ചരിത്രം കുഴിച്ചുമൂടുമ്പോള്‍

Posted on: August 14, 2015 5:04 am | Last updated: August 13, 2015 at 11:05 pm
SHARE

vellappallyകേരളത്തിന്റെ നവോത്ഥാന ചരിത്രം ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. നമ്മുടെ സമൂഹത്തെ ഇന്നു കാണുന്ന നിലയിലേക്ക് വളര്‍ത്തിയത് നവോത്ഥാന മുന്നേറ്റവും, അതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ്- ഇടതുപക്ഷ പാര്‍ടികള്‍ നടത്തിയ പോരാട്ടങ്ങളുമാണെന്നത് ചരിത്രം.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും, 20-ന്റെ ആദ്യദശകങ്ങളിലുമാണല്ലോ ഗുരു തന്റെ ജീവിതവും ചിന്തകളും കൊണ്ട് കേരളത്തെ ഉണര്‍ത്തിയത്. അദ്ദേഹം ജീവിച്ച കാലത്ത് കേരളം രൂപത്തിലോ ഭാവത്തിലോ ഇന്നു കാണുന്ന നിലയിലായിരുന്നില്ല. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കപ്പെട്ടുകിടന്ന മൂന്ന് പ്രദേശങ്ങള്‍. അവിടങ്ങളില്‍ മൂന്ന് തരത്തിലുള്ള, ഒന്നിനൊന്ന് വ്യത്യസ്തമായ ജീവിതക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് നിലനിന്നിരുന്നത്.
തിരുവിതാംകൂറും കൊച്ചിയും നേരിട്ടുളള രാജഭരണത്തിനുകീഴിലും, മലബാര്‍ പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിട്ടുമായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യാവകാശങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. രാജഭരണത്തിന്റെയും ദിവാന്‍ ഭരണത്തിന്റെയും കെടുതികളില്‍ ജനങ്ങളാകെ വീര്‍പ്പുമുട്ടിക്കഴിയുന്ന കാലം. കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ ഭരണാധികാരികളുടെ മാത്രമല്ല, ജന്മി-ഭൂപ്രഭൂ വര്‍ഗത്തിന്റെയും മുതലാളിമാരുടെയും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അടിപ്പെട്ടുകഴിഞ്ഞ കാലമായിരുന്നു അത്. സാമൂഹികമായി ജാതിമതചിന്തകളും അതുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന കാലമായിരുന്നു. സവര്‍ണനും അവര്‍ണനും തമ്മില്‍ മാത്രമായിരുന്നില്ല ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നത്. ഒരേ ജാതിയില്‍ തന്നെ പെട്ട വിവിധ ഉപജാതികള്‍ക്കിടയിലും തൊട്ടുകൂടായ്മയും തീണ്ടിക്കുടായ്മയും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടാണ്, വടക്കേ മലബാറിലെത്തിയ സന്ദര്‍ഭത്തില്‍ 1897-ല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്.
സവര്‍ണരല്ലാത്ത ആളുകള്‍ക്ക് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ വലിയ രൂപമാണല്ലോ 1924-ല്‍ വൈക്കം സത്യഗ്രഹത്തില്‍ നാം കണ്ടത്. ആ സത്യഗ്രഹത്തില്‍ പങ്കെടുത്ത ഒരു മേല്‍ജാതിക്കാരന്റെ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിച്ചതും ചരിത്രത്തില്‍ പറയുന്നുണ്ട്. പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമില്ലാത്തവര്‍ക്ക് പിന്നെ ക്ഷേത്രാരാധനയ്ക്കുള്ള അവകാശം എങ്ങനെ ലഭിക്കാനാണ്? ഇതിനുവേണ്ടിയുള്ള ചരിത്രപ്രസിദ്ധമായ പ്രക്ഷോഭമാണ് ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ നാം കണ്ടത്. കേളപ്പന്റെയും പി. കൃഷ്ണപിള്ളയുടെയും എ.കെ.ജിയുടെയുമൊക്കെ നേതൃത്വത്തില്‍ 1931-ല്‍ ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹം 1936-ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശനവിളംബരത്തോട് കൂടിയാണല്ലോ അവസാനിച്ചത്.
അവര്‍ണ ജാതിയില്‍പ്പെട്ടവരുടെ കുട്ടികള്‍ക്ക് അന്ന് വിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അധ:സ്ഥിതജനവിഭാഗത്തിന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ അയ്യങ്കാളിക്ക് സ്വന്തം വിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ പ്രത്യേക വിദ്യാലയം ആരംഭിക്കേണ്ടിവന്നു.
