Connect with us

Gulf

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ ലഭിക്കില്ലെന്ന് ഡി എച്ച് എ

Published

|

Last Updated

ദുബൈ: മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് താമസ വിസയും സന്ദര്‍ശന വിസയും ലഭിക്കില്ലെന്ന് ഡി എച്ച് എ മുന്നറിയിപ്പ് നല്‍കി. എല്ലാ വിഭാഗം കമ്പനികളും അടുത്ത വര്‍ഷം ജൂണ്‍ മാസത്തിനകം ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭ്യമാക്കണമെന്ന് ഡി എച്ച് എ നേരത്തെ നിര്‍ദേശിച്ചിരുന്നു. പുതിയ വിസക്കോ, സന്ദര്‍ശന വിസക്കോ അപേക്ഷിക്കുന്നവര്‍ മെഡിക്കല്‍ ഇന്‍ഷ്വാറന്‍സ് രേഖകള്‍ ഹാജരാക്കിയാലെ വിസ അനുവദിക്കൂവെന്നും ഡി എച്ച് എ വ്യക്തമാക്കിയിട്ടുണ്ട്. ദുബൈയില്‍ ഘട്ടം ഘട്ടമായാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പാക്കുന്നത്. ജൂണ്‍ 2016ലാണ് ഇതില്‍ അവസാന ഘട്ടം പൂര്‍ത്തിയാവുക. ഈ വിഭാഗത്തില്‍ ഉള്‍പെടുന്ന ചെറുകിട സ്ഥാപനങ്ങള്‍ ഒഴികേയുള്ളവക്കാണ് നിയമം നിലവില്‍ ബാധകമാവുക. നൂറോ അതില്‍ താഴെയോ ജോലിക്കാരുള്ള സ്ഥാപങ്ങള്‍ക്ക് ഈ മാസമാണ് ജീവനക്കാര്‍ക്ക് ഇന്‍ഷ്വാറന്‍സ് പരിരക്ഷ ഉറപ്പാക്കാനുള്ള അവസാനം സമയം.
വിസ പുതുക്കുകയോ പുതിയ വിസക്കോ, സന്ദര്‍ശന വിസക്കോ അപേക്ഷിക്കുകയോ ചെയ്യുന്നവര്‍ ഇന്‍ഷ്വാറന്‍സ് ഉറപ്പാക്കിയതുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡി എച്ച് എ വ്യക്തമാക്കി. ഇന്‍ഷ്വാറന്‍സ് കമ്പനി വിസക്കായി അപേക്ഷിക്കുന്ന ആള്‍ക്കോ, വിസ പുതുക്കുന്ന ആള്‍ക്കോ, സന്ദര്‍ശന വിസ ആവശ്യമുള്ള ആള്‍ക്കോ മെഡിക്കല്‍ ഇന്‍ഷ്വാറന്‍സ് ഉറപ്പാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപ്പെടുത്തുന്ന കേസുകളില്‍ മാത്രമേ വിസ അനൂവദിക്കൂവെന്ന് ഡി എച്ച് എ ഹെല്‍ത് ഫണ്ടിംഗ് ഡയറക്ടര്‍ ഹൈദര്‍ അല്‍ യൂസുഫ് വ്യക്തമാക്കി. എല്ലാ ഇന്‍ഷ്വാറന്‍സ് കമ്പനികളും ഇന്‍ഷ്വാര്‍ ചെയ്തവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭ്യമാക്കേണ്ടതാണെന്നും അല്‍ യൂസുഫ് ഓര്‍മിപ്പിച്ചു. വിസക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മെഡിക്കല്‍ ഇന്‍ഷ്വാറന്‍സ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് ചേര്‍ക്കാനുള്ള സംവിധാനം വിസാ അപേക്ഷകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് വെക്കാതിരുന്നാല്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനാവില്ല. വിസക്കായി താമസ-കുടിയേറ്റ വിഭാഗത്തില്‍ സമീപിക്കുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാതെ അപേക്ഷ സമര്‍പിക്കാനുമാവില്ല. കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ കേസില്‍ പ്രസ്തുത കമ്പനിയാണ് ഇത്തരം കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. സന്ദര്‍ശകരായി ദുബൈയില്‍ എത്തുന്നവര്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡി എച്ച് എ സമഗ്രമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇന്‍ഷ്വാറന്‍സ് ഉറപ്പാക്കുന്നിതിന്റെ അവസാന ഘട്ടത്തില്‍ ഇതേക്കുറിച്ച് പ്രഖ്യാപിക്കും. താമസ-കുടിയേറ്റ വകുപ്പിന്റെ സൈറ്റില്‍ വിസക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ഇന്‍ഷ്വാറന്‍സ് ഉറപ്പാക്കിയിട്ടുണ്ട്.