Connect with us

Gulf

കുടിയേറ്റം: വ്യാജ വാഗ്ദാനങ്ങള്‍ സൂക്ഷിക്കണമെന്ന് ഡി ഇ ഡി

Published

|

Last Updated

ദുബൈ: മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ സഹായം വാഗ്ദാനം ചെയ്യുന്ന കമ്പനികളെ സൂക്ഷിക്കണമെന്ന് ദുബൈ സാമ്പത്തിക വികസന വകുപ്പ് (ഡി ഇ ഡി) മുന്നറിയിപ്പ് നല്‍കി. ഇത്തരം കമ്പനികള്‍ക്കിടയില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവയും ഉള്‍പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് വകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പല സ്ഥാപനങ്ങളും ആകര്‍ഷകമായ പാക്കേജുകളുമായാണ് വിദേശ രാജ്യങ്ങളിലേക്കു കുടിയേറാന്‍ താല്‍പര്യമുള്ളവരെ സമീപിക്കുന്നത്. ഇവയില്‍ പ്രാദേശിക-വിദേശ സ്ഥാപനങ്ങള്‍ ഉള്‍പെടും. ഇത്തരം വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ സമീപിക്കുന്ന സ്ഥാപനങ്ങള്‍ കുടിയേറ്റത്തിനായുള്ള അപേക്ഷ നിരസിച്ചാല്‍ ഉപഭോക്താവിനെ അറിയിക്കാറില്ല. കുടിയേറ്റത്തിന് സഹായം നല്‍കുന്ന സ്ഥാപനങ്ങളെ ജാഗ്രതയോടെ മാത്രമേ സമീപിക്കാവൂവെന്ന് സാമ്പത്തിക വികസന വകുപ്പിലെ വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ തനാക് ആവശ്യപ്പെട്ടു.
ചില ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെട്ടതായി വ്യക്തമാക്കി വകുപ്പിനെ സമീപിച്ചിട്ടുണ്ട്. കമ്പനികള്‍ക്ക് ഇത്തരം കാര്യത്തില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വലയിലാക്കാന്‍ ശ്രമിക്കുന്നതുമാണ് ഇതിന് ഇടയാക്കുന്നത്. ചില പ്രാദേശിക കമ്പനികള്‍ കുടിയേറ്റം നൂറു ശതമാനം സാധ്യമാവുമെന്ന് വിശ്വസിപ്പിച്ചാണ് ഉപഭോക്താക്കളെ വഞ്ചിക്കുന്നത്. ഇത്തരം കേസുകളില്‍ പദ്ധതി പൊളിയുന്നതോടെ ഉപഭോക്താക്കള്‍ അല്‍ഭുതപ്പെടുന്ന അവസ്ഥയാണുള്ളത്. കുടിയേറ്റത്തിന് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സ്ഥാപനവും ഉപഭോക്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കുകയാണ്. ഇത്തരം കേസുകളില്‍ സ്ഥാപനത്തിന്റെ ആധികാരികത ഉറപ്പാക്കുന്നതിനൊപ്പം ഏത് രാജ്യത്തേക്കാണോ കുടിയേറാന്‍ ആഗ്രഹിക്കുന്നത് ആ രാജ്യത്തേക്ക് ആവശ്യമായ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചോയെന്നും ഉപഭോക്താവ് ഉറപ്പാക്കണം. ആ രാജ്യത്തിന്റെ പ്രതിനിധിക്ക് മുമ്പില്‍ അഭിമുഖം ലഭിക്കുന്നുണ്ടോയെന്നും നോക്കേണ്ടതാണ്. പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ഏത് രാജ്യത്തേക്കാണ് കുടിയേറ്റം സാധ്യമാവുകയെന്ന് പോലും അറിയാത്ത സ്ഥിതിയാണ്. കുടിയേറാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിനും ഉപഭോക്താവിനും ഇടയില്‍ മധ്യവര്‍ത്തി ചമയുന്ന വ്യാജ സ്ഥാപനങ്ങള്‍ക്ക് ആ രാജ്യത്തിന്റെ വിസ തരപ്പെടുത്താന്‍ പോലും സാധ്യമാവാത്ത സ്ഥിതിയാണ്. കുടിയേറ്റത്തിന് ആഗ്രഹിക്കുന്നവര്‍ സാമ്പത്തിക വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാല ദുബൈ സര്‍വീസുമായി 600545555 എന്ന നമ്പറില്‍ സഹായത്തിന് ബന്ധപ്പെടാവുന്നതാണെന്നും അല്‍ തനാക് പറഞ്ഞു.

Latest