സാധാരണക്കാരും തൊഴിലാളികളുമായ ആളുകള്‍ക്കൊന്നും മേല്‍മീശ വെച്ചു നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് മാറുമറച്ചു നടക്കാനും കഴിയുമായിരുന്നില്ല. ”നരനുനരന്‍ അശുദ്ധവസ്തു” എന്ന് കുമാരനാശാന്‍ പാടിയത് ഇത്തരം ദുര്‍നീതികള്‍ കണ്ടാണ്.
ഇത്തരമൊരു ജീര്‍ണിച്ച കാലത്തില്‍ നിന്ന് അവര്‍ണ്ണ ജനവിഭാഗങ്ങളെയാകെ സമുദ്ധരിക്കാനും, അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ശ്രീനാരായണഗുരു തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം നമുക്ക് പകര്‍ന്നു നല്‍കിയ ദര്‍ശനങ്ങളും ആപ്തവാക്യങ്ങളും പുതിയ മനുഷ്യനെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്‌നങ്ങള്‍ നിറഞ്ഞവയാണ്. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ”മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി”, ”അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം”, ”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക” തുടങ്ങിയ വചനങ്ങള്‍ മനുഷ്യജീവിതത്തിന്റെ പുതിയ ഭാവതലങ്ങള്‍ പ്രകടമാക്കുന്നതാണ്.
1888-ല്‍ ആയിരുന്നുവല്ലോ ഗുരു ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. അതിനെ സവര്‍ണര്‍ അത്ഭുതത്തോടും രോഷത്തോടും കൂടിയാണ് കണ്ടത്. ഇതിനെ ചോദ്യം ചെയ്ത സവര്‍ണരോട് താന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന മറുപടി പറഞ്ഞാണ് അദ്ദേഹം അവരുടെ നാവടക്കിയത്. ഗുരുവിന്റെ ഈ പ്രതികരണം അക്കാലത്തെ ബ്രാഹ്മണ്യത്തിന്റെ യാഥാസ്ഥിതികമൂല്യങ്ങള്‍ക്കുനേരെ ഉയര്‍ത്തിയ വലിയ വെല്ലുവിളിയായിരുന്നു.
ജാതിയോ മതമോ ആചാരാനുഷ്ഠാനങ്ങളോ അല്ല മനുഷ്യനെ മനുഷ്യനും മഹാനുമാക്കുന്നത് എന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു ഗുരു. മനുഷ്യനെ വേര്‍തിരിക്കുന്ന സങ്കുചിതമായ ഇത്തരം പരിമിതികള്‍ക്കപ്പുറത്ത് മാനവികതയുടെ വിശാലമായ ലോകമാണ് അദ്ദേഹം കാട്ടിത്തന്നത്. അത്തരമൊരു വിശാലമായ ലോകത്തേക്ക് എല്ലാ മനുഷ്യരും ഒരുമിച്ച് മുന്നേറണമെന്ന സന്ദേശമാണ് പ്രദാനം ചെയ്തതും. . എസ്.എന്‍.ഡി.പി യോഗത്തിന്റെ രൂപവത്കരണത്തില്‍പോലും ഗുരുവിന്റെ ഉന്നതമായ ഈ നിലപാട് പ്രതിഫലിച്ചിരുന്നു. 1903-ല്‍ എസ് എന്‍ ഡി പി യോഗം രൂപവത്കരിക്കുമ്പോള്‍ ലക്ഷ്യമിട്ടിരുന്നത് ഈഴവരാദി പിന്നാക്ക സമുദായങ്ങളുടെ സമുദ്ധാരണമായിരുന്നു. അല്ലാതെ ഈഴവര്‍ക്ക് മാത്രം വേണ്ടിയുള്ള ഒരു സംഘടനയായല്ല ഗുരു എസ് എന്‍ ഡി പി യോഗത്തെ കണ്ടിരുന്നത്. ഈ കാഴ്ചപ്പാടില്‍ നിന്ന് എസ് എന്‍ ഡി പി യോഗം മാറിക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ ഘട്ടത്തിലാണ് ശ്രീനാരായണഗുരു യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഡോക്ടര്‍ പല്‍പ്പുവിന് ഗുരു അയച്ച കത്തിലെ പരാമര്‍ശം ഈ ഘട്ടത്തില്‍ സംഗതമാണ്. ”യോഗത്തിന്റെ നിശ്ചയങ്ങളെല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യങ്ങളൊന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും, യോഗത്തിന് ജാത്യഭിമാനം വര്‍ധിച്ചുവരുന്നതു കൊണ്ടും മുമ്പേ തന്നെ മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ, ഇപ്പോള്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു” എന്നായിരുന്നു ശ്രീനാരായണ ഗുരു പറഞ്ഞത്.

ജാതിയുടെയും, മതത്തിന്റെയും ആധിക്യമോ, അതിഭാരമോ ഇല്ലാത്ത, വിശാല കാഴ്ചപ്പാടിന്റെ കടയ്ക്കല്‍ കത്തിവച്ച വരേണ്യവാദികളുടെ ഹൃസ്വദൃഷ്ടിക്കും ഗൂഢാലോചനക്കും ധനപ്രേമത്തിനും എതിരായ ശക്തമായ വിയോജിപ്പുകളായിരുന്നു ഗുരുവിന്റെ പ്രഖ്യാപനങ്ങള്‍.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഇന്നത്തെ എസ് എന്‍ ഡി പി യോഗ നേതൃത്വം, ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘ്പരിവാര്‍ ശക്തികളുടെ കാല്‍ക്കീഴില്‍ കാണിക്ക വെക്കാന്‍ ശ്രമിക്കുന്നതിന്റെ അധാര്‍മികതയും അപകടങ്ങളും പരിശോധിക്കേണ്ടത്. കേരളീയ സാമൂഹിക ജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്ക് എതിരായാണോ ഗുരു തന്റെ ദര്‍ശനങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും പോരാടിയത്, അത്തരം പ്രവണതകള്‍ക്ക് കരുത്തുപകരാനായി ഗുരുദര്‍ശനത്തെ അടിയറവെക്കുന്നു എന്നതാണ് ഏറെ പരിതാപകരം. ഗുരുവിന്റെ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്തവര്‍ തന്നെ അത് ചെയ്യുന്നിടത്താണ് അപകടത്തിന്റെ ആഴം.
യോഗ നേതൃത്വം കൈയാളുന്ന വരേണ്യവര്‍ഗം ഇതാദ്യമായല്ല യോഗത്തെ സംഘ്പരിവാര്‍ കുടക്കീഴില്‍ കുടിയിരുത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുള്ളത്. മുമ്പൊരിക്കല്‍ ഫലപ്രാപ്തിയിലെത്താതെ പോയ സംഘ്പരിവാര്‍ ബാന്ധവത്തിനാണ് ഇപ്പോഴത്തെ നേതൃത്വം വീണ്ടും കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്നത്.
2003-ല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ജന്മശതാബ്ദി ആഘോഷ വേളയിലാണ്, അന്നും യോഗത്തെ നയിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ കൂട്ടുകെട്ടിന് കൊണ്ടുപിടിച്ച് ശ്രമിച്ചത്. അന്നും കേന്ദ്രം ഭരിച്ചിരുന്നത് ബി ജെ പി സര്‍ക്കാറായിരുന്നു. ശതാബ്ദിയുടെ ഭാഗമായി 2003 മെയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗ്ലോബല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ വാജ്പയി ഗവണ്‍മെന്റില്‍ മനുഷ്യവിഭവശേഷി മന്ത്രിയായിരുന്ന മുരളീ മനോഹര്‍ജോഷി. സ്ഥാനമേറ്റെടുത്ത ഉടന്‍ തന്റെ മന്ത്രാലയത്തിലെ ഉന്നതോദ്യോസ്ഥര്‍ക്ക് അദ്ദേഹം നല്‍കിയ നിര്‍ദേശവും എളുപ്പം മറക്കാവുന്നതല്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ ആര്‍ എസ് എസ് കാഴ്ചപ്പാട് മനസ്സിലുണ്ടായിരിക്കണം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. 