Connect with us

Editorial

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടരുത്

Published

|

Last Updated

പഞ്ചായത്ത് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ്. പഞ്ചായത്തുകളുടെ വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ നിലവില്‍ വരത്തക്ക വിധത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്. നിലവിലുള്ള പഞ്ചായത്ത് ഭരണ സമിതികളുടെ കാലാവധി ഒക്‌ടോബര്‍ 31 ഓടെ അവസാനിക്കും. അതിന് മുമ്പ് തിരഞ്ഞടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് പഞ്ചായത്തുകളുടെ പുനര്‍വിഭജനം കോടതി റദ്ദാക്കിയത്. ഇതേതുടര്‍ന്ന് വാര്‍ഡുകളുടെ അശാസ്ത്രീയമായ വിഭജനത്തിലൂടെ ലക്ഷ്യമിട്ടിരുന്ന രാഷ്ട്രീയ നേട്ടങ്ങള്‍ ഇല്ലാതാകുമെന്നതാണ് കോടതിവിധി തിരുത്തിച്ച ശേഷം മതി തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് യു ഡി എഫിനെ എത്തിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ഡ് വിഭജനവും പുതിയ പഞ്ചായത്ത് രൂപവത്കരണവും പതിവാണ്. ജനസംഖ്യയും ഭരണ സൗകര്യവും പരിഗണിച്ചാണ് ഇത് നടപ്പാക്കേണ്ടതെങ്കിലും, അതാത് കാലത്ത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇപ്പോള്‍ വാര്‍ഡ് വിഭജനങ്ങളുടെ മാനദണ്ഡം. 2009 ല്‍ വാര്‍ഡ് വിഭജനം അന്ന് ഭരണത്തിലുള്ള ഇടത് മുന്നണിയുടെ രാഷ്ട്രീയ നേട്ടം കണക്കിലെടുത്തായിരുന്നു. ഇത്തവണ യു ഡി എഫിന് ഗുണകരമാകുന്ന വിധത്തിലും. രാഷ്ട്രീയ ലാക്കോടെയുള്ള ഈ വിഭജനത്തില്‍ ചട്ടങ്ങള്‍ പോലും കാറ്റില്‍ പറത്തിയതാണ് ഇപ്പോള്‍ സര്‍ക്കാറിന് വിനയായത്. ഒരു വില്ലേജ് അല്ലെങ്കില്‍ ഒരു കൂട്ടം വില്ലേജുകള്‍ പൂര്‍ണമായി ഉള്‍പ്പെട്ടതായിരിക്കണം പഞ്ചായത്തെന്നാണ് ഭരണഘടനാ ചട്ടം. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളില്‍ വരുന്ന വിധം പഞ്ചായത്ത് വിഭജനം പാടില്ല. വില്ലേജുകള്‍ വെട്ടിമുറിക്കേണ്ടി വന്നാല്‍ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കണം പഞ്ചായത്ത് പുനര്‍വിഭജന നടപടികളിലേക്ക് നീങ്ങേണ്ടത്. എന്നാല്‍ ഈ വര്‍ഷം പുതിയ പഞ്ചായത്ത് രൂപവത്കരണത്തിന് ശേഷമാണ് വില്ലേജ് വിഭജനത്തിന്റയും പുതിയ വില്ലേജ് രൂപവത്കരണത്തിന്റെയും വിജ്ഞാപനമിറങ്ങിയത്. ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ വില്ലേജുകളെ വിഭജിക്കാവൂ എന്ന ഭരണഘടന 243(ജി) അനുച്ഛേദവും സര്‍ക്കാര്‍ ലംഘിച്ചു. ഇങ്ങനെ ചട്ടവിരുദ്ധമായി രൂപവത്കരിച്ച 69 പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടെയും രുപവത്കരണമാണ് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള റദ്ദാക്കിയത്.
കോടതി വിധി സര്‍ക്കാറിന് തിരിച്ചടിയാണെങ്കിലും അത് മാനിച്ചു പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ ആദ്യവാരം തന്നെ നടത്തണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പൊതുവികാരം. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി കൈക്കൊണ്ട വഴിവിട്ട നടപടികളും സര്‍ക്കാറിനുണ്ടാക്കിയ മോശമായ പ്രതിഛായ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ എങ്ങിനെ ബാധിക്കുമെന്ന ആശങ്ക, അരുവിക്കരയിലെ വിജയത്തോടെ വിട്ടൊഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് താമസിയാതെ നടത്തിയാല്‍ അരുവിക്കര സൃഷ്ടിച്ച ആത്മവിശ്വാസം അതില്‍ പ്രതിഫലിക്കുമെന്നും തിരഞ്ഞെടുപ്പ് നീണ്ടാല്‍ അത് നഷ്ടപ്പെടുമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സമയത്തിന് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോടതി വിധി വന്ന ഉടനെ മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നതുമാണ്. എന്നാല്‍ ചില ഘടക കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. പുതിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ മതി തിരഞ്ഞെടുപ്പെന്നും, നിയമ പോരാട്ടത്തിലൂടെ അതിനുള്ള അനുമതി നേടിയെടുക്കണമെന്നുമുള്ള വാശിയിലാണ് ചില കക്ഷികള്‍.
കക്ഷിരാഷ്ടീയത്തെ കേന്ദ്രീകരിച്ചുള്ള ഈ കളി ജനാധിപത്യത്തിന്റെ അന്തഃസത്തക്കും ക്ഷീണം വരുത്തും. നിയമപരമായിപഞ്ചായത്ത് ഭരണ സമിതികളുടെ കാലാവധി അഞ്ച് വര്‍ഷമാണ്. അതവസാനിക്കുമ്പോഴേക്കും പുതിയ ഭരണ സമിതിക്ക് അധികാരത്തിലേറാന്‍ വഴിയൊരുക്കുന്ന വിധം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതാണ് ജനാധിപത്യപരവും. പാര്‍ട്ടികളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വാര്‍ഡ് വിഭജനത്തില്‍ ക്രമക്കേടും നിയമലംഘനവും നടത്തിയതിന് കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയെ നേരിടേണ്ടത് ജനായത്ത താത്പര്യങ്ങളെ അട്ടിമറിച്ചു കൊണ്ടല്ല. ഭരണരംഗത്ത് ന്യായാധിഷ്ഠിതമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഘടക കക്ഷികളുടെ സമ്മര്‍ദ്ദം പലപ്പോഴും സര്‍ക്കാറിന് തടസ്സമാകുന്നുണ്ട്. നേരത്തെ ബാര്‍കോഴക്കേസില്‍ ഇത് പ്രകടമായതാണ്. മുഖ്യമന്ത്രി ഘടക കക്ഷികളുടെ തടവറയിലാണെന്ന പരാതിക്ക് ഇത് ശക്തി പകരുകയും ആത്യന്തികമായി പാര്‍ട്ടിക്കും സര്‍ക്കാറിനും ദോഷം വരുത്തുകയും ചെയ്യും.

---- facebook comment plugin here -----

Latest