ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി സെപ്തംബര്‍ മൂന്നിന് നാടിന് സമര്‍പ്പിക്കും

Posted on: August 12, 2015 11:00 am | Last updated: August 12, 2015 at 11:00 am
SHARE

നിലമ്പൂര്‍: ജില്ലയിലെ ആദ്യത്തെ ചെറുകിട ജൈലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ പദ്ധതി സെപ്തംബര്‍ മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും.
വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. കെ എസ് ഇ ബി യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സ്വാഗത സംഘം രൂപവത്കരിച്ചു. കഴിഞ്ഞ മാസം മുതല്‍ പദ്ധതിയില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പ്പാദനം നടന്നുവരികയാണ്. മെയ് ഏഴിന് പ്ലാന്റ് വിജയകരമായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. 3.5 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദനമാണ് പദ്ധതി നോക്കി കാണുന്നത്.
ഒന്നര മെഗാവാട്ടിന്റെ രണ്ട് മോട്ടോറുകളും അര മെഗാവാട്ട് ശേഷിയുള്ള ഒരു മോട്ടോറും ഉള്‍പ്പെടെ മൂന്ന് മോട്ടോറുകളാണ് പവര്‍ ഹൗസില്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ മൂന്ന് മോട്ടോറുകളും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. നിലമ്പൂര്‍ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം ഇപ്പോള്‍ നടന്നുവരുന്നുണ്ട്.
പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം വിജയകരമായിരുന്നു. കാഞ്ഞിരപ്പുഴയുടെ ജലലഭ്യത മുതലെടുത്താണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 2005 ല്‍ ആര്യാടന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ആഢ്യാന്‍പാറ പദ്ധതിക്ക് തുടക്കം കുറിച്ചത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായ സമയത്താണ് തിരഞ്ഞെടുപ്പ് വരുന്നത്. അതുകൊണ്ട് തന്നെ പദ്ധതിയുടെ തുടര്‍ പ്രവൃത്തി നടത്താനായില്ല. 2007 ല്‍ പുതിയ ഗവണ്‍മെന്റ് വന്നപ്പോള്‍ വൈദ്യുതി വകുപ്പ് മന്ത്രിയായ എ കെ ബാലന്‍ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പക്ഷേ പ്രവൃത്തി മുടങ്ങി കിടന്നു.
പിന്നീട് സര്‍ക്കാര്‍ മാറി വീണ്ടും ആര്യാടന്‍ വകുപ്പ് മന്ത്രിയായി വന്നതോടെ പദ്ധതിക്ക് ജീവന്‍ വെച്ചു. ജില്ലയിലെ പ്രമുഖ ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ പ്രൊജക്ടിന്റെ വൃഷ്ടി പ്രദേശത്ത് ഹൈഡല്‍ ടൂറിസം നടപ്പിലാക്കാനും പദ്ധതിയുണ്ട്.
കെ എസ് ഇ ബി ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാവും ടൂറിസം നടപ്പിലാക്കുക. പൂന്തോട്ടം ഉള്‍പ്പെടെയുള്ളവ നിര്‍മിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനുതകുന്ന ടൂറിസമാണ് നടപ്പാക്കുക. ചെരിഞ്ഞ പ്രദേശമായതിനാല്‍ മണ്ണിടിച്ചില്‍ തടയാനുള്ള പദ്ധതി ഉള്‍പ്പെടെയുള്ളവ കാണാനുള്ള അവസരവും ടൂറിസത്തിന്റെ ഭാഗമായി ഒരുക്കും.