ഐസ് പ്ലാന്റ് നിര്‍മാണം: സമരപ്പന്തല്‍ പൊളിച്ചുനീക്കി; സംഘര്‍ഷം

Posted on: August 12, 2015 9:41 am | Last updated: August 12, 2015 at 9:41 am
SHARE

വടകര: അഴിയൂര്‍ മുക്കാളി തൊണ്ടിവയലില്‍ പ്രദേശവാസികളുടെ കുടിവെള്ളം മുടക്കുന്ന രീതിയില്‍ നിര്‍മിക്കുന്ന ഐസ് പ്ലാന്റിനെതിരെ രണ്ട് മാസമായി കുടിവെള്ള സംരക്ഷണ സമിതി നടത്തുന്ന സമരത്തിന്റെ പന്തല്‍ പോലീസ് പൊളിച്ചു നീക്കിയത് സംഘര്‍ഷത്തിനിടയാക്കി.
പോലീസ് സംരക്ഷണത്തോടെ ഐസ് പ്ലാന്റിന്റെ കെട്ടിട നിര്‍മാണം തുടങ്ങിയത് സമര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. ഐസ് പ്ലാന്റ് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഗെയിറ്റ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. 25 പേരെ അറസ്റ്റ് ചെയ്തു. അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംരക്ഷണത്തില്‍ ഇന്നലെകെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനിടയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗം കണ്ടെത്തിയതോടെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കം ചെയ്യാന്‍ കെട്ടിട ഉടമക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി.
മാര്‍ച്ച് നടത്തും
വടകര: മുക്കാളി തൊണ്ടി വയലില്‍ കുടിവെള്ള സംരക്ഷണത്തിനായി സമരം ചെയ്തവരെ മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടകര സി ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ പത്ത് മണിക്ക് അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. ഇന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കാനും സമര സമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. ആര്‍ എം പി, സോഷ്യലിസ്റ്റ് ജനത, സി പി ഐ, ബി ജെ പി, എസ് ഡി പി ഐ എന്നീ സംഘടനകള്‍ അടങ്ങിയ സമര സമിതിയാണ് പ്രക്ഷോഭ രംഗത്തുള്ളത്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വടകര ടൗണില്‍ പ്രകടനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here