സഞ്ചാരികളുടെ മനം കവര്‍ന്ന് കക്കാടംപൊയില്‍

  Posted on: August 13, 2015 6:19 pm | Last updated: August 13, 2015 at 6:19 pm
  SHARE

  kamaruകോഴിക്കോട്: സഞ്ചാരികളുടെ മനം കവരുകയാണ് കക്കാടംപൊയില്‍. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃതി രമണീയ കാഴ്ചകളുമാണ് കക്കാടം പൊയിലിനെ മിനി ഗവിയെന്ന വിളിപ്പേരിന് അര്‍ഹമാക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലും, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമാണ് കക്കാടംപൊയില്‍ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഗവിയുടെ ചാരുതയാര്‍ന്ന ഭൂപ്രകൃതിയുടെ നയനാനന്ദകര കാഴ്ച അനുഭവിച്ച അനുഭൂതിയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.
  പച്ച പുതച്ച് നില്‍ക്കുന്ന മലകളും, കുന്നിന്‍ ചെരുവില്‍ നിന്ന് ഒഴുകുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. തണുത്ത കാലാവസ്ഥയും കുന്നിന്‍ മുകളില്‍ കോടമൂടികിടക്കുന്നതുമെല്ലാമാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകാന്‍ പ്രധാന കാരണം.
  റോഡുകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന മുളങ്കാടുകള്‍ ചുറ്റപ്പെട്ടത് കാണാന്‍ മനോഹരമാണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2200 മീറ്റര്‍ ഉയരത്തിലാണ് കക്കാടംപൊയില്‍ സ്ഥിതി ചെയ്യുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ആനകളുടെയും, കടുവകളുടെയും, അപൂര്‍വ ഇനം പക്ഷികള്‍, ഷഡ്പദങ്ങള്‍ എന്നിവയുടെയും ആവാസ ഭൂമിയാണ് കക്കാടംപൊയില്‍. കാടിന്റെ നിഗൂഢതകളറിയാന്‍ കക്കാടംപൊയിലില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠന ക്യാമ്പുകള്‍ സജീവമായി നടക്കുന്നുണ്ട്.
  നിലമ്പൂരില്‍ നിന്ന് 24 കിലോ മീറ്ററും, കോഴിക്കോട് നിന്ന് 50 കിലോ മീറ്ററുമാണ് കക്കാടംപൊയിലിലെത്താനുള്ള ദൂരം. നിലമ്പൂര്‍ അകമ്പാടം വഴിയാണ് കക്കാടംപൊയിലെത്താനുള്ള വഴി. കോഴിക്കോട് നിന്നാണെങ്കില്‍ തിരുവമ്പാടി കൂടരഞ്ഞി വഴിയും എത്താം. കെ എസ് ആര്‍ ടി സിയാണ് ഈ ഭാഗങ്ങളിലൂടെ ബസ് സര്‍വീസ് നടത്തുന്നത്. ഇത് രാവിലെ മുതല്‍ വൈകുന്നേരം വരെയുണ്ട്.
  ഇവിടെ വസിക്കുന്ന ജന വിഭാഗങ്ങള്‍ കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. വാഴ, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, കുരുമുളക്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് കക്കാടംപൊയിലിലെ കാര്‍ഷിക വിളകള്‍. ടൂറിസം ഭൂപടത്തില്‍ കക്കാടം പൊയില്‍ ഇടം നേടിയിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായിരുന്നു ഇവിടെ. ഇപ്പോള്‍ മിനി ഗവി കാണാന്‍ ദിനേന നൂറ് കണക്കിന് പേരാണ് ഇവിടയെത്തുന്നതെന്ന് കക്കാടംപൊയിലില്‍ ചായക്കട നടത്തുന്ന മജീഷ് പറയുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here