ആര്‍ ടി എയുടെ സ്മാര്‍ട് പാര്‍ക്കിംഗ് ആപിന് വന്‍ സ്വീകാര്യത

Posted on: August 12, 2015 10:08 pm | Last updated: August 12, 2015 at 10:08 pm
SHARE

Smart Parking App-jpegദുബൈ: ഈ വര്‍ഷം ആദ്യത്തെ ആറുമാസം 1,24,466 ലക്ഷം ആളുകള്‍ സ്മാര്‍ട് പാര്‍ക്കിംഗ് ആപ് ഉപയോഗിച്ചതായി ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റൂള്‍സ് ഏജന്‍സി പാര്‍ക്കിംഗ് വിഭാഗം മേധാവി ആദില്‍ അല്‍ മര്‍സൂഖി അറിയിച്ചു. ഇതേ കാലയളവില്‍ 2,83,000 ഇടപാടുകളാണ് ഇതിലൂടെ നടന്നത്. സ്മാര്‍ട് ആപ്ലിക്കേഷന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യു എ ഇ ഭരണകൂടത്തിന്റെ സ്മാര്‍ട് പദ്ധതികളുടെ ഭാഗമായിട്ടാണ് നിരവധി സ്മാര്‍ട് ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചത്. സ്മാര്‍ട് ഫോണുകള്‍ വഴി പാര്‍ക്കിംഗ് ടിക്കറ്റ് ലഭ്യമാകുന്നു എന്നതാണ് സ്മാര്‍ട് പാര്‍ക്കിംഗ് ആപിന്റെ പ്രധാന സവിശേഷത. 2.61 ലക്ഷം ഇ-പാര്‍ക്കിംഗ് ടിക്കറ്റുകള്‍ സ്മാര്‍ട് ഫോണുകള്‍ വഴി നല്‍കാന്‍ കഴിഞ്ഞു. 22,577 ഇടപാടുകള്‍ വാലെ പാര്‍ക്കിംഗിനു വേണ്ടി നല്‍കുകയുണ്ടായി. 1.24 ലക്ഷം ഡൗണ്‍ലോഡുകളാണ് സ്മാര്‍ട് ഫോണ്‍ വഴി നടന്നത്. സാങ്കേതിക സൗഹൃദ പദ്ധതികള്‍ ആര്‍ ടി എയുടെ ഭാഗത്ത് നിന്നു ഇനിയും ഉണ്ടാകും. ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരേപോലെ പ്രയോജനകരമാണ് സ്മാര്‍ട് പാര്‍ക്കിംഗ് ആപ്. പാര്‍ക്കിംഗ് മേഖലയിലെ കോഡ് വഴി പാര്‍ക്കിംഗിന് ടിക്കറ്റെടുക്കാമെന്നതാണ് ഇതിന്റെ സൗകര്യം. ഓരോ മേഖലയിലും അതാത് മേഖലയുടെ സോണ്‍ കോഡ് പ്രദര്‍ശിപ്പിച്ചിരിക്കും. ഇത് നോക്കി ഒരു സന്ദേശം അയച്ചാല്‍ പാര്‍ക്കിംഗ് ടിക്കറ്റ് ലഭ്യമാകും. ബഹുനില പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടോ എന്നതും ആപ്പ് വഴി അറിയാന്‍ കഴിയും. ദുബൈ മാളിലെ പാര്‍ക്കിംഗ് സൗകര്യം സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴി അന്വേഷിക്കുന്നവര്‍ ധാരാളമാണ്. മറ്റു എമിറേറ്റുകളിലെ വാഹനങ്ങല്‍ക്കും ഇ- ടിക്കറ്റ് ലഭ്യമാണ്. സമയവും ലാഭിക്കാനും ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താമെന്നും മര്‍സൂഖി പറഞ്ഞു.