Connect with us

Ongoing News

ഗാലെ ടെസ്റ്റ: ഇന്ത്യ മികച്ച നിലയില്‍

Published

|

Last Updated

ഗാലെ:ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരുടെ സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. 192 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ദിവസം കളിനിര്‍ത്തുന്നതിനു മുന്‍പ് ലങ്കന്‍ ഓപ്പണര്‍മാരെ പവലിയിലേയ്ക്കും അയച്ചു. നാല് ഓവര്‍ മാത്രം ബാറ്റ് ചെയ്ത ലങ്ക 5/2 എന്ന നിലയില്‍ പതറുകയാണ്. നൈറ്റ് വാച്ച്മാന്‍ ദമിങ്ക പ്രസാദിനൊപ്പം വിശ്വസ്തനായ കുമാര്‍ സംഗക്കാരയാണ് ക്രീസില്‍.

134 റണ്‍സ് നേടിയ ധവാനും 103 റണ്‍സ് നേടിയ കോഹ്‌ലിയുമാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. കഴിഞ്ഞ ലോകകപ്പിലെ പ്രഥമ മത്സരത്തില്‍ പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടിയ ശേഷം കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടുന്ന ആദ്യ സെഞ്ചുറിയാണ് ഗാലെയില്‍ പിറന്നത്. ഇരുവരും പുറത്തായ ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് ലീഡ് ഉയര്‍ത്തിയത്. സാഹ 60 റണ്‍സ് നേടി. ലങ്കയ്ക്ക് വേണ്ടി തരിന്തു കൗശല്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.

കുറ്റന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കരുണരത്‌നയെ നഷ്ടമായി. അശ്വിന്റെ പന്തില്‍ വിക്കറ്റു തെറിച്ച കരുണരത്‌നയ്ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ഓവറില്‍ അഞ്ചാം പന്തില്‍ കുശാല്‍ സില്‍വയും പൂജ്യത്തിനു വീണു. ഇത്തവണ വിക്കറ്റ് അമിത് മിശ്രയ്ക്കായിരുന്നു. എട്ട് വിക്കറ്റ് ശേഷിക്കേ 187 റണ്‍സ് പിന്നിലുള്ള ലങ്ക മത്സരത്തിലേയ്ക്ക് തിരിച്ചുവരാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.