Connect with us

Gulf

പ്രതീക്ഷയുടെ ചിറകുകള്‍ നല്‍കുന്ന സന്ദര്‍ശനം

Published

|

Last Updated

ആഗോളവല്‍കരണത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച്, വന്‍തോതില്‍ വിദേശ നിക്ഷേപം ഇന്ത്യയിലെത്തിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തു തന്നെ ഇന്ത്യ ശ്രമം ആരംഭിച്ചിരുന്നു. പ്രതിരോധ മേഖലയിലടക്കം വിദേശ നിക്ഷേപം ആകാമെന്നാണ് നരേന്ദ്രമോദി ഭരണകൂടത്തിന്റെയും നിലപാട്. ഏതാണ്ട് ഒരു ട്രില്യണ്‍ (ദശലക്ഷം കോടി) ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
യു എ ഇയില്‍ നിന്ന് ഇന്ത്യയിലെത്തിയ 800 കോടി ദിര്‍ഹത്തില്‍ ഭൂരിഭാഗവും നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ). ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന പ്രമുഖ പത്തു രാജ്യങ്ങളില്‍ യു എ ഇ ഉള്‍പെടും. നിര്‍മാണ മേഖലയിലാണ് കൂടുതല്‍. യു എ ഇയുടെ മൊത്തം നിക്ഷേപത്തിന്റെ 15.52 ശതമാനം. ഊര്‍ജ മേഖലയില്‍ 13.09 ശതമാനം.
ഇമാര്‍, ഡി പി വേള്‍ഡ്, അബുദാബി നാഷനല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനി, അബുദാബി നാഷനല്‍ എനര്‍ജി കമ്പനി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അബുദാബി നാഷനല്‍ എനര്‍ജി കമ്പനി, കെഫ് ഹോള്‍ഡിംഗ്‌സ്, റാസല്‍ ഖൈമ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഇത്തിഹാദ് എയര്‍വേസ്, അബ്രാജ് ഗ്രൂപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തി.
അതേ സമയം, ഇന്ത്യയില്‍ നിന്ന് തിരിച്ചും നിക്ഷേപം ഒഴുകി. ഇന്ത്യ കഴിഞ്ഞാല്‍ നിക്ഷേപത്തിന് ഏറ്റവും വിശ്വസിക്കാവുന്നത് മേഖല ഗള്‍ഫ് ആണെന്ന് ഇന്ത്യയിലുള്ളവര്‍ കരുതുന്നു. 5,500 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇങ്ങോട്ടെത്തിയത്. ഇന്ത്യയിലെ വന്‍കിട കമ്പനികളില്‍ മിക്കവയും യു എ ഇയിലെത്തി.
2014-15ല്‍ 3,300 കോടി ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് യു എ ഇയിലെത്തിയത്. 2030 വരെ ഇന്ത്യന്‍ ഇറക്കുമതി നിര്‍ബാധം തുടരും.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവെക്കണമെന്ന് ഇരു മേഖലകളും ആഗ്രഹിക്കുന്നു. വാണിജ്യ, ഊര്‍ജ, പ്രതിരോധ രംഗങ്ങളില്‍ ഇരുകൂട്ടര്‍ക്കും പരസ്പരം വിശ്വസിക്കാവുന്ന സാഹചര്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇയിലെത്തുമ്പോള്‍ ഈ ബന്ധം ഊട്ടിയുറപ്പിക്കപ്പെടും.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാനവശേഷി കയറ്റി അയക്കുന്നതില്‍ പതിറ്റാണ്ടുകളായി ഇന്ത്യയാണ് മുന്നില്‍. ചരിത്രപരമായ തുടര്‍ച്ചയാണത്. കേരളീയരാണ് ആദ്യം കൂട്ടത്തോടെ ഗള്‍ഫില്‍ എത്തിയത്. സാക്ഷരത നേടിയതും ലോകത്തിന്റെ വൈവിധ്യതയെ ഉല്‍ക്കൊള്ളാന്‍ തയ്യാറായതും കേരളീയര്‍ക്ക് ഗുണമായി. മലയാളക്കരക്ക് അപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്നും അവിടെയും ജീവിതോപാധി കണ്ടെത്താന്‍ കഴിയുമെന്നും കേരളീയരുടെ പൊതുവിജ്ഞാനം സഹായകമായി.
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ യു എ ഇയിലെത്തി. 26 ലക്ഷം പേരെന്ന് ഔദ്യോഗിക കണക്ക്. മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തിലേറെ. ഇന്ത്യക്കാരില്‍ 40 ശതമാനം മലയാളികള്‍.
വലിയ രാജ്യമായ സഊദിയിലുള്ളതിനെക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ യു എ ഇയിലുണ്ട്. അതില്‍ വാണിജ്യപ്രമുഖരും ഉദ്യോഗസ്ഥരും തൊഴിലാളികളും ഉള്‍പെടും. അവര്‍ നാട്ടിലേക്ക് മാസാമാസം പണമയക്കുന്നു. കുടുംബത്തെയും നാടിനെയും സമൃദ്ധമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍, അവരുടെ പ്രതീക്ഷകള്‍ ഏറെയാണ്.

Latest