1992 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്ത സന്ദര്‍ഭത്തില്‍ ഉമാഭാരതിക്കൊപ്പം ആഹ്ലാദനൃത്തം ചവിട്ടുകയും, മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിസ്ഥാനത്ത് വരികയും ചെയ്ത ആളായിരുന്നു ജോഷി എന്നോര്‍ക്കണം. അന്ന് ഈ സംഗമത്തിന് എസ്എന്‍ഡിപി യോഗം ക്ഷണിച്ച ഏകരാഷ്ട്രീയപാര്‍ട്ടി ബിജെപി ആയിരുന്നു. ശിവഗിരിയില്‍ നിന്നുള്ള സന്യാസിമാര്‍ ഇതില്‍ പങ്കെടുത്തില്ല എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
അന്നത്തെ പ്രസംഗത്തില്‍ ജോഷി പറഞ്ഞത് ബിജെപിക്കും ആര്‍എസ്എസിനും പ്രചോദനം നല്‍കിയത് ശ്രീനാരായണഗുരു ആണെന്നും, ആര്‍എസ്എസിന്റെ പ്രഭാതപ്രാര്‍ഥനയില്‍ ഗുരുവിനെ സ്മരിക്കുന്നുണ്ടെന്നുമായിരുന്നു. ജാതി-മത ചിന്തകളുടെ അടിവേരറുത്ത് കേരളീയ സാമൂഹിക ജീവിതത്തെ മാനവികതയുടെയും, മതനിരപേക്ഷതയുടെയും മഹാ ആകാശങ്ങളിലേക്ക് ഉയര്‍ത്തിവിട്ട ഗുരുവിന്റെ ദര്‍ശനമെവിടെ, ഗോള്‍വാള്‍ക്കറുടെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ സങ്കുചിത ധാര്‍ഷ്ട്യങ്ങളെവിടെ? ഇത് രണ്ടും തമ്മില്‍ എവിടെയാണ് പൊരുത്തപ്പെടുന്നത് എന്ന് മറുപടി പറയാനുള്ള ബാധ്യത, സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് ഒട്ടിച്ചേരാന്‍ ശ്രമിച്ച നടേശനും കൂട്ടര്‍ക്കുമാണ്. ആ ഘട്ടത്തിലൊന്നും നടേശന്‍ അത് പറഞ്ഞിരുന്നില്ല.
ഒരു വ്യാഴവട്ടത്തിനുശേഷം നടേശന്റെയും മറ്റും നേതൃത്വത്തില്‍ ഇതിന്റെ മറ്റൊരു ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. മോദി-അമിത്ഷാ-തൊഗാഡിയ ത്രയങ്ങളുമായി അദ്ദേഹം സാധ്യമാക്കാന്‍ ശ്രമിക്കുന്ന ബാന്ധവശ്രമങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മോദിയും, അമിത്ഷായും, തൊഗാഡിയയുമൊക്കെ കേന്ദ്ര ഭരണത്തിന്റെ തലപ്പത്തുള്ളവരായതുകൊണ്ട് അവരോട് ഐക്യപ്പെടുന്നതില്‍ തെറ്റില്ലന്ന ലാഘവത്വം നിറഞ്ഞ ഒരു ന്യായവാദമാണ് നടേശന്‍ ഇതിനായി മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇത് ന്യായം അശേഷവുമില്ലാത്ത വാദം മാത്രമാണ്. നടേശന്‍ എന്ന മുതലാളിക്ക് ഇത്തരമൊരു കൂട്ടുകെട്ടില്‍ പുളകം കൊള്ളാം. എന്നാല്‍ ശ്രീനാരായണപ്രസ്ഥാനത്തിന്റെ പേരിലാകുമ്പോഴാണ് ജനാധിപത്യവാദികള്‍ക്ക് ഇടപെടേണ്ടിവരുന്നത്. ജാത്യഭിമാനത്തിന്റെയും, ഹിന്ദുത്വ അജന്‍ഡയുടെയും ഇതര മത സ്പര്‍ധയുടെയും ത്രിശുലങ്ങള്‍ ഓങ്ങുന്ന സംഘ്പരിവാര്‍ തത്വസംഹിത, ജാതി-മത ചിന്തകളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതി പരാജയപ്പെടുത്തിയ ഗുരൂവിന്റെ ദര്‍ശനപൂര്‍ണിമയോട് എങ്ങനെയാണ് കൂട്ടിക്കെട്ടുക എന്ന് അണികളെയെങ്കിലും ബോധ്യപ്പെടുത്താനുള്ള ബാധ്യത നടേശനുണ്ട്.
എന്തുകൊണ്ട് അദ്ദേഹം ആത്മഹത്യാപരമായ ഇത്തരമൊരു നീക്കത്തിന് മുതിരുന്നു? അവിടെയാണ് യോഗനേതൃത്വത്തിന്റെ മാത്രമല്ല, സമാനമായ മത-സാമുദായിക സംഘടനകളുടെ നേതൃത്വം കൈയാളുന്നവരുടെയും വരേണ്യ താത്പര്യവും, മൂലധനപ്രണയവും പ്രകടമാകുന്നത്. പണത്തിന്റെയും, മൂലധന സംരക്ഷണത്തിന്റെയും കാര്യത്തില്‍ തങ്ങളെല്ലാം ഒരുമതക്കാര്‍ തന്നെയാണ് എന്നാണ് നടേശന്‍ പറയാതെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എസ് എന്‍ ഡി പി യോഗത്തിലെ പട്ടിണിക്കാരും, പാവപ്പെട്ടവരുമായ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് സംഘ്പരിവാര്‍ ചങ്ങാത്തം കൊണ്ട് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. കൊയ്ത്തു മുഴുവന്‍ കീശയിലാക്കുന്നത് നേതൃത്വമായിരിക്കും. സാക്ഷാല്‍ കുമാരനാശാനെപ്പോലും ‘കുയില്‍കുമാരന്‍’ എന്നു വിളിച്ചാക്ഷേപിച്ച വരേണ്യനേതൃത്വം യോഗചരിത്രത്തില്‍ ഉണ്ടായിരുന്നു എന്നോര്‍ക്കണം. പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് അമ്പലപ്പുഴയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി യോഗത്തില്‍, ഭരണാധികാരികള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള ശ്രമത്തെ അന്നത്തെ വരേണ്യനേതൃത്വം വിലക്കിയതും ചരിത്രമാണ്. കാരണം, അവരുടെ മൂലധന താത്പര്യം സംരക്ഷിക്കാന്‍ ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തം അത്യാവശ്യമായിരുന്നു. ഈ മൂലധന താത്പര്യത്തിന്റെ പുതിയ വേഷവും, പുതിയ വാചാടോപങ്ങളുമാണ് വെള്ളാപ്പള്ളി നടേശനിലൂടെ പ്രകടമാവുന്നത്.
ഇത്തരമൊരു അപകടകരമായ നടപടി കൊണ്ട് നടേശനും കൂട്ടര്‍ക്കും നേട്ടങ്ങള്‍ പലതരത്തിലുണ്ടാകുമെന്നതിന് തര്‍ക്കമില്ല. പക്ഷെ അതുവഴി വലിയൊരു പ്രസ്ഥാനത്തെയും, അതിന് ഊര്‍ജവും, ഉന്മേഷവും പകര്‍ന്ന അദ്വീതയനായ നവോത്ഥാന നായകന്റെ ദര്‍ശനങ്ങളെയുമാണ് അനാഥമാക്കുന്നത്. നവോത്ഥാനത്തിനും, തുടര്‍ന്നുള്ള കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭരണത്തിനും, അതുവഴി സാമൂഹിക നീതിയുടെ പ്രകാശപൂര്‍ണമായ അന്തരീക്ഷത്തിനും വഴിയൊരുക്കിയ ഒരു ദര്‍ശനസംഹിതയെയും അതിന്റെ ആചാര്യനെയുമാണ് ഇക്കൂട്ടര്‍ അപമാനിക്കുന്നത്. സാധാരണക്കാരന് ആത്മധൈര്യം പകര്‍ന്നുതന്ന ഗുരുവിന്റെ ആശയസമരത്തിന്റെ ജ്വാലകളെ ഇവര്‍ തല്ലിക്കെടുത്തുകയാണ്. സവര്‍ണ ജാതിക്കോമരങ്ങളോട് എന്നും കലഹിച്ച ഗുരുവിന്റെ ആശയസമരത്തെ, അതേ ജാതിക്കോമരങ്ങള്‍ക്ക്മുന്നില്‍ അടിയറവയ്ക്കുകയുമാണ്. എസ്.എന്‍.ഡി.പി യോഗത്തിലൂടെ ഗുരു നല്‍കിയ പ്രചോദനത്തില്‍ നിന്ന് രൂപംകൊണ്ടവയായിരുന്നുവല്ലോ അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലനസംഘവും, പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ച വാലസമുദായ പരിഷ്‌കരണി സഭയും. ഇവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച സാമൂഹികോല്‍ക്കര്‍ഷത്തിന്റെ ചിറകുകള്‍ കൂടി അരിയാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ രാഷ്ട്രീയവുമായുള്ള ചങ്ങാത്തത്തിലൂടെ നടേശന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് കേരളം ചര്‍ച്ച ചെയ്യേണ്ട ഏറ്റവും ഗൗരവതരമായ പ്രശ്‌നം.