കാര്‍ഗോ പ്രതിസന്ധി: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ സാധ്യത തേടുന്നു

Posted on: August 12, 2015 9:00 pm | Last updated: August 12, 2015 at 9:42 pm
SHARE

ദുബൈ: ഗള്‍ഫില്‍ നിന്നു നാട്ടിലേക്കുള്ള ഡോര്‍ ടു ഡോര്‍ എയര്‍ കാര്‍ഗോ സര്‍വീസിലെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ഡല്‍ഹിയില്‍ മാത്രമാണ് കാര്‍ഗോ നീക്കം നടക്കുന്നത്. മുംബൈയില്‍ ഇപ്പോഴും പാര്‍സലുകള്‍ കെട്ടിക്കിടക്കുകയാണ്. മുംബൈയില്‍ 600 ടണ്‍ പാര്‍സലുകള്‍ കെട്ടിക്കിടക്കുന്നു. അബുദാബി, ഷാര്‍ജ, ദുബൈ എമിറേറ്റുകളില്‍ 200 ഓളം കാര്‍ഗോ കമ്പനികള്‍ പ്രതിസന്ധിയിലാണ്. ഇവിടെ ആയിരത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരുടെ ജോലി അനിശ്ചിതത്വത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ നിവേദനം നല്‍കാനുള്ള സാധ്യത നോക്കുകയാണ് കാര്‍ഗോ അസോസിയേഷന്‍.
സ്വര്‍ണവും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കടത്തുന്നതു തടയാന്‍ പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്. കാര്‍ഗോ കെട്ടിക്കിടക്കുന്നതായി പലവട്ടം പരാതി ഉയര്‍ന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ നീക്കമില്ല. ഓരോ പായ്ക്കറ്റും സൂക്ഷ്മപരിശോധനക്കുശേഷം പുറത്തുവിട്ടാല്‍ മതിയെന്നാണു നിര്‍ദേശം. എന്നാല്‍, ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതെയും സൗകര്യങ്ങള്‍ ഒരുക്കാതെയും കാര്‍ഗോ സാധനങ്ങള്‍ പിടിച്ചിടുകയാണെന്നു പ്രവാസികളും കാര്‍ഗോ സ്ഥാപനങ്ങളും ആരോപിക്കുന്നു.
ഏതാനും ദിവസം കഴിഞ്ഞാല്‍ കേടാകുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ മുതല്‍ വിവാഹവസ്ത്രങ്ങളും പുസ്തകങ്ങളും ഭിന്നശേഷിയുള്ളവര്‍ക്കുള്ള ഉപകരണങ്ങളും വരെയുള്ള നൂറുകണക്കിനു പാഴ്‌സലുകള്‍ മാസങ്ങളായി കെട്ടിക്കിടക്കുകയാണ്. 50 കിലോ വരെയുള്ള ചെറിയ പായ്ക്കറ്റുകള്‍ പോലും ഉടമസ്ഥര്‍ക്കു വിതരണം ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here