എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് മര്‍കസ് ഒരുങ്ങി

Posted on: August 13, 2015 4:56 am | Last updated: August 14, 2015 at 12:55 pm
SHARE

കോഴിക്കോട്: സര്‍ഗ്ഗ വസന്തത്തിന്റെ നിറങ്ങളൊരുക്കി, ധാര്‍മിക വഴികളില്‍ കലാസാഹിത്യ വൈവിധ്യങ്ങളുടെ മത്സരവീര്യം പകര്‍ന്ന് വീണ്ടുമെത്തുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് 16 ദിവസങ്ങള്‍ ശേഷിക്കെ, വിവിധ ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ മര്‍കസ് ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 28, 29 തീയ്യതികളില്‍ കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന 22 ാമത് സംസ്ഥാന സാഹിത്യോത്സവിന് വിപുലമായ സൗകര്യങ്ങളാണ് വിജ്ഞാനമുറ്റത്ത് ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയടക്കം 15 ജില്ലകളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ഥി പ്രതിഭകളാണ് സംസ്ഥാന സാഹിത്യോത്സവിന് മത്സരിക്കാനെത്തുക. പന്ത്രണ്ട് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഇതോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 14ന് വൈകീട്ട് മൂന്നിന് മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ നടക്കും. പി ടി സി മുഹമ്മദലി മാസ്റ്ററുടെ അധ്യക്ഷതയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ കലാം മാവൂര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി മായനാട് വിഷയാവതരണം നടത്തും. എം അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, ഇസ്മാഈല്‍ സഖാഫി പെരുമണ്ണ, ബീരാന്‍ മുസ്‌ലിയാര്‍ പെരുവയല്‍, സലാഹുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്ല മൗലവി, എം ടി ശിഹാബുദ്ദീന്‍ അസ്ഹരി, യൂസുഫലി സഅദി, ശരീഫ് സഖാഫി താത്തൂര്‍ സംബന്ധിക്കും. എസ് വൈ എസ് കുന്നമംഗലം സോണ്‍, സര്‍ക്കിള്‍, യൂനിറ്റ്, എസ് എസ് എഫ് കുന്നമംഗലം ഡിവിഷന്‍, സെക്ടര്‍, യൂനിറ്റ്, എസ് ജെ എം സോണ്‍, റേഞ്ച്, എസ് എം എ കുന്നമംഗലം മേഖല, റീജ്യനല്‍ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് സംസ്ഥാന സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസില്‍ നിന്ന് അറിയിച്ചു.