സ്വാതന്ത്ര ദിനാഘോഷം: തലസ്ഥാനത്ത് സുരക്ഷാ പരിശോധന കര്‍ശനമാക്കി

Posted on: August 13, 2015 9:32 am | Last updated: August 14, 2015 at 12:55 pm
SHARE

delhi security
ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനാഘോഷ പരിപാടികല്‍ക്കായി തലസ്ഥാനത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു.മുംബൈ ഭീകരാക്രമണ കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ പശ്ചാതലത്തില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര ദിനാഘോഷങ്ങള്‍ നടക്കുക.

ഓഗസ്റ്റ് 15ന് ഡല്‍ഹിയില്‍ ഭീകരവാദികളുടെ ആക്രമണമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഡല്‍ഹിയില്‍ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. എയര്‍പോര്‍ട്ട്, റയില്‍വേ, മെട്രോ സ്‌റ്റേഷനുകളില്‍ സുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെയും പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും ജമ്മുകശ്മീരിലെ ഉധംപൂരിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് സുരക്ഷാ സേനക്ക് ലഭിച്ചിട്ടുള്ളത്.

പാക്ക് അധിനിവേശ കശ്മീരിലെ ലഷ്‌കറെ ത്വയിബ ക്യാംപില്‍ നിന്നും ഒന്‍പത് ഭീകരര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇവര്‍ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 1,550 സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനൊപ്പം പതിനായിരം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക.