Connect with us

Kerala

ലൈറ്റ് മെട്രോ: കേന്ദ്ര മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോക്ക് കേന്ദ്രാനുമതി ലഭ്യമാക്കുന്നതിന്റെ നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വകുപ്പ് മന്ത്രിയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ നേരത്തെ കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര മന്ത്രിയെ നേരിട്ടു കണ്ട് അനുമതി വാങ്ങാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചില സംശയങ്ങള്‍ ഉന്നയിക്കുന്നതില്‍ അടിസ്ഥാനമില്ല. ഇതുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. കേന്ദ്രാനുമതി ലഭിക്കുമെന്ന വിശ്വാസത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും. ലൈറ്റ് മെട്രോ ഡി എം ആര്‍ സിയെ ഏല്‍പ്പിക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പദ്ധതി രേഖ തയ്യാറാക്കിയതടക്കം ഇതു വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്തതും ഡി എം ആര്‍ സി ആണ്. കൊച്ചി മെട്രോയുടെ അതേ മാതൃകയിലാണ് പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. കേന്ദ്രാനുമതി ലഭിച്ച ശേഷം മറ്റു നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കോടി രൂപ വരെയുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് വകുപ്പ് തലത്തില്‍ ബിറ്റ്മിന്‍ (ടാര്‍) അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആലപ്പുഴ തുറമുഖത്തെ 279 തൊഴിലാളികള്‍ക്ക് ഓണത്തിനു കഴിഞ്ഞ വര്‍ഷത്തേത് പോലെ 5000 രൂപ ബോണസും രണ്ടാഴ്ചത്തെ സൗജന്യ റേഷനും നല്‍കും. ഇടുക്കി പീരുമേട് ബോണാമി, കോട്ടമല എസ്‌റ്റേറ്റുകളിലെയും തിരുവനന്തപുരം ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന്‍സിലെയും തൊഴിലാളികള്‍ക്കും രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കും.
ജില്ലാപഞ്ചായത്തുകള്‍ക്കു കൈമാറിയ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റീസ് റ്റു ആനിമല്‍സി (എസ് പി സി എ) ലെ 12 ജീവനക്കാരുടെ ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് എം പിക്ക് ചികിത്സക്ക് എല്ലാ സഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.