പരസ്യത്തില്‍ മതനിന്ദ: ധോണിക്ക് ഹൈക്കോടതി വിമര്‍ശം

Posted on: August 13, 2015 12:35 am | Last updated: August 13, 2015 at 12:35 am
SHARE

dhoni-indiaബെംഗളൂരു: മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട ക്രിക്കറ്റ്താരം മഹേന്ദ്ര സിംഗ് ധോണിക്ക് കര്‍ണാടക ഹൈക്കോടതിയുടെ വിമര്‍ശം. മഹാവിഷ്ണുവിന്റെ വേഷത്തില്‍ വിവിധ ഉത്പന്നങ്ങളുമായി ഫോട്ടോക്ക് പോസ് ചെയ്ത ധോണി മതവിശ്വാസം ഹനിച്ചുവെന്ന് കാണിച്ച് ആക്റ്റിവിസ്റ്റായ ജയകുമാര്‍ ഹിരേമഠ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ധോണിക്കെതിരെ ജഡ്ജി വാക്കാല്‍ വിമര്‍ശനമുന്നയിച്ചത്.
ധോണിയെപ്പോലുള്ള ക്രിക്കറ്റ് താരങ്ങള്‍ പണത്തിന് വേണ്ടി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമായിരുന്നുവെന്നും മതവിശ്വാസത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കേണ്ടതായിരുന്നുവെന്നും ജസ്റ്റിസ് വേണുഗോപാല്‍ ഗൗഡ പറഞ്ഞു.
2013 ഏപ്രിലില്‍ ഇറങ്ങിയ ബിസിനസ് ടുഡെ മാസികയുടെ കവര്‍ ചിത്രമാണ് വിവാദമായത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിലാണ് ധോണി മഹാവിഷ്ണുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ ഫോട്ടോക്കുവേണ്ടി ധോണി പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് ധോണി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹിരേമഠിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറാം അഡിഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ധോണിക്കെതിരെ കേസെടുത്തത്. നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ധോണി തയ്യാറായിരുന്നില്ല. തുടര്‍ന്ന് ധോണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here