ആരാധനാലയങ്ങളുടെ പുനര്‍നിര്‍മാണം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കണം- ന്യൂനപക്ഷ കമ്മീഷന്‍

Posted on: August 13, 2015 5:50 am | Last updated: August 12, 2015 at 11:51 pm
SHARE

കണ്ണൂര്‍: ആരാധനാലയങ്ങളുടെ പുനര്‍നിര്‍മാണത്തിന് അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി നിയമഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും. നിലവില്‍ പുതിയ ആരാധനാലയങ്ങള്‍ ഉണ്ടാക്കാനും പുനര്‍നിര്‍മാണത്തിനും ജില്ലാ കലക്ടറുടെ അനുമതി വേണം.
എന്നാല്‍ പുനര്‍ നിര്‍മാണ അനുമതി നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായും ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ചട്ടങ്ങളില്‍ മാറ്റം വരുത്താനാവശ്യപ്പെടുമെന്നും കണ്ണൂരില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ വഖഫ് ബോര്‍ഡിന്റെ മേഖലാ ഓഫീസ് സ്ഥാപിക്കുക, മഞ്ചേശ്വരം ജൈനമത ദേവാലയത്തിന്റെ അന്യാധീനപ്പെട്ട സ്ഥലം വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഡ്വ. ബി കെ മാഹിന്‍ നല്‍കിയ പരാതി സര്‍ക്കാറിന് സമര്‍പ്പിക്കാനും കമ്മീഷന്‍ തീരുമാനിച്ചു.
ബല്ലാ കടപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്യായമായി കേസ് എടുത്തതായി ആരോപിച്ചുകൊണ്ട് ലഭിച്ച പരാതിയില്‍ പരാതിക്കാരന്‍ മാരകായുധങ്ങളുമായി പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് സിറ്റിംഗില്‍ പോലീസ് മറുപടി നല്‍കി. ഹൊസ്ദുര്‍ഗ് താലൂക്കിലെ മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ നൂറുല്‍ ഇസ്‌ലാം മദ്രസ നിലനില്‍ക്കുന്ന സ്ഥലം സര്‍ക്കാറില്‍ നിന്ന് വിട്ടു കിട്ടണമെന്ന പരാതിയില്‍ വില്ലേജില്‍ പകരം ഭൂമി കണ്ടെത്തി ഡിസ്‌ലൊക്കേഷന്‍ സമര്‍പ്പിക്കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി കാസര്‍കോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
ആകെ 44 കേസുകള്‍ പരിഗണിച്ചതില്‍ 3 എണ്ണം തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, അംഗങ്ങളായ വി വി ജോഷി, കെ പി മറിയുമ്മ സംബന്ധിച്ചു. അടുത്ത സിറ്റിംഗ് ഒക്‌ടോബര്‍ 13ന് കാസര്‍കോട് നടത്തും.