Connect with us

Gulf

പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്ന ലോകത്തിലെ മികച്ച രാജ്യം യു എ ഇ

Published

|

Last Updated

ദുബൈ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസി പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്ന രാജ്യം യു എ ഇയെന്ന്. ലോകം മൂഴുവന്‍ 38 കോടി അംഗങ്ങളുള്ള ഓണ്‍ലൈന്‍ സൈറ്റായ ലൈക്ക്ഡ്ഇന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിദേശ രാജ്യങ്ങള്‍ക്കിടിയില്‍ പ്രൊഫഷണലുകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യവും യു എ ഇയാണ്.
ക്യാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവയെ പിന്തള്ളിയാണ് യു എ ഇ ഒന്നാമതെത്തിയിരിക്കുന്നത്. 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടയിലാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. ഈ കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകള്‍ എത്തിയ രാജ്യവും യു എ ഇയാണ്. ഇന്ത്യ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും പ്രൊഫഷണലുകള്‍ കൊഴിയുന്നത്. മികച്ച തൊഴില്‍ അന്തരീക്ഷവും ഭേദപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രൊഫഷണലുകളെ യു എ ഇയിലേക്ക് ആകര്‍ഷിക്കുന്നത്. പ്രധാനമായും ആര്‍കിടെക്ച്ചര്‍, എന്‍ജീനിയറിംഗ്, ഫിനാന്‍ഷ്യല്‍ തുടങ്ങിയ മേഖലകളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നത്.
മാര്‍ക്കറ്റിംഗ് സ്‌പെഷലിസ്റ്റ്‌സ്, പ്രോജക്ട് മാനേജര്‍, ഫിനാന്‍സ് സ്‌പെഷലിസ്റ്റ്, എക്കൗണ്ടന്റ്, കണ്‍സള്‍ട്ടന്റ്, സെയില്‍സ്, മെക്കാനിക്കല്‍ എന്‍ജീനിയര്‍ തുടങ്ങിയ തസ്തികകളിലാണ് ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകള്‍ ജോലിക്ക് കയറുന്നത്. ഇത് രണ്ടാം തവണയാണ് യു എ ഇക്ക് ഈ ബഹുമതി ലഭിക്കുന്നതെന്ന് ലൈക്ക്ഡ്ഇന്‍ മിന മേഖലാ ടാലന്റ് സൊല്യൂഷന്‍സ് ഹെഡ് അലി മത്തര്‍ വ്യക്തമാക്കി. മിന മേഖലയില്‍ നിന്നു മാത്രം സൈറ്റില്‍ 1.6 കോടി പ്രൊഫഷണലുകള്‍ അംഗങ്ങളാണ്. യു എ യുടെ കണക്കെടുത്താല്‍ 20 ലക്ഷം പ്രൊഫഷണലുകളാണ് അംഗങ്ങള്‍. യു എ ഇയിലേക്ക് ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. യു കെ, യു എസ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ പ്രൊഫഷണലുകള്‍ യു എ ഇയിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest