Connect with us

Kerala

എന്‍ സി സി കേഡറ്റിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Published

|

Last Updated

കോഴിക്കോട്: വെസ്റ്റ്ഹില്‍ മിലിറ്ററി ബാരക്‌സില്‍ പരിശീലനത്തിനിടെ എന്‍ സി സി കേഡറ്റിനു വെടിയേറ്റതു തൊട്ടടുത്തു നിന്നാണെന്നു പ്രാഥമിക നിഗമനം.
നിലത്തു കുത്തിയിരുന്നു തോക്കു ഉപയോഗിക്കുന്നതിനിടെ ഉതിര്‍ന്ന വെടിയാവാം ശരീരത്തിലേറ്റതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ദൂരെ നിന്ന് വെടിയേറ്റാലുണ്ടാവുന്ന ക്ഷതങ്ങളോ പ്രഹരമോ ആയിരുന്നില്ല കേഡറ്റിന്റെ മൃതദേഹത്തിലുണ്ടായിരുന്നത്. അതേ സമയം എത്ര അകലത്തു നിന്നാണെന്നു വ്യക്തമായിട്ടില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥനായ നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷനര്‍ ജോസി ചെറിയാന്‍ പറഞ്ഞു. ആന്തരിക രക്തസ്രാവമാണു മരണത്തിനു കാരണമായത്. സംഭവത്തില്‍ വിദഗ്ധ പരിശോധനക്കായി കേഡറ്റ് ഉപയോഗിച്ച റൈഫിളും പെല്ലറ്റും ശരീരത്തില്‍ നിന്ന് ലഭിച്ച ബുള്ളറ്റും തിരുവനന്തപുരം ഫോറന്‍സിക് ആസ്ഥാനത്തുള്ള ബാലസ്റ്റിക് വിഭാഗത്തിനു കൈമാറും. കേഡറ്റിന്റെ കൈയില്‍ നിന്നാണു വെടിയുതിര്‍ന്നതെന്ന വാദം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. ഫോറന്‍സിക് വിഭാഗത്തിലെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ ഇക്കാര്യം വ്യക്തമാവും. വലതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ലെന്‍സിനു നടുവിലൂടെ നെട്ടല്ലിനു സമീപത്തു കൂടെയാണു പിറകു ഭാഗത്ത് എത്തിയത്.
അതേ സമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കേഡറ്റിന്റെ ബന്ധുക്കള്‍ ആരോപിച്ചു. അടുത്തു നിന്ന് വെടിയുര്‍തിര്‍ത്താല്‍ ശരീരത്തില്‍ നിന്ന് വെടിയുണ്ട പുറത്തേക്കു പോവുമെന്നാണു ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം വെസ്റ്റ്ഹില്‍ മിലിറ്ററി ബറാക്‌സില്‍ വച്ചാണു കൊല്ലം പട്ടാഴി വടക്കേക്കര പത്തനാപുരം മാലൂര്‍ കോളജിനടുത്തു ശ്രീഹരിയില്‍ രമാദേവിയുടെ മകന്‍ ധനുഷ് കൃഷ്ണ (19) വെടിയേറ്റു മരിച്ചത്.

Latest