.
ഉധംപൂരിലെ ആക്രമണത്തില്‍ പാക് സ്വദേശിക്കുള്ള പങ്ക് യോഗത്തില്‍ ഇന്ത്യ ഉയര്‍ത്തും. ഇതിന് പുറമെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ കരുതുന്ന സാകിയയുര്‍ റഹ്മാന്‍ ലഖ്‌വിയെ ജാമ്യത്തില്‍ വിട്ടതും ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിക്കും.
2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ- പാക് സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചത്. കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി പാക് ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ നയതന്ത്ര പ്രതിനിധി ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചിരുന്നു.

Latest