Connect with us

Editorial

മതേതര ഇന്ത്യക്ക് പ്രതീക്ഷയേകി പുതിയ സഖ്യം

Published

|

Last Updated

ആസന്നമായ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാനുള്ള ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് തീരുമാനം ശുഭോദര്‍ക്കമാണ്. നേതാക്കള്‍ തമ്മിലുള്ള നിരവധി കൂടിക്കാഴ്ചകള്‍ക്കൊടുവില്‍ ബുധനാഴ്ച നടന്ന മാരത്തോണ്‍ ചര്‍ച്ചയിലാണ് വിശാല മതേതര മുന്നണി രുപവത്കരണത്തിന് ധാരണയായത്. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും ഇവര്‍ യോജിപ്പിലെത്തിയിട്ടുണ്ട്. 243 അംഗ നിയമസഭയില്‍ ജെ ഡി യു, ആര്‍ ജെ ഡി കക്ഷികള്‍ 100 വീതം സീറ്റുകളിലും കോണ്‍ഗ്രസ് 40 സീറ്റിലും മത്സരിക്കും. നിലവില്‍ ജെ ഡി യുവിന് 115 ഉും, ആര്‍ ജെ ഡിക്ക് 22 ഉം, കോണ്‍ഗ്രസിന് നാലും സീറ്റുകളാണ് ഉള്ളത്. അതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്നതില്‍ ജെ ഡി യുവിനും ആര്‍ ജെ ഡിക്കുമിടയില്‍ തര്‍ക്കമുയര്‍ന്നിരുന്നെങ്കിലും അതും പരിഹരിക്കപ്പെട്ടു. നിതീഷ്‌കുമാറായിരിക്കും മുഖ്യമന്ത്രി സ്ഥാനാനാര്‍ഥി. എന്‍ സി പി, ഐ എന്‍ എല്‍ ഡി തുടങ്ങിയ കക്ഷികളെയും മുന്നണിയുമായി സഹകരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും നേതാക്കള്‍ അറിയിക്കുകയുണ്ടായി.
ഹിന്ദുത്വ ഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്. കേന്ദ്രത്തിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി മതേതര ജനാധിപത്യത്തെ പിഴുതെറിഞ്ഞു ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമായി മാറ്റാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണിപ്പോള്‍ ബി ജെ പി. വികസനവും അഴിമതി മുക്ത ഭരണവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍, അതെല്ലാം വിസ്മരിച്ചു സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കി വരികയാണ്. മതേതര കക്ഷികളുടെ തമ്മിലടിയാണ് ഇതിന് വഴിയൊരുക്കിയത്. രാജ്യത്ത് ശക്തിപ്പെട്ട വര്‍ഗീയ ധ്രുവീകരണം ഉപയോഗപ്പെടുത്തി കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ ഹിന്ദുത്വ ശക്തികളെ ഒന്നിപ്പിച്ചപ്പോള്‍, അതിനെ പ്രതിരോധിക്കാനായി മതേതര കക്ഷികള്‍ യോജിക്കേണ്ടതിന്റെ അനിവാര്യത പലരും ചൂണ്ടിക്കാട്ടിയെങ്കിലും താത്കാലിക രാഷ്ട്രീയ നേട്ടത്തിനായി അവര്‍ കൊമ്പുകോര്‍ക്കുകയാണുണ്ടായത്. അതിന്റെ വിടവിലൂടെയാണ് എന്‍ ഡി എ സഖ്യം അധികാരത്തിലേറിയത്. ഇതേ നില തുടര്‍ന്നാല്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബീഹാര്‍ നിയമസഭ ബി ജെ പി കൈപിടിയിലൊതുക്കുമെന്ന തിരിച്ചറിവാണ് സംസ്ഥാനത്ത് മതേതര സഖ്യ രൂപവത്കരണത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ ബീഹാറിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജെ ഡി യു, ആര്‍ ജെ. ഡി, കോണ്‍ഗ്രസ് സഖ്യം കൈവരിച്ച നേട്ടവും ഇതിന് പ്രചോദനമായി. മോദി അധികാരത്തിലേറി മൂന്ന് മാസം മാത്രം പിന്നിട്ട ഘട്ടത്തില്‍, പൊതു തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട മോദി തരംഗത്തിന്റെ പശ്ചാതലത്തില്‍ നടന്ന പ്രസ്തുത തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളില്‍ ആറിടത്ത് മേല്‍സഖ്യം വിജയിച്ചിരുന്നു. ഇവയില്‍ നാലെണ്ണം ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളാണെന്നതും ഈ വിജയത്തിന് തിളക്കമേകി.
2010ല്‍ ബി ജെ പിയുമായി ചേര്‍ന്നാണ് ജെ ഡി യു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവുമായുള്ള ശത്രുതയാണ് നിതീഷിനെ ഈ സഖ്യത്തിലെത്തിച്ചത്. അന്ന് ജെ ഡി യു 115 സീറ്റുകളിലും ബിജെപി 91 സീറ്റുകളിലും വിജയിച്ചു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ നിതീഷ് അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ബി ജെ പിയുമായി വഴിപിരിയുകയുമായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ കറപുരണ്ട മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു നിതീഷിന്.
പുതിയ മതേതര സഖ്യം രൂപപ്പെട്ടതോടെ ബീഹാറില്‍ ബി ജെ പിയുടെ നില പരുങ്ങലിലാണ്. മതേതര സഖ്യം ഭൂരിപക്ഷം നേടി നിധീഷ് മുഖ്യമന്ത്രിയായാല്‍ ബി ജെപി യുടെ മോദിപ്രഭാവത്തിനു ദേശീയതലത്തില്‍ തന്നെ മങ്ങലേല്‍ക്കും. രാജ്യസഭയില്‍ പാര്‍ട്ടിയുടെ നില കൂടുതല്‍ പരിതാപകരവുമാകും. സംസ്ഥാനത്തെ എന്‍ ഡി എ സഖ്യത്തില്‍ അത്ര സ്വരച്ചേര്‍ച്ചയില്ലെന്നതും ബി ജെ പിയെ അലട്ടുന്നുണ്ട്. സഖ്യകക്ഷിയായ രാംവിലാസ് പസ്വാന്റെ ലോക്ജനശക്തിക്ക് ബി ജെ പിയുടെ ഏകപക്ഷീയ നിലപാടുകളില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഏഴ് ശതമാനം മുന്നാക്ക വിഭാഗമാണ് ബീഹാറില്‍ ബി ജെ പിയുടെ പ്രധാന വോട്ടുബേങ്ക്. ആറ് സോഷ്യലിസ്റ്റ് കക്ഷികള്‍ ഒന്നിച്ച ജനതാപരിവാറും കോണ്‍ഗ്രസും ചേരുന്നതിലൂടെ 51 ശതമാനം വരുന്ന യാദവരുള്‍പ്പെടുന്ന ഒ ബി സിയും 16 ശതമാനം ദളിത് വോട്ടുകളും 16 ശതമാനം മുസ്‌ലിം വോട്ടുകളും ഏകീകകരിക്കുമ്പോള്‍ നിതീഷിന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബീഹാറിലെ മതേതര സഖ്യത്തെ പ്രതീക്ഷയോടെയാണ് മതേതര ഇന്ത്യ നോക്കിക്കാണുന്നത്. വര്‍ഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും ഇന്നോളം രാജ്യം കാത്തുസൂക്ഷിച്ച മതേതര ജനാധിപത്യം തകരാതിരിക്കാനും മറ്റു സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും സമാന സഖ്യങ്ങള്‍ രൂപപ്പെടണം. താത്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിഘടിച്ചു നില്‍ക്കുന്നതും വര്‍ഗീയ ശക്തികളുമായി സഹകരിക്കുന്നതും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവും ബോധവും മതേതര നേതാക്കള്‍ക്കുണ്ടാകേണ്ടതുണ്ട്.