Connect with us

Malappuram

അമിതവണ്ണം കുറക്കാനെത്തിയ ബഹ്‌റൈന്‍ സ്വദേശിക്ക് വിജയകരമായ ശസ്ത്രക്രിയ

Published

|

Last Updated

പെരിന്തല്‍മണ്ണ: 285 കിലോ തൂക്കം വരുന്ന ബഹ്‌റൈന്‍ സ്വദേശി അഹമ്മദ് അലി അഹമ്മദ് അലിസല്‍മാന്‍ (30) പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ബെറിയാട്രിക് ആന്‍ഡ് മെറ്റബോളിക് സര്‍ജറി സെന്ററില്‍ അമിതവണ്ണത്തിനുള്ള ലാപറോസ്‌കോപ്പിക് മിനി ഗ്യാസ്റ്റിക് ബൈപാസ് സര്‍ജറി ആശുപത്രിയിലെ ചീഫ് ബെറിയാട്രിക് ആന്‍ഡ് മെറ്റബോളിക് സര്‍ജന്‍ ഡോ. മുഹമ്മദ് ഇസ്മാഈലിന്റെ നേതൃത്വത്തില്‍ വിജയകരമായി നടത്തി.
ദക്ഷിണേന്ത്യയില്‍ തന്നെ ഇത്രയും തൂക്കം വരുന്ന ഒരാളെ ഈ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത് ആദ്യമായാണെന്ന് ഡോ. ഇസ്മാഈല്‍ പറഞ്ഞു. അമിതവണ്ണം മൂലം നടക്കുവാനോ ദൈനംദിനചര്യകള്‍ നടത്തുവാനോ കഴിയാതെ ജീവിതം തന്നെ ഒരു ഭാരമായി തോന്നിയിരുന്ന അലിസല്‍മാനെ പയോളിയിലെ ഹമീദ് എന്നയാളാണ് ഇവിടെയെത്തിച്ചത്.
220 കിലോ തൂക്കം വരുന്ന ഒരാളെ ഇതിന് മുമ്പ് ഇത്തരം സര്‍ജറിക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അലിസല്‍മാന് എട്ടോ പത്തോ വയസ് വരെ ശാരീരികമായി യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പിന്നീടാണ് ക്രമേണ ജീവിതശൈലികളില്‍ പോലും മാറ്റം വരുംവിധം ശരീരം വണ്ണം വെക്കാന്‍ ആരംഭിച്ചത്. ഇയാളുടെ കിടത്തം തറയിലായിരുന്നു. 300 കിലോ ഭാരം താങ്ങാന്‍ കഴിവുള്ള പ്രത്യേക ടേബിള്‍ ഒരുക്കിയാണ് ശസ്ത്രക്രിയ നടത്തിയത്.
രണ്ട് മണിക്കൂറോളം സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നാലോ അഞ്ചോ മാസം കൊണ്ട് ഏകദേശം ഒരു നൂറ് കിലോവെങ്കിലും തൂക്കം കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഭക്ഷണം കഴിക്കുന്നത് കുറയുകയും കഴിക്കുന്ന ഭക്ഷണം ആഗിരണം ചെയ്യുന്നത് കുറയുകയും ചെയ്യുന്നതോടെ വണ്ണവും തൂക്കവും ശരിയായ തോതിലാകുമെന്ന് ഡോ.മുഹമ്മദ് ഇസ്മാഈല്‍, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സീതി, അഡ്മിനിസ്‌ട്രേറ്റര്‍ രാംദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. മുഹമ്മദ് ശരീഫ്, ഡോ. ഹാഫിസ് അന്‍സാരി എന്നിവര്‍ സര്‍ജന്മാരും മുഖ്യ അനസ്‌തേഷ്യോളജിസ്റ്റ് ഡോ. ശശിധരന്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest