Connect with us

Articles

കാര്യക്ഷമതാ താരതമ്യം

Published

|

Last Updated

പരമ്പരാഗത ബേങ്കുകള്‍ എല്ലാ മേഖലകളിലും വായ്പ നല്‍കുന്നു. എന്നാല്‍ പലിശ രഹിത ബേങ്ക് ചൂതാട്ടം, നിഷിദ്ധമായ വസ്തുക്കള്‍, ലഹരിവസ്തുക്കള്‍ തുടങ്ങിയ അന്യായമായ മേഖലകളില്‍ വായ്പ നല്‍കുന്നില്ല. പരമ്പരാഗത ബേങ്കുകള്‍ക്ക് ഒരു ബേങ്കിംഗ് ടൂള്‍ മാത്രമേ ഉള്ളൂ. അതായത് ഏതു കാര്യത്തിനും വായ്പ കൊടുക്കുന്നു. തിരിച്ച് പലിശയും മുതലും സ്വീകരിക്കുന്നു. പലിശരഹിത ബേങ്കിന് വായ്പക്ക് മുമ്പ് വിവരിച്ച ഏഴുതരം ഉപകരണങ്ങളുണ്ട്. ഇതൊഴിച്ചാല്‍ ബാക്കി കാര്യങ്ങളിലെല്ലാം ഇരു ബേങ്കുകളും തുല്യ സേവനം ചെയ്യുന്നു എന്ന് പറയാം. കമ്മീഷന്‍, ഫീസ്, എക്‌സ്‌ചേഞ്ച്, ഇടനിലക്കൂലി(ബ്രോക്കറേജ്) തുടങ്ങിയവയും പലിശരഹിത ബേങ്കിംഗിലൂടെ ലഭ്യമാക്കുന്നു. ചൂതാട്ടം പോലെ നിരോധിത ബിസിനസുമായി ബന്ധപ്പെടാത്തതും പലിശയുടെ സാന്നിധ്യമില്ലാത്തതുമായിരിക്കുന്ന കാലത്തോളം ശരീഅത്ത് വ്യവസ്ഥകള്‍ക്ക് അനുസൃതമായ സേവനങ്ങളാണ് ഇവ. ഇരു ബേങ്കുകളും ഒരേ രീതിയില്‍ തന്നെയാണ് ഈ മേഖലയില്‍ ഇടപെടുന്നത്.

രേഖാമൂലമുള്ള വായ്പ
പലിശരഹിത ബേങ്ക് ചരക്ക് സ്വയം തന്നെ വാങ്ങുമ്പോള്‍ സാമ്പ്രദായിക ബേങ്ക് ഇടപാടുകാരന്റെ പ്രതിനിധിയായി നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ -ലെറ്റര്‍ ഓഫ് ക്രഡിറ്റ് നല്‍കുന്നതില്‍ രണ്ട് രീതികളും ഒരേപോലെയാണ്. ബേങ്കിന് ലെറ്റര്‍ ഓഫ് ക്രഡിറ്റ് ഇഷ്യൂ ചെയ്തതിന് കമ്മീഷന്‍ ലഭിക്കുന്നു. ചരക്കുകള്‍ എത്തിയാല്‍ പലിശരഹിത ബാങ്ക് ഏറ്റെടുക്കകയും കക്ഷിക്ക് വില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ സാമ്പ്രദായിക ബേങ്കില്‍ കക്ഷിയെ വിവരമറിയിക്കുകയും ചരക്ക് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പണമടച്ചാല്‍ ഇടപാടുകാരന് ബില്‍ ഓഫ് ലേഡിംഗ് (Bill Of lading ) നല്‍കുന്നു.
കയറ്റുമതിയില്‍ ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ പലിശരഹിത ബേങ്ക് മുന്‍കൂര്‍ കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരേ സമയം രണ്ട് പേര്‍ക്ക് ചരക്ക് വില്‍ക്കാന്‍ പറ്റില്ലായെന്നതുകൊണ്ട് ബേങ്ക് ഒന്നുകില്‍ മുശാറക ഇടപാടില്‍ ഏര്‍പ്പെടണം. അല്ലെങ്കില്‍ കപ്പലില്‍ കയറ്റുന്നതിന് മുമ്പ് ചരക്ക് വാങ്ങണം. കയറ്റുമതി ബില്‍ അടക്കുന്നത് വരെ ബേങ്ക് ചരക്കിന്റെ ഉടമസ്ഥനായി തുടരും. ബേങ്ക് -ബില്ല് ഇടപാടുകാരന് അയക്കുന്നു. പണമടച്ചാല്‍ ബേങ്കിന്റെ അക്കൗണ്ടില്‍ ബില്‍ തുക ഇടപാടുകാരന്റെ പേരില്‍ വരവ് വെക്കുന്നു. മുമ്പ് നല്‍കിയ വിലയും നിശ്ചിത ലാഭവും ബേങ്ക് തിരിച്ചെടുക്കുന്നു. ശേഷിച്ച തുക ഇടപാടുകാരന് നല്‍കുന്നു. ബേങ്ക് ധനസഹായം നല്‍കാത്ത സന്ദര്‍ഭങ്ങളില്‍ കൈകാര്യം ചെയ്തതിന് കമ്മീഷന്‍ മാത്രമേ ഈടാക്കാറുള്ളൂ.

ജാമ്യം
മൂന്നാം കക്ഷി വീഴ്ച വരുത്തുന്ന പക്ഷം, അയാളുടെ വാഗ്ദാന നിര്‍വഹണമോ ബാധ്യതാ മോചനമോ നടത്തുന്നതിന് വേണ്ടിയുള്ള കരാറാണ് ഗ്യാരന്റി . മിക്ക പലിശരഹിത ബേങ്കുകളും അവരുടെ ഇടപാടുകാരന് വേണ്ടി ഗ്യാരന്റി നല്‍കാറുണ്ട്. ഇതിനൊരു കമ്മീഷനും ഈടാക്കുന്നു. നിശ്ചിത ശതമാനമായിരിക്കും കമ്മീഷന്‍. എന്നാല്‍ ഈ ഇനത്തിലുള്ള എഴുത്തുകുത്തുകള്‍ക്ക് വേണ്ട ചെലവ് (Secretarian expence) മാത്രമേ ഈടാക്കാവൂ എന്നാണ് മിക്ക ശരീഅ പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഇടപാടുകാരന്‍ പണമടച്ചില്ലെങ്കില്‍ ബേങ്ക് പണം നല്‍കേണ്ടിവരും എന്നതുകൊണ്ട് ബിഡ് ബോണ്ട്, പെര്‍ഫോമന്‍സ് ബോണ്ട് എന്നിവയില്‍ ബേങ്ക് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നിര്‍മാണ പദ്ധതികളില്‍ സാധാരണയായി കോണ്‍ട്രാക്ടര്‍ ജോലി തുടങ്ങാന്‍ വേണ്ട പണം പ്രിന്‍സിപ്പലില്‍ നിന്നും വാങ്ങാറുണ്ട്. ഇത് ബേങ്ക് ഗ്യാരന്റി ചെയ്യുന്നു. ബേങ്ക് ഈ പണം കസ്റ്റഡിയില്‍ വെക്കുകയും പ്രവര്‍ത്തന പുരോഗതി അനുസരിച്ച് കക്ഷിക്ക് നല്‍കുകയും ചെയ്യുന്നു.

വിദേശ വിനിമയ നിയമം
സാമ്പ്രദായിക ബേങ്കുകളെപ്പോലെ പലിശരഹിത ബേങ്കും വിദേശ കറന്‍സികള്‍ റൊക്കമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. പക്ഷേ, ഫോര്‍വേഡിന്റെയും ഫ്യൂച്ചറിന്റെയും വില്‍പനയില്‍ വ്യത്യാസമുണ്ട്.
ബേങ്ക് ഇടപാടുകാരന് വേണ്ടി ചെക്കുകളും ബില്ലുകളും തയ്യാറാക്കുകയും രാജ്യത്തിന്റെ അകത്തും പുറത്തും പണം കൈമാറുകയും ചെയ്യുന്നു. ഇതിന് ഒരു കമ്മീഷന്‍ ഈടാക്കുന്നു. പലിശയുടെ സാന്നിധ്യം ഇത്തരം ഇടപാടുകളില്‍ കാണുകയില്ല.

പണത്തിന്റെ മാനേജ്‌മെന്റ്
ഒരു ബിസിനസ് സ്ഥാപനത്തിനോ ഗവണ്‍മെന്റിനോ വേണ്ടി പണം ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തു കൊണ്ട് കമ്മീഷന്‍ നേടുന്നു.
ലോട്ടറി, പ്രൈസ് ബോണ്ടുകള്‍ പോലുള്ള പലിശാധിഷ്ഠിത സെക്യൂരിറ്റികളോ ഉപകരണങ്ങളോ സംരക്ഷണത്തിന് സ്വീകരിക്കുന്നതല്ലെന്നത് ഒഴിച്ചാല്‍ പരമ്പരാഗത ബേങ്കുകളുമായി ഒരു വ്യത്യാസവുമില്ല. മിക്ക ബേങ്കുകളിലും ലോക്കര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്. അതിലുള്ള ചരക്കുകള്‍ക്കും വസ്തുക്കള്‍ക്കും മൂല്യവര്‍ധനയുണ്ടായാല്‍ ഉടമക്ക് മാത്രം അവകാശപ്പെട്ടതാണ്.
രാജ്യത്തിന്റെ നിയമം അനുവദിക്കുമെങ്കില്‍ ബേങ്ക് വാടക വരുമാനം ലഭിക്കുന്ന ഉപാധികളില്‍ പണം നിക്ഷേപിക്കും. വസ്തുവിന്റെ വാങ്ങലിലൂടെയും വില്‍പ്പനയിലൂടെയും മൂലധനലാഭമുണ്ടാക്കുന്നു. ബേങ്കിന് വസ്തുക്കളുടെ മാനേജ്‌മെന്റില്‍ മുന്‍ പരിചയമില്ലെങ്കില്‍ ഒരു ഏജന്റിനെ നിയമിക്കാവുന്നതാണ്. ഏജന്റ് ബേങ്കിന് വേണ്ടി വാടക പിരിക്കുകയും വസ്തു വകകള്‍ പരിപാലിക്കുകയും ചെയ്യുന്നു.

ഫീസുകള്‍ ലഭിക്കുന്ന
മറ്റ് സേവനങ്ങള്‍
ബേങ്ക് അസംസ്‌കൃത വസ്തുക്കളും ഉല്‍പന്നങ്ങളും കക്ഷിക്ക് വേണ്ടി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന കമ്പനികളുടെ പലിശരഹിത സെക്യൂരിറ്റികള്‍ മിക്ക ബേങ്കുകളും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നു. കക്ഷിക്കും വിപണിക്കുമിടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിന് ഇടനിലക്കൂലി ((Broakerage)) ലഭിക്കുന്നു. ചിലപ്പോള്‍ ഇടപാടുകാര്‍ക്കുവേണ്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആളായോ (Nominee) കൈകാര്യാധികാരിയായോ പ്രവര്‍ത്തിക്കുന്നു. ഇത്തരം സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നു.
ഇത്തരം ബേങ്കുകള്‍ വര്‍ധിതമായ തോതില്‍ നിക്ഷേപാധിഷ്ഠിത ബേങ്കിംഗില്‍ ശ്രദ്ധ പതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പലിശയുടെ സാന്നിധ്യമില്ലാത്തതും കുറഞ്ഞ അപായ സാധ്യതയും ഇതിന്റെ മെച്ചങ്ങളാണ്. സ്വകാര്യ നിക്ഷേപാവസരങ്ങള്‍ (Private Investment Portfolio) ഇപാടുകാരന് വേണ്ടി മാനേജ് ചെയ്ത് ഫീ ഈടാക്കുന്നു. ഇവ കൂടാതെ ഓഹരികളും സ്റ്റോക്കുകളും വിപണിയില്‍ വിറ്റ് പോകുന്നില്ലെങ്കില്‍ അവ വാങ്ങുന്ന ഉത്തരവാദിത്വമേറ്റ് (Underwriting) ബേങ്ക് ഫീ ഈടാക്കുന്നു.
(നാളെ പലിശ രഹിത ക്രമത്തിന്റെ പ്രസക്തി)

Latest