ലളിത് ഗേറ്റ് വിവാദം: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജ്

Posted on: August 12, 2015 5:25 pm | Last updated: August 12, 2015 at 11:41 pm
SHARE

SUSHAMA SWARAJ

ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സോണിയാ ഗാന്ധിയെ അടക്കം വ്യക്തിപരമായി വിമര്‍ശിച്ചാണ് സുഷമ പ്രതിപക്ഷ പ്രതിഷേധത്തെ എതിരിട്ടത്. ലളിത് മോദിയുടെ വിഷയത്തില്‍ തനിക്ക് ഭിന്ന താല്‍പര്യങ്ങളില്ല. താനോ കുടുംബമോ മോദിയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല. കാന്‍സര്‍ ബാധിതയായ മോദിയുടെ ഭാര്യയെ സഹായിച്ചത് കുറ്റമാണെങ്കില്‍ ആ കുറ്റം താന്‍ ഏല്‍ക്കുന്നുവെന്നും സുഷമ പറഞ്ഞു.

തനിക്കല്ല പി ചിദംബരത്തിനാണ് ലളിത് മോദി വിഷയത്തില്‍ ഭിന്നതാല്‍പര്യമുള്ളത്. യു പി എ അധികാരത്തിലിരുന്ന നാലു വര്‍ഷക്കാലം മോദിക്കെതിരെ എന്ത് അന്വേഷണമാണ് നടന്നതെന്ന് സുഷമ ചോദിച്ചു. ഒക്ടോവിയോ ക്വത്‌റോച്ചിയേയും വാറന്‍ ആന്‍ഡേഴ്‌സണേയും നാടുകടത്താന്‍ സഹായിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.

ക്വത്‌റോച്ചിയില്‍ നിന്ന് രാജീവ് ഗാന്ധി എത്ര പണം വാങ്ങിയെന്ന് രാഹുല്‍ അമ്മയോട് ചോദിക്കണം. ഇടക്കിടെ അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോവുന്ന രാഹുല്‍ അടുത്ത തവണ അവധിക്ക് പോയി തനിച്ചിരിക്കുമ്പോള്‍ തന്റെ കുടുംബത്തിന്റെ ചരിത്രം പഠിക്കാന്‍ കൂടി സമയം കണ്ടെത്തണമെന്നും സുഷമ പരിഹസിച്ചു.