Connect with us

International

വിമര്‍ശം ശക്തം; അധികാരം ഒഴിയുകയാണെന്ന് ലിബിയന്‍ പ്രധാനമന്ത്രി

Published

|

Last Updated

ട്രിപ്പോളി : താന്‍ പ്രധാനമന്ത്രി പദം ഒഴിയുകയാണെന്ന് അന്താരാഷ്ട്രാ സമൂഹത്തിന്റെ അംഗീകാരമുള്ള ലിബിയന്‍ പ്രധാനമന്ത്രി. സര്‍ക്കാര്‍ നിഷ്ഫലമാണെന്ന് പൊതുസമൂഹത്തില്‍നിന്നും കടുത്ത വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് ടി വി ചാനല്‍ അഭിമുഖത്തില്‍ രോഷാകുലനായി ഇദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. ഒരു വര്‍ഷം മുമ്പ് സായുധ സംഘം തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്ത് ഭരണം തുടങ്ങിയതോടെ കിഴക്കന്‍ നഗരമായ ടൊബ്രക് തലസ്ഥാനമാക്കി ഭരണം നടത്തുന്ന സര്‍ക്കാറില്‍ പ്രധാനമന്ത്രിയായ അബ്ദുല്ല അല്‍ തിന്നിയാണ് രാജിക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ ഔദ്യോഗികമായി രാജിവെച്ചുവെന്നും രാജിക്കത്ത് ഞായറാഴ്ച ജനപ്രതിനിധി സഭക്ക് സമര്‍പ്പിക്കുമെന്നും തിന്നി ലിബിയയിലെ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം തിന്നിയുടെ രാജിവാര്‍ത്ത അദ്ദേഹത്തിന്റെ വക്താവ് ഹതേം അല്‍ അറേബി നിഷേധിച്ചു. പ്രധാനമന്ത്രി ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടെ അദ്ദേഹം പറഞ്ഞു. ട്രിപ്പോളി നഷ്ടമായതുമുതല്‍ തിന്നിയുടെ സര്‍ക്കാര്‍ കഴിവുകെട്ട സര്‍ക്കാരാണെന്ന് കടുത്ത വിമര്‍ശമുയര്‍ന്നുവന്നിരുന്നു. ഏറെക്കാലം രാജ്യം ഭരിച്ച മുഅമ്മര്‍ ഗദ്ദാഫി സ്ഥാനഭ്രഷ്ടനായിട്ട് നാല് വര്‍ഷമായിട്ടും നഗരങ്ങളില്‍ ഇപ്പോഴും സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. തന്റെ രാജിക്കായി ജനങ്ങള്‍ തെരുവിലിറങ്ങേണ്ടതില്ലെന്നും തന്റെ രാജിക്കാര്യം ടി വിചാനലിലൂടെ പ്രഖ്യാപിക്കുകയാണെന്നും നാളെ ജനപ്രതിനിധി സഭക്ക് രാജിക്കത്ത് നല്‍കാന്‍ താന്‍ തയ്യാറാണെന്നും തിന്നി അഭിമുഖത്തില്‍ പറഞ്ഞു. താങ്കള്‍ക്കെതിരായി ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചാല്‍ എന്തു ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ രോഷാകുലനായ തിന്നി തന്റെ രